ഇടതുമുന്നണി ഐതിഹാസിക വിജയം നേടും- പിണറായി വിജയന്‍
text_fieldsപിണറായിയിലെ ചേരിക്കൽ സ്കൂളിൽ ഭാര്യയോടൊപ്പം വോട്ട് ചെയ്യാനെത്തിയ മുഖ്യമന്ത്രി(ഫോട്ടോ: പി. സന്ദീപ്)
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എൽ.ഡി.എഫ് ചരിത്ര വിജയം നേടുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. ഇതുപോലൊരു തെരഞ്ഞെടുപ്പ് കേരളത്തില്‍ മുന്‍പ് ഒരു ഘട്ടത്തിലും നേരിടേണ്ടി വന്നിട്ടില്ല. എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ച് എൽ.ഡി.എഫിനെ നേരിടാന്‍ തയാറെടുക്കുകയും അതിന് ആവശ്യമായ എല്ലാ ഒത്താശകളും കേന്ദ്ര ഏജന്‍സികള്‍ ചെയ്തു കൊടുക്കുകയും ചെയ്ത തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പിണറായിയിലെ ചേരിക്കല്‍ സ്‌കൂളിൽ കുടുംബത്തോടൊപ്പം വോട്ടു ചെയ്യാനെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
എൽ.ഡി.എഫിനെ ക്ഷീണിപ്പിക്കാമെന്നും ഉലച്ചു കളയാമെന്നുമായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതീക്ഷ. പക്ഷേ 16ാം തിയതി വോട്ട് എണ്ണുമ്പോള്‍ മനസിലാകും ആരാണ് ഉലഞ്ഞത്, ആരാണ് ക്ഷീണിച്ചതെന്ന്. ഐതിഹാസിക വിജയമാണ് എൽ.ഡി.എഫ് നേടാന്‍ പോകുന്നത്. അതോടെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കണമെങ്കില്‍ അവര്‍ക്ക് കടക്കാം.
ഇതുവരെ വോട്ട് ചെയ്തവര്‍ വലിയ പിന്തുണയാണ് നല്‍കിയിരിക്കുന്നത്. ജയിക്കില്ലായെന്ന് പലരും കരുതിയിരുന്ന പ്രദേശങ്ങളില്‍ പോലും ഇത്തവണ എൽ.ഡി.എഫ് വിജയിക്കും. ജനങ്ങള്‍ കള്ളങ്ങളോളും നുണകളോടും എങ്ങനെ പ്രതികരിക്കുമെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫിന് തിരിച്ചടിയുണ്ടാവുമെന്ന് മാത്രമല്ല, ലീഗിന്റെ അടിത്തറ തകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

