നിയമോപദേശം കിട്ടി; പിണറായി വിജയനും റിയാസിനുമെതിരെ അന്വേഷണമാകാം
text_fieldsതിരുവനന്തപുരം: സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി വിഷയത്തിൽ ഇ.ഡിയുടെ ആവശ്യത്തിൻമേൽ അന്വേഷണമാകാമെന്ന് സർക്കാറിന് നിയമോപദേശം. ഇ.ഡി കൈമാറിയ കത്തിന്‍റെയും രേഖകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താമെന്നാണ് അഡ്വക്കേറ്റ് ജനറൽ ആഭ്യന്തരവകുപ്പിന് കൈമാറിയ നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സർക്കാർ ഉടൻ തീരുമാനമെടുക്കും.
വിജിലൻസ് അന്വേഷണത്തിനാണ് കൂടുതൽ സാധ്യത. ഇ.ഡി ചൂണ്ടിക്കാട്ടിയ കാര്യങ്ങളിൽ പലതും അഴിമതി നിരോധന നിയമത്തിന്‍റെ കീഴിൽ വരുന്ന കാര്യമായതിനാൽ വിജിലൻസ് അന്വേഷണമാണ് ഉചിതം. കേസെടുത്തുള്ള അന്വേഷണം വേണമോ, പ്രാഥമികാന്വേഷണം നടത്തി തെളിവുകൾ ശരിയാണെന്ന് കണ്ട് കേസെടുത്ത് തുടരന്വേഷണത്തിലേക്ക് നീങ്ങണമോയെന്ന കാര്യം വിജിലൻസിന് തീരുമാനിക്കാമെന്നും നിയമോപദേശത്തിലുണ്ട്.
മുൻ ഉത്തരവുകളും അന്വേഷണ റിപ്പോർട്ടുകളും അന്വേഷണത്തിന് തടസമാകില്ലെന്നും എ.ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഷയത്തിൽ സർക്കാറിന് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് നിയമോപദേശത്തിൽ വ്യക്തമാക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡി.ജി.പി) നിയമവിദഗ്ധർ എന്നിവരുമായെല്ലാം കൂടിയാലോചിച്ചുള്ള നിയമോപദേശം അഡ്വക്കേറ്റ് ജനറൽ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. നിയമോപദേശം ലഭിച്ചാൽ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നിയമവശങ്ങൾ പരിശോധിച്ച് വൈകാതെ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും വ്യക്തമാക്കിയിരുന്നു. അനുകൂലമായ നിയമോപദേശം ലഭിച്ചതിനാൽ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ, മുൻമന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണമുണ്ടാകുമെന്ന് ഉറപ്പായി.
ഇ.ഡിയുടെ നിർദ്ദേശം പരിഗണിക്കേണ്ടത് വിജിലൻസാണെന്ന നിലപാടാണ് പൊലീസ് ആദ്യമേ കൈക്കൊണ്ടത്. അതിന് പുറമെ കള്ളപ്പണം വെളിപ്പിക്കലും ഹവാല ഇടപാടും ചൂണ്ടിക്കാട്ടിയിട്ടുള്ളതിനാൽ ക്രൈംബ്രാഞ്ചിന് കീഴിലുള്ള ഇക്കണോമിക് ഒഫൻസ് വിങ്ങിനും കേസെടുത്ത് അന്വേഷണം നടത്താനാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സമാനമായ നിയമോപദേശമാണ് അഡ്വക്കേറ്റ് ജനറലും സർക്കാറിന് നൽകിയിട്ടുള്ളത്. ഇ.ഡിയുടെ കത്തിൽ സർക്കാർ നടപടി വൈകുന്നത് വിമർശനത്തിന് കാരണമായിരുന്നു. യു.ഡി.എഫ് സർക്കാറിലെ മന്ത്രിമാരുടെ പേരുകൾ മാസപ്പടിയിലുള്ളതിനാലാണ് അന്വേഷണത്തിന് സർക്കാർ മടിക്കുന്നതെന്നായിരുന്നു ആക്ഷേപം. എന്നാൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ ഈ ആക്ഷേപത്തെ തള്ളി രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

