അമൃതാനന്ദമയി മഠം; ഇടതിന് നയം മാറ്റം
text_fieldsമന്ത്രി സജിചെറിയാനും അമൃതാനന്ദമയിയും
കൊല്ലം: അമൃതാനന്ദമയി മഠവുമായി അടുപ്പം കാണിക്കാത്ത ഇടതുപക്ഷത്തിന്റെ നയം മാറ്റം ചർച്ചയായി. അമൃതാനന്ദമയി മഠത്തെ തള്ളിപ്പറയുകയും മഠത്തിലെ ഒരു മുൻ അന്തേവാസിയുടെ അഭിമുഖം ചാനലിൽ നൽകി മഠത്തെ വെല്ലുവിളിക്കുകയും ചെയ്തവരാണ് പുതിയ മേച്ചിൽപുറം തേടുന്നതിന്റെ ഭാഗമായി മഠത്തെ ആശ്ലേഷിക്കാൻ തുനിഞ്ഞിറങ്ങിയത്.
ശനിയാഴ്ച നടന്ന അമൃതാനന്ദമയിയുടെ ജന്മദിന സമ്മേളനത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും അവിടെ നടന്ന പ്രത്യേക പരിപാടിയിൽ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി സജി ചെറിയാൻ പങ്കെടുത്തു. മാത്രമല്ല, എല്ലാവരെയും ആശ്ലേഷിച്ച് അനുഗ്രഹിക്കുന്ന അമൃതാനന്ദമയിയെ തിരിച്ച് ഉമ്മവെച്ച് അദ്ഭുതപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസകൂടി അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്. അമൃതാനന്ദമയിയുടെ 72ാമത് ജന്മദിനാഘോഷ ചടങ്ങ് ബി.ജെ.പി -കോൺഗ്രസ് നേതാക്കളുടെ സംഗമ വേദിയായിരുന്നു.
മുൻ വർഷങ്ങളിൽ എം.പി എന്ന നിലയിൽ എ.എം. ആരിഫ് മാത്രം ചടങ്ങിന് എത്തുമായിരുന്നു. എം.പി സ്ഥാനം ഇല്ലാതായതോടെ ആരിഫും വന്നില്ല. പതിവിന് വിപരീതമായാണ് തലേന്ന് നടന്ന ചടങ്ങിൽ സംസ്ഥാന സർക്കാറിനെ പ്രതിനിധീകരിച്ച് സി.പി.എം മന്ത്രി എത്തിയത്. വയനാട് ഉരുൾ പൊട്ടൽ മേഖലയിൽ 15 കോടി ചെലവിൽ പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത് നടക്കാതെ പോയത് സർക്കാറിന്റെ സഹകരണ കുറവുകൊണ്ടാണെന്ന് മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞെങ്കിലും സർക്കാറിനെ വിമർശിക്കുന്നതിൽ അദ്ദേഹം മിതത്വം പാലിച്ചിരുന്നു. അതിന് ശേഷമാണ് മന്ത്രി മഠത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

