ഇടത് കുത്തക തകർത്ത് ജില്ലകൾ; മലപ്പുറത്ത് പ്രതിപക്ഷമില്ലാതെ യു.ഡി.എഫ് ആധിപത്യം
text_fieldsമലപ്പുറം നഗരസഭയിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥികൾ പ്രവർത്തകരോടൊപ്പം (photo: മുസ്തഫ അബൂബക്കർ)
സംസ്ഥാനത്താകെ ആഞ്ഞുവിശീയ തരംഗത്തിൽ ജില്ലാ പഞ്ചായത്തുകളിലും യു.ഡി.എഫിന് തകർപ്പൻ നേട്ടം. കഴിഞ്ഞ തവണ 14 ജില്ല പഞ്ചായത്തുകളിൽ കേവലം രണ്ടെണ്ണത്തിലേക്ക് ഒതുങ്ങിയ മുന്നണി ഇത്തവണ അഞ്ചിടത്ത് കൂടി ഭരണം ഉറപ്പിച്ച് ഒപ്പത്തിനൊപ്പമെത്തി. എൽ.ഡി.എഫ് 11ൽ നിന്ന് ഏഴിലേക്കിറങ്ങി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്,കണ്ണൂർ, കാസർകോട് ജില്ലകൾ എൽ.ഡി.എഫും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് വയനാട് എന്നിവ യു.ഡി.എഫും നേടി. മലപ്പുറത്ത് പ്രതിപക്ഷമില്ലാതെയാണ് യു.ഡി.എഫ് ആധിപത്യം.
യു.ഡി.എഫ് തരംഗം ബാധിക്കാതെ കാസർകോട് ജില്ല പഞ്ചായത്ത് എൽ.ഡി.എഫ് നിലനിർത്തി. 18 ഡിവിഷനുകളിൽ എൽ.ഡി.എഫ് ഒമ്പതും യു.ഡി.എഫ് എട്ടും നേടി. ബി.ജെ.പിയുടെ സീറ്റുകൾ രണ്ടിൽനിന്ന് ഒന്നായി ചുരുങ്ങി.
കണ്ണൂർ ജില്ല പഞ്ചായത്തിലെ 25 ഡിവിഷനുകളിൽ 18ഉം എൽ.ഡി.എഫിനാണ്. ഏഴ് സീറ്റാണ് യു.ഡി.എഫിനുള്ളത്. കഴിഞ്ഞ തവണ 24 ഡിവിഷനുകൾ ഉള്ളപ്പോഴും ഇതേ കക്ഷിനില ആയിരുന്നു. എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിലെ പ്രതി മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ പ്രചാരണം യു.ഡി.എഫ് നടത്തിയെങ്കിലും അതൊന്നും ജില്ല പഞ്ചായത്ത് ഫലത്തെ ബാധിച്ചില്ല.
കോഴിക്കോട് ജില്ല പഞ്ചായത്തിൽ ചരിത്രത്തിലാദ്യമായാണ് 28 ഡിവിഷനിൽ 15ഉം നേടി യു.ഡി.എഫ് ഭരണം പിടിച്ചെടുക്കുന്നത്. 2010ലെ തെരഞ്ഞെടുപ്പിൽ 27 ഡിവിഷനുകളിൽ 13 എണ്ണം നേടി യു.ഡി.എഫ് അധികാരത്തിന്റെ വക്കോളമെത്തിയിരുന്നെങ്കിലും തുടർന്നുള്ള തെരഞ്ഞെടുപ്പിൽ ഒരു ഭീഷണിയും സൃഷ്ടിക്കാനായിരുന്നില്ല. നിലവിൽ ഒമ്പത് സീറ്റുകളാണുണ്ടായിരുന്നത്.
വയനാട് ജില്ലാ പഞ്ചായത്ത് 17 ഡിവിഷനുകളിൽ 15ഉം നേടിയ യു.ഡി.എഫ് എൽ.ഡി.എഫിനെ രണ്ട് സീറ്റുകളിൽ ഒതുക്കി. കഴിഞ്ഞ തവണ 16 ഡിവിഷനുകളിൽ എട്ട് വീതമായിരുന്നു ഇരുമുന്നണികളും നേടിയിരുന്നത്.
മലപ്പുറം ജില്ല പഞ്ചായത്തിൽ ആകെയുള്ള 33 ഡിവിഷനുകളിലും വിജയിച്ചാണ് യു.ഡി.എഫിന്റെ സമഗ്രാധിപത്യം. മുസ്ലിം ലീഗ് 23, കോൺഗ്രസ് 10 എന്നിങ്ങനെയാണ് യു.ഡി.എഫിലെ കക്ഷിനില. ചരിത്രത്തിലാദ്യമായാണ് എൽ.ഡി.എഫ് ഒറ്റ ഡിവിഷനും ലഭിക്കാതെ സംപൂജ്യരാകുന്നത്. ഇടതിന്റെ ശക്തികേന്ദ്രങ്ങളായ തവനൂർ, പൊന്നാനി നിയമസഭ മണ്ഡലങ്ങളിലെ ഡിവിഷനുകൾപോലും നഷ്ടമായി.
പാലക്കാട് ജില്ല പഞ്ചായത്തിൽ എൽ.ഡി.എഫ് കുത്തകക്ക് തിരിച്ചടി നേരിട്ടു. 2020ൽ യു.ഡി.എഫ് 30ൽ മൂന്ന് ഡിവിഷനിൽ മാത്രമൊതുങ്ങിയെങ്കിൽ ഇത്തവണ 12ലേക്ക് ഉയർന്നു. എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെടില്ലെങ്കിലും 19 സീറ്റുകൊണ്ട് തൃപ്തിയടയേണ്ടിവന്നു.
തൃശൂർ ജില്ല പഞ്ചായത്തിൽ ആകെ 30 ഡിവിഷനിൽ 21ലും എൽ.ഡി.എഫ് വിജയിച്ചപ്പോൾ യു.ഡി.എഫിന് ഒമ്പതു സീറ്റാണ് നേടാനായത്. കഴിഞ്ഞ തവണ 29 ഡിവിഷനിൽ 24 സീറ്റുകളാണ് എൽ.ഡി.എഫ് നേടിയിരുന്നത്. അഞ്ചു സീറ്റുകളായിരുന്നു യു.ഡി.എഫിന്. തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയം തദ്ദേശ തെരഞ്ഞെടുപ്പിൽ ഗുണംചെയ്യുമെന്ന് കരുതിയെങ്കിലും ബി.ജെ.പി പച്ചതൊട്ടില്ല.
എറണാകുളം ജില്ല പഞ്ചായത്ത് 28 ഡിവിഷനുകളിൽ 24 ഇടത്ത് യു.ഡി.എഫും മൂന്നിടത്ത് എൽ.ഡി.എഫും വിജയിച്ചു. 2020ൽ 27 ഡിവിഷനുകളാണ് ഉണ്ടായിരുന്നത്. അന്ന് യു.ഡി.എഫ് 16, എൽ.ഡി.എഫ് ഒമ്പത്, ട്വന്റി20 രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇത്തവണ എൽ.ഡി.എഫിന് ആറും ട്വന്റി20ക്ക് രണ്ടും സീറ്റുകൾ നഷ്ടപ്പെട്ടു.
കോട്ടയം ജില്ല പഞ്ചായത്തിൽ എൽ.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന സീറ്റുകൾ പിടിച്ചെടുത്താണ് യു.ഡി.എഫ് ആധിപത്യം പുലർത്തിയത്. 23 ഡിവിഷനുകളിൽ യു.ഡി.എഫ് 16ഉം എൽ.ഡി.എഫ് ഏഴും നേടി. കഴിഞ്ഞതവണ പൂഞ്ഞാറിൽ ജനപക്ഷത്തിലൂടെ ബി.ജെ.പിക്ക് ഒരു ഡിവിഷൻ ലഭിച്ചിരുന്നെങ്കിലും ഇക്കുറി ആ സീറ്റ് നിലനിർത്താനായില്ല.
പത്തനംതിട്ടയിൽ 12 സീറ്റുകൾ നേടി യു.ഡി.എഫ് ജില്ല പഞ്ചായത്ത് ഭരണത്തിലെത്തിയപ്പോൾ, എൽ.ഡി.എഫ് അഞ്ച് സീറ്റിൽ ഒതുങ്ങി. കഴിഞ്ഞ തവണ യു.ഡി.എഫിന് നാല് സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത്.
ഇടുക്കി ജില്ല പഞ്ചായത്ത് പിടിച്ചെടുത്ത് യു.ഡി.എഫിന്റെ വൻ മുന്നേറ്റം. ആകെ 17 ഡിവിഷനുകളിൽ 14ലും വിജയിച്ചാണ് മുന്നണിയുടെ തിരിച്ചുവരവ്. കേരള കോൺഗ്രസ് മത്സരിച്ച അഞ്ച് സീറ്റിൽ നാലിലും വിജയിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ റോമിയോ സെബാസ്റ്റ്യൻ പൈനാവിലും പി.എസ്. രാജൻ ഉപ്പുതറയിലും പരാജയപ്പെട്ടു.
ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ ഭൂരിപക്ഷം എൽ.ഡി.എഫിനാണെങ്കിലും നേട്ടം കൊയ്തത് യു.ഡി.എഫ്. 24 ഡിവിഷനുകളിൽ എൽ.ഡി.എഫ് 16 എണ്ണം നേടി. 2020 ഒരു സീറ്റ് മാത്രം നേടിയ യു.ഡി.എഫ് ഇത്തവണ എട്ടായി ഉയർത്തി. ജില്ലയിലെ ചെങ്കോട്ടകളിൽ കടന്നുകയറിയാണ് യു.ഡി.എഫ് വിജയിച്ചത്.
കൊല്ലം ജില്ല പഞ്ചായത്ത് എൽ.ഡി.എഫ് നിലനിർത്തിയെങ്കിലും ഞെട്ടിച്ച പ്രകടനമാണ് യു.ഡി.എഫ് കാഴ്ചവെച്ചത്. ആകെയുള്ള 27 ഡിവിഷനുകളിൽ 17 ഡിവിഷനാണ് എൽ.ഡി.എഫ് നേടിയത്. കഴിഞ്ഞ തവണ മൂന്ന് സീറ്റ് മാത്രമുണ്ടായിരുന്ന യു.ഡി.എഫ് പത്ത് സീറ്റ് നേടി.
തിരുവനന്തപുരം ജില്ല പഞ്ചായത്ത് ഇത്തവണയും എൽ.ഡി.എഫിന് അനുകൂലം. 28 വാർഡിൽ 15ഉം സ്വന്തമാക്കിയാണ് എൽ.ഡി.എഫ് ഭരണം ഉറപ്പിച്ചത്. 13 ഇടങ്ങളിൽ യു.ഡി.എഫാണ് വിജയികൾ. എൻ.ഡി.എ ചിത്രത്തിലേയില്ല. കഴിഞ്ഞ തവണ 21 ഇടങ്ങളിലാണ് എൽ.ഡി.എഫ് ജയിച്ചത്. അഞ്ച് സീറ്റുകൾ മാത്രമുണ്ടായിരുന്ന യു.ഡി.എഫ് 13 ആയി ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

