Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടതുപക്ഷത്തിന്റെ നാളുകൾ എണ്ണപ്പെട്ടു; വികസനം തിരുവല്ലയിൽ നിന്നു തുടങ്ങും: നരേന്ദ്ര മോദി

text_fields
bookmark_border
പ്രസംഗം ആരംഭിച്ചത് ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ട്
ഇടതുപക്ഷത്തിന്റെ നാളുകൾ എണ്ണപ്പെട്ടു; വികസനം തിരുവല്ലയിൽ നിന്നു തുടങ്ങും: നരേന്ദ്ര മോദി
cancel

തിരുവല്ല: കേരളത്തിൽ എൽ.ഡി.എഫ് ഭരണത്തിന്റെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിൽ എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല അയ്യപ്പനെ പ്രണമിച്ചും മലയാളത്തിൽ സദസിനെ അഭിസംബോധന ചെയ്തുമാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. തന്നോടൊപ്പം വർഷങ്ങളായുള്ള അനൂപ് ആന്റണിയെ തിരുവല്ലയ്ക്കായി സമർപ്പിക്കുകയാണെന്ന് മോദി പറഞ്ഞു. തിരുവല്ലയിൽ എൻ.ഡി.എ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച മോദി കേരളത്തിലെ വികസന കുതിപ്പിന് തിരുവല്ലയിൽ നിന്ന് തുടക്കമിടുമെന്നും വ്യക്തമാക്കി. ബൂത്ത് തലത്തിലുള്ള പ്രവർത്തകരുമായി സംസാരിച്ചപ്പോൾ തന്നെ ഭരണമാറ്റത്തിനുള്ള ജനങ്ങളുടെ ഒരുക്കം ബോധ്യപ്പെട്ടതായും മോദി കൂട്ടിച്ചേർത്തു.

കേരളത്തിൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വരുമെന്നും വികസനമുരടിപ്പിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കുമെന്നും മോദി പറഞ്ഞു. അനന്തസാധ്യതകളുണ്ടായിട്ടും വികസനകാര്യത്തിൽ കേരളം ഏറെ പിന്നിലായിപ്പോയി. എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ചിട്ടും സംസ്ഥാനത്തിന് ഗുണമുണ്ടായില്ല. കോട്ടയം മെഡിക്കൽ കോളേജിൽ പോലും അടിസ്ഥാന സൗകര്യങ്ങളില്ലാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് പുതിയ റോഡുകളോ പാലങ്ങളോ നിർമ്മിക്കപ്പെടുന്നില്ല. കേന്ദ്രത്തിൽ കോൺഗ്രസ് ഭരിച്ചിരുന്ന കാലത്തേക്കാൾ അഞ്ചിരട്ടി തുകയാണ് തന്റെ സർക്കാർ കേരളത്തിനായി നൽകിയത്. സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തിയാൽ 'ഡബിൾ എഞ്ചിൻ' സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും ജനങ്ങൾക്ക് ലഭിക്കും. വികസനത്തിന്റെ പുതിയ വെളിച്ചം കേരളത്തിലേക്ക് എത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. ക്രൈസ്തവ വിശ്വാസികൾക്ക് മുൻതൂക്കമുള്ള ഗോവയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബി.ജെ.പി വലിയ വികസനമാണ് കൊണ്ടുവന്നതെന്ന് മോദി ചൂണ്ടിക്കാട്ടി. കേരളത്തിൽ വഴിമുട്ടിനിന്ന ദേശീയപാത വികസനം യാഥാർത്ഥ്യമാക്കിയത് കേന്ദ്രമാണ്. കോട്ടയം വഴി വന്ദേഭാരത് ട്രെയിനുകൾ ഓടുന്നത് വികസനത്തിന്റെ അടയാളമാണ്. ശബരി വിമാനത്താവള പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ അനുവദിക്കുന്നില്ലെന്ന് മോദി കുറ്റപ്പെടുത്തി. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പുതിയ വികസന കുതിപ്പുണ്ടാകും. എൻ.ഡി.എ സർക്കാർ വന്നാൽ ശബരി വിമാനത്താവള പദ്ധതി നടപ്പാക്കുമെന്നും ഇത് 'മോദിയുടെ ഗ്യാരന്റി'യാണെന്നും പ്രഖ്യാപിച്ചു.

വേദിയിലെത്തിയ പ്രധാനമന്ത്രിയെ ബി.ജെ.പി കോട്ടയം ജില്ലാ കമ്മിറ്റി ക്രിസ്തുരൂപം നൽകിയാണ് സ്വീകരിച്ചത്. കുമ്മനം രാജശേഖരൻ ഉൾപ്പെടെ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 11 എൻ.ഡി.എ സ്ഥാനാർഥികളും വേദിയിലുണ്ടായിരുന്നു. സ്ഥാനാർഥികളുടെ കൈപിടിച്ചുയർത്തിയാണ് മോദി സദസിനെ അഭിവാദ്യം ചെയ്തത്. ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹിന്ദു കോളേജിൽ ഹെലികോപ്റ്റർ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗമാണ് തിരുവല്ലയിലെത്തിയത്. തിരുവല്ലയിലെ പരിപാടിക്കുശേഷം പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കും. തലസ്ഥാന നഗരിയിൽ മോദിയുടെ റോഡ് ഷോ വൈകിട്ട് നടക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - "Left Rule's Days are Numbered; Development Starts from Thiruvalla," says PM Modi
Next Story