ഇടതുപക്ഷത്തിന്റെ കരുത്ത് പത്രസമ്മേളന വേദികളിലെ ശബ്ദങ്ങളിലല്ല, ജനങ്ങളുടെ ഹൃദയങ്ങളിൽ പതിഞ്ഞ വിശ്വാസത്തിലാണ് ; ഫേസ്ബുക്ക് കുറിപ്പുമായി പിണറായി വിജയൻ
text_fieldsകോഴിക്കോട് : ഇടതുപക്ഷത്തിന്റെ കരുത്ത് പത്രസമ്മേളന വേദികളിലെ ശബ്ദങ്ങളിലല്ല, ജനങ്ങളുടെ ഹൃദയങ്ങളിൽ പതിഞ്ഞ വിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. വാർത്താസമ്മേളനത്തിൽ സി.പി.എമ്മിന്റെ മുഖപത്രത്തിലെയും ചാനലിലെയും മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യങ്ങൾക്ക് മാത്രമാണ് മുഖ്യമന്ത്രി മറുപടി നൽകിയെന്നാരോപിച്ചായിരുന്നു തർക്കം. വാർത്താസമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രി എഴുന്നേറ്റതിന് പിന്നാലെയായിരുന്നു വാക്കേറ്റമുണ്ടായത്. ഇത് സാമൂഹ്യ മാധ്യമങ്ങളിലും വലിയ ചർച്ചയായി. ഇതിനെ തുടർന്നാണ് പിണറായി വിജയൻ തന്‍റെ ഫേസ്ബുക്ക് പേജിൽ നിലപാട് കുറിച്ചത്.
കേരളമിന്ന് ആത്മവിശ്വാസത്തോടെയും വ്യക്തമായ ദിശാബോധത്തോടെയും മുന്നോട്ടു പോകുന്ന ഘട്ടത്തിലാണെന്നും ഈ മുന്നേറ്റത്തെ അംഗീകരിക്കാൻ കഴിയാത്ത ചിലർ, സത്യങ്ങളെ മറച്ചുവെക്കാനും നുണകൾക്കു നിറം കൊടുക്കാനും ശ്രമിക്കുന്നതു ശക്തിയുക്തം തുടരുകയാണെന്നും പിണറായി പറഞ്ഞു. ഇവിടെയാർക്കും സത്യം മൂടിവെക്കാൻ കഴിയില്ല. ഇവിടെ ജനങ്ങൾ നിശബ്ദരായിരിക്കില്ല. ഇടതുപക്ഷത്തിന്റെ കരുത്ത് പത്രസമ്മേളന വേദികളിലെ ശബ്ദങ്ങളിലല്ല, ജനങ്ങളുടെ ഹൃദയങ്ങളിൽ പതിഞ്ഞ വിശ്വാസത്തിലാണ്. അതുകൊണ്ടാണ് നുണകളുടെ ഘോഷയാത്രകൾക്കെതിരെ ജനങ്ങളുടെ പ്രതികരണം സ്വാഭാവികമായി ഉയരുന്നത്. അത് രാഷ്ട്രീയ മറുപടി മാത്രമല്ല, ഒരു സമൂഹത്തിന്റെയാകെ ജാഗ്രതയാണെന്നും പിണറായി പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
കേരളമിന്ന് ആത്മവിശ്വാസത്തോടെയും വ്യക്തമായ ദിശാബോധത്തോടെയും മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ്. ഈ മുന്നേറ്റത്തെ അംഗീകരിക്കാൻ കഴിയാത്ത ചിലർ, സത്യങ്ങളെ മറച്ചുവെക്കാനും നുണകൾക്കു നിറം കൊടുക്കാനും ശ്രമിക്കുന്നതു ശക്തിയുക്തം തുടരുകയാണ്. എന്നാൽ, ഈ മണ്ണിനൊരു പ്രത്യേകതയുണ്ട്: ഇവിടെയാർക്കും സത്യം മൂടിവെക്കാൻ കഴിയില്ല. ഇവിടെ ജനങ്ങൾ നിശബ്ദരായിരിക്കില്ല. ഇടതുപക്ഷത്തിന്റെ കരുത്ത് പത്രസമ്മേളന വേദികളിലെ ശബ്ദങ്ങളിലല്ല, ജനങ്ങളുടെ ഹൃദയങ്ങളിൽ പതിഞ്ഞ വിശ്വാസത്തിലാണ്. അതുകൊണ്ടാണ് നുണകളുടെ ഘോഷയാത്രകൾക്കെതിരെ
ജനങ്ങളുടെ പ്രതികരണം സ്വാഭാവികമായി ഉയരുന്നത്. അത് രാഷ്ട്രീയ മറുപടി മാത്രമല്ല,
ഒരു സമൂഹത്തിന്റെയാകെ ജാഗ്രതയാണ്.
ഇന്നു ഞാൻ അഭിസംബോധന ചെയ്യുന്നത് രണ്ടു കരുത്തുകളെയാണ്.
ഒന്ന്, ലോകത്തിന്റെ നാനാഭാഗങ്ങളിലിരുന്നുകൊണ്ട്
കേരളത്തിന്റെ നാളെയെക്കുറിച്ച് ചിന്തിക്കുന്ന നമ്മുടെ സഹയാത്രികർ. ദൂരങ്ങൾ നിങ്ങളെ അകറ്റിയിട്ടില്ല, അവ നിങ്ങളെ കൂടുതൽ ബന്ധിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ ഓരോ വാക്കും ഓരോ ഇടപെടലും ഈ മണ്ണിന്റെ തന്നെ സ്പന്ദനമാണ്.
രണ്ട്, ഈ നാട്ടിൽ തന്നെയുള്ള, സ്വന്തം ജീവിതത്തിന്റെ തിരക്കുകളും ഉത്തരവാദിത്തങ്ങളും മാറ്റിവെച്ച് ഇടതുപക്ഷത്തിന്റെ വിജയത്തിനായി
വീഥികളിലും വീടുകളിലും ജനങ്ങളുടെ ഇടയിലും സമൂഹമാധ്യമങ്ങളിലും അഹോരാത്രം ഇടപെടുന്ന സഖാക്കൾ. നിങ്ങളാണ് ഈ പ്രസ്ഥാനത്തിന്റെ ജീവൻ. നിങ്ങളുടെ ചുവടുകളാണ് ഈ യാത്രയുടെ ദിശ.
നിങ്ങളുടെ ആത്മാർത്ഥതയാണ് ഈ പോരാട്ടത്തിന്റെ അടിസ്ഥാനം.
നുണകൾ അതിവേഗത്തിൽ പടരുന്ന കാലമാണിത്. പക്ഷേ സത്യത്തിന് ചിറകുനൽകുന്നത് നിങ്ങളെ പോലുള്ളവരാണ്. അതുകൊണ്ടാണ് കെട്ടുകഥകൾക്ക് ആയുസ്സ് കുറയുന്നത്,
അതുകൊണ്ടാണ് ഇരുട്ടിനെ ഭേദിച്ചുകൊണ്ട് വെളിച്ചമെത്തുന്നത്.
നമ്മൾ ചെയ്യേണ്ടത് വ്യക്തമാണ്. മിണ്ടാതിരിക്കരുത്. അസത്യങ്ങളെ ചോദ്യം ചെയ്യുക. സത്യത്തെ ആത്മവിശ്വാസത്തോടെ ഉറക്കെയുറക്കെ പറയുക. ഇതു വെറും കക്ഷിരാഷ്ട്രീയ പോരാട്ടമല്ല. ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ നിലപാടാണ്.
എവിടെയായാലും, ഏത് സാഹചര്യത്തിലായാലും
ഈ പ്രസ്ഥാനത്തിനു കാവലായി നിൽക്കുന്ന സഖാക്കൾക്കും അനുഭാവികൾക്കും സഹയാത്രികർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യവും. ഐക്യമാണ് നമ്മുടെ കരുത്ത്. സത്യമാണ് നമ്മുടെ ശബ്ദം. ജനങ്ങളുടെ വഴിയാണ് നമ്മുടെ വഴി.
ഈ യാത്ര തുടരാം
കൂടുതൽ ശക്തമായി.
കൂടുതൽ വിശാലമായി.
അടിയുറച്ച ആത്മവിശ്വാസത്തോടെ.
നമ്മളല്ലാതെ മറ്റാര്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

