24 ലക്ഷം വോട്ടർമാരെ വെട്ടൽ; തെരഞ്ഞെടുപ്പ് കമീഷൻ യോഗത്തിൽനിന്ന് ഇടത് പാർട്ടികൾ ഇറങ്ങിപ്പോയി
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വിളിച്ച യോഗം ഇടതുപാർട്ടികൾ ബഹിഷ്കരിച്ചു. സംസ്ഥാനത്ത് എസ്.ഐ.ആറിൽ പുറത്താക്കിയ 24 ലക്ഷം വോട്ടർമാരെ വീണ്ടും ചേർക്കണമെന്ന് ആവശ്യപ്പെട്ടും തെരഞ്ഞെടുപ്പ് കമീഷൻ നടപടികളിൽ പ്രതിഷേധിച്ചുമാണ് വോട്ടർ പട്ടിക സ്പെഷൽ സമ്മറി റിവിഷന്റെ (എസ്.എസ്.ആർ) ഭാഗമായി ചേർന്ന യോഗത്തിൽനിന്ന് ഇടതുപക്ഷം ഇറങ്ങിപ്പോയത്.
എസ്.എസ്.ആറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത ശേഷം, സി.പി.എം പ്രതിനിധി എം.വി. ജയരാജനാണ് എസ്.ഐ.ആർ വിഷയം ഉന്നയിച്ചത്. രാജ്യത്ത് വോട്ടർ പട്ടികയിൽനിന്ന് പുറത്തായ 13 കോടി പേരിലാണ് കേരളത്തിലെ 24 ലക്ഷം പേർ ഉൾക്കൊള്ളുന്നതെന്നും അർഹതപ്പെട്ടവരെ ഒഴിവാക്കിയത് ജനാധിപത്യ വിരുദ്ധമാണെന്നും ജയരാജൻ വ്യക്തമാക്കി.
24 ലക്ഷം പേരെ തിരിച്ചെടുക്കണമെന്ന ആവശ്യം യോഗത്തിന്റെ അഭിപ്രായമായി കേന്ദ്ര കമീഷനെ രേഖാമൂലം അറിയിക്കണമെന്ന നിർദേശവും ജയരാജൻ മുന്നോട്ടുവെച്ചു. അതേസമയം, ഇക്കാര്യങ്ങൾ തന്റെ അധികാര പരിധിയിൽ വരുന്നതല്ലെന്നും തനിക്ക് പരിമിതിയുണ്ടെന്നുമായിരുന്നു പുതിയ സി.ഇ.ഒ വ്യക്തമാക്കിയത്.
ഇതോടെയാണ് എം.വി. ജയരാജൻ, സത്യൻ മൊകേരി എന്നിവരുടെ നേതൃത്വത്തിൽ ഇടതു പ്രതിനിധികൾ ഇറങ്ങിപ്പോയത്. രേഖാമൂലം കമീഷനെ അറിയിക്കണമെന്ന ഇടതുപാർട്ടികളുടെ ആവശ്യം യോഗത്തിൽ ബി.ജെ.പി പ്രതിനിധികൾ എതിർത്തു. 24 ലക്ഷം പേരിൽ മരിച്ചവർ ഒഴികെയുള്ളവരെ തിരികെ ചേർക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും എസ്.ഐ.ആറിൽ 94 നിയമസഭ മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണം കുറയുകയും 46 മണ്ഡലങ്ങളിൽ കൂടുകയും ചെയ്തുവെന്നും പിന്നീട് എം.വി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
ചില ബൂത്തുകളിൽ അസാധാരണമാംവിധം വോട്ടുകൾ ഇരട്ടിയോളം വർധിച്ചിട്ടുണ്ട്. അനർഹരായവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യാജമായാണ് പട്ടികയിൽ ചേർത്തതെന്ന സംശയവുമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ നിസ്സഹായത പ്രകടിപ്പിക്കുകയാണ് സി.ഇ.ഒ ചെയ്തത്. അതുകൊണ്ടാണ് യോഗം ബഹിഷ്കരിച്ചത്. പുതിയ സി.ഇ.ഒ ചുമതലയേറ്റിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ. പരിഷ്കരണത്തിന് ഉത്തരവാദി പുതിയ സി.ഇ.ഒ അല്ല. ഗ്യാനേഷ് കുമാറിന്റെ പ്രതിനിധിയായി അന്ന് കാര്യങ്ങൾ ചെയ്തയാൾ ഇന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലാണ്. അദ്ദേഹത്തെ ചുമതലയിൽനിന്ന് നീക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

