Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടത് സഹയാത്രികനായ നടൻ...

ഇടത് സഹയാത്രികനായ നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്?; നേതാക്കൾ കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
Actor Premkumar
cancel

തിരുവനന്തപുരം: ആശ സമരത്തിൽ അഭിപ്രായം പറഞ്ഞതിന്‍റെ പേരിൽ മുന്നറിയിപ്പില്ലാതെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കിയതിൽ അനീതി ചൂണ്ടിക്കാട്ടി സർക്കാറിനെ രൂക്ഷമായി വിമർശിച്ച നടൻ പ്രേംകുമാറുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാക്കൾ. സാംസ്കാരിക മേഖലയുമായി ബന്ധമുള്ള തിരുവനനന്തപുരത്തെ നേതാക്കളാണ് പ്രേംകുമാറുമായി ചർച്ച നടത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തിൽ പ്രേംകുമാർ പാർട്ടിയിൽ എത്തിച്ച് ഇരട്ടനീതി വാദം പൊതുജനത്തിന് മുമ്പാകെ ചർച്ചയാക്കുകയാണ് കോൺഗ്രസ് നീക്കത്തിന് പിന്നിൽ.

ചെയർമാനായിരുന്ന സംവിധായകൻ രഞ്ജിത്ത് സർക്കാറിന് തലവേദന ഉണ്ടാക്കിയതിന് പിന്നാലെയാണ് വൈസ് ചെയർമാനായ പ്രേംകുമാറിന് ചലച്ചിത്ര അക്കാദമിയുടെ ചുമതല നൽകിയത്. ആക്ടിങ് ചെയർമാൻ എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് പ്രേംകുമാർ കാഴ്ചവെച്ചത്. സംസ്ഥാന ചലച്ചിത്രമേള മികവോടെ നടത്താനും പ്രേംകുമാറിന് സാധിച്ചു. ആശ സമരത്തെ അനുകൂലിച്ചതിന് പിന്നാലെ പ്രേംകുമാറിനെ മുന്നറിയിപ്പില്ലാതെ മാറ്റിയാണ് റസൂൽ പൂക്കുട്ടിയെ ചെയർമാൻ സ്ഥാനത്തേക്ക് സർക്കാർ കൊണ്ടുവന്നത്.

അതോസമയം, ആശ സമരത്തെ ആദ്യം എതിർത്ത സർക്കാർ പിന്നീട് അവരുടെ ഇൻസെന്‍റീവ് വർധിപ്പിക്കുകയാണ് ചെയ്തത്. എന്നാൽ, ആശ സമരത്തെ കുറിച്ച് വ്യക്തിപരമായ അഭിപ്രായം പറഞ്ഞ പ്രേംകുമാർ സർക്കാറിന്‍റെ അതൃപ്തി നേരിടേണ്ടിവന്നു. ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതിൽ പരിഭവം പറയാതിരുന്ന പ്രേംകുമാർ, തുടർഭരണത്തിനെതിരെ കവി സച്ചിദാനന്ദൻ നടത്തിയ പ്രതികരണത്തിൽ സർക്കാർ മൗനം പാലിച്ചതിന് പിന്നാലെയാണ് പരസ്യമായി രംഗത്ത് വന്നത്.

ഇടത് സർക്കാറിന്‍റെ തുടർ ഭരണത്തിനെതിരെ സംസാരിച്ച സാഹിത്യ അക്കാദമി ചെയർമാൻ കവി സച്ചിദാനന്ദൻ അതേസ്ഥാനത്ത് തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് ഇന്നലെ പ്രേംകുമാർ വിമർശനം ഉയർത്തിയത്. ആദ്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ എതിർപ്പ് പ്രകടിപ്പിച്ച പ്രേംകുമാർ പിന്നീട് നേരിട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.

വീട്ടുവേലക്കാരെ പറഞ്ഞുവിടുമ്പോൾ കാട്ടാറുള്ള സാമാന്യ മര്യാദ പോലും സർക്കാർ കാട്ടിയില്ലെന്നാണ് പ്രേംകുമാർ മാധ്യമങ്ങളോട് പറഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് ഒരു വിവരവുമില്ല. ഈ നിമിഷം വരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടുമില്ല. താൻ ഇതെല്ലാം മറക്കാൻ ശ്രമിച്ച കാര്യങ്ങളാണ്.

എന്നാൽ സർക്കാറിന്‍റെ തുടർ ഭരണത്തിനെതിരെ സംസാരിച്ച സാഹിത്യ അക്കാദമി ചെയർമാൻ അതേസ്ഥാനത്ത് തുടരുന്നതിനെകുറിച്ച് ആലോചിച്ചപ്പോഴാണ് ആശ സമരം പരിഹരിക്കണമെന്ന് പറഞ്ഞതിന്‍റെ പേരിൽ തന്നെ ചലച്ചിത്ര അക്കാദമിയുടെ ചുമതലയിൽ നിന്ന് മാറ്റിയതിൽ സമാന്യനീതിയുടെ ലംഘനമുണ്ടായെന്ന തോന്നലുണ്ടായത്. കവി സച്ചിദാനന്ദനുമായി താരതമ്യം ചെയ്യാൻ താൻ ആളൊന്നുമല്ല.

പക്ഷേ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സാംസ്കാരിക സ്ഥാപനങ്ങളാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയും സാഹിത്യ അക്കാദമിയും. ഈ രണ്ടിന്റെയും ചെയർമാൻ സ്ഥാനംവെച്ചുള്ള താരതമ്യം മാത്രം. ഇക്കാര്യത്തിൽ തന്നോട് ഇരട്ടനീതിയുണ്ടായി. ഇതിന് കാരണം എന്തെങ്കിലും വിധേയത്വമോ വരേണ്യതയോടുള്ള വിനീതത്വമോ ആണോ എന്നൊന്നും തനിക്കറിയില്ലെന്നും പ്രേംകുമാർ പറയുന്നു.

അതേസമയം, പ്രേംകുമാറിന്‍റെ പരാമർശത്തിനെതിരെ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി ഭാരവാഹിത്വത്തിൽ നിന്ന് മാറ്റിയത് അദ്ദേഹത്തിന്റെ നിലപാടുകളുടെയോ അഭിപ്രായ പ്രകടനങ്ങളുടെയോ പേരിലല്ലെന്നും ഭരണസമിതി കാലാവധി പൂർത്തിയായതിനെ തുടർന്നുള്ള സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Leftist colleague actor Premkumar to join Congress?; Met with leaders
Next Story