‘ആർക്കും വേണ്ട ഉപനേതൃ പദവി’; തർക്കം തീർക്കാൻ പുതിയ ഫോർമുല
text_fieldsതിരുവനന്തപുരം: മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുംവിധം വഷളായ സാഹചര്യത്തിൽ പ്രതിപക്ഷ ഉപനേതൃപദവിതന്നെ വേണ്ടെന്നുവെക്കാൻ ആലോചന. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ദേശീയ നേതൃത്വങ്ങളുടെ അനൗദ്യോഗിക ആശയവിനിമയത്തിലാണ് ഇരുകൂട്ടർക്കും പരിക്കില്ലാതെ വിവാദം അവസാനിപ്പിക്കാൻ കഴിയുംവിധം പുതിയ ഫോർമുല ഉരുത്തിരിഞ്ഞത്. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ നേതാക്കളാരും തയാറായില്ല.
ഇരുപക്ഷത്തെയും നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതും പരിധിവിട്ടതും പാർട്ടി മുഖപത്രങ്ങൾ വഴി കൊമ്പുകോർത്തതും മുന്നണിയിടെ പ്രതിഛായയെ ബാധിച്ചെന്നാണ് ദേശീയ നേതൃത്വങ്ങളുടെ വിലയിരുത്തൽ. കനത്ത പരാജയത്തിന്റെ പ്രഹരത്തിൽനിന്ന് കരകയറാനും ജനവിശ്വാസം തിരികെ പിടിക്കാനും ചടുലമായി ഇടപെടേണ്ട ഘട്ടത്തിൽ ഉപനേതൃപദവിയെ ചൊല്ലിയുള്ള പോര് പ്രതിപക്ഷ നിരയെത്തന്നെ ദുർബലമാക്കുകയും ജനസമക്ഷം മുന്നണിയെ പരിഹാസ്യമാക്കുകയും ചെയ്തിട്ടുണ്ട്.
സർക്കാറിനെതിരെ യോജിച്ച പോരാട്ടം നയിക്കേണ്ട സമയത്ത് ഭരണപക്ഷത്തിന് വലിയൊരു രാഷ്ട്രീയ ആയുധം നൽകുന്ന പരസ്യ വിഴുപ്പലക്കലിലേക്ക് തുടർന്നും പോകാൻ സി.പി.എം ദേശീയ നേതൃത്വത്തിന് താൽപര്യമില്ല. മാത്രമല്ല, ഘടകകക്ഷികൾക്കും നിലവിലെ വിവാദങ്ങളിൽ കടുത്ത അമർഷമുണ്ട്. ഇതെല്ലാമാണ് പരിധിവിട്ട തർക്കങ്ങൾക്കൊടുവിൽ ഫോർമുലക്ക് വഴിയൊരുക്കിയത്.
ദേശീയ തലത്തിലുയർന്ന സമവായ നീക്കം സംബന്ധിച്ച് സംസ്ഥാനതല ചർച്ചകളിലൂടെ ധാരണയിലെത്തണമെന്ന കടമ്പ മുന്നിലുണ്ട്.
പദവി കൂടാതെ മുന്നോട്ടുപോകാനാവില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യ നിലപാടെടുത്ത സാഹചര്യത്തിൽ വിശേഷിച്ചും. ‘ഞങ്ങൾക്കില്ലാത്ത പദവി ആർക്കും വേണ്ടെന്ന മേധാവിത്വ കാഴ്ചപ്പാട്’ ഫോർമുലയുടെ കാര്യത്തിലും സി.പി.എം സ്വീകരിക്കുന്നെന്ന വിമർശനം സി.പി.ഐയിലെ ഒരു വിഭാഗത്തിനുണ്ട്. പദവി നിരാകരിച്ചാലും സി.പി.ഐക്ക് നൽകില്ലെന്നത് സി.പി.എം ശാഠ്യമാണെന്ന വിമർശനവും സി.പി.ഐയിലുണ്ട്.
ഇത് പാർട്ടിയുടെ പൊതുലൈനിനെ സ്വാധീനിച്ചാൽ അനുനയത്തിനുള്ള തുടർചർച്ചകൾ വഴിമുട്ടും. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ തങ്ങൾക്ക് ഉപനേതൃപദവിക്ക് അർഹതയുണ്ടെന്ന വാദത്തിൽനിന്ന് പിന്നോട്ടുപോകുന്നത് അണികൾക്കിടയിൽ അവമതിപ്പുണ്ടാക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

