ഇടത് മുന്നണി പ്രവേശനം കെ.എം. മാണിക്ക് കിട്ടിയ അംഗീകാരമെന്ന് ജോസ് കെ. മാണി
text_fieldsതിരുവനന്തപുരം: ഇടത് മുന്നണി പ്രവേശനം കെ.എം. മാണിക്ക് കിട്ടിയ അംഗീകാരമാണെന്ന് ജോസ് കെ. മാണി. ഒരു ഉപാധിയും വെച്ചല്ല കേരളാ കോണ്‍ഗ്രസ് എം ഇടത് മുന്നണിയില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു.
സീറ്റിന്റെ കാര്യത്തില്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് സമയമായിട്ടില്ല. ഇപ്പോൾ മുന്നിലുള്ളത് തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സ്വാധീനമുള്ള മേഖലകളില്‍ പ്രാതിനിധ്യം ലഭിക്കും.
ഇടതു മുന്നണി ദുര്‍ബലമാകില്ല. ഇടത് മുന്നണിയില്‍ നിന്ന് ആരെങ്കിലും കൊഴിഞ്ഞു പോകുമെന്ന് അപ്പുറത്തുള്ളവര്‍ക്ക് ആഗ്രഹം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാത്രി മുഖ്യമന്ത്രിയുമായും ജോസ് കൂടിക്കാഴ്ച നടത്തിയിരുന്നു.
കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കാൻ വ്യാഴാഴ്ച ചേർന്ന ഇടതു മുന്നണി യോഗം തീരുമാനിച്ചിരുന്നു. ആസന്നമായിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തിന്റെ പ്രവേശനം മുന്നണിക്ക് ഏറെ ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തൽ.