ആലത്തൂരിലെ സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കുമെന്ന് കെ. രാധാകൃഷ്ണൻ, കണ്ണൂരിൽ സാധ്യത എം.വി. ജയരാജന്
text_fieldsകണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂർ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി സാധ്യതപട്ടികയിൽ ആദ്യ പേരുകാരനായി സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ. ഓരോ മണ്ഡലത്തിലെയും വിജയസാധ്യതയുടെ അടിസ്ഥാനത്തിൽ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള പ്രാഥമിക ചര്‍ച്ചക്കുശേഷമാണ് മുൻ എം.എൽ.എ കൂടിയായ എം.വി. ജയരാജന്റെ പേര് ഉയർന്നുകേൾക്കുന്നത്.
സ്ഥാനാര്‍ഥികളെ നിർദേശിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ ജില്ല കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം നൽകിയിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന ജില്ല സെക്രട്ടേറിയറ്റ്, ജില്ല കമ്മിറ്റി യോഗങ്ങളിലെ റിപ്പോര്‍ട്ടുകൂടി പരിശോധിച്ചാകും അന്തിമതീരുമാനം. ഈ മാസം ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ ഈ പേരുകൾ ചർച്ചചെയ്ത് ഉറപ്പിക്കും. സി.പി.എം ജില്ല സെക്രട്ടറിയായി ശ്രദ്ധയാർന്ന പ്രവർത്തനങ്ങളാണ് എം.വി. ജയരാജൻ നടത്തിയത്. പാർട്ടി കോൺഗ്രസിന്റെ സംഘാടക വിജയവും അനുകൂല ഘടകമായതായാണ് വിലയിരുത്തൽ.
എം.വി. ജയരാജനൊപ്പം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവരുടെ പേരും ഉയരുന്നുണ്ട്. യുവജന വിഭാഗത്തിന് കോഴിക്കോട്, കണ്ണൂർ മണ്ഡലങ്ങളിൽ ഒന്നിൽ സീറ്റ് നൽകണമെന്നും ചർച്ചയുണ്ട്. അങ്ങനെയെങ്കിൽ കണ്ണൂരിൽ വി.കെ. സനോജ്, കോഴിക്കോട് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് എന്നിവർക്കും നറുക്കുവീണേക്കും. ഒരുകാലത്ത് സി.പി.എമ്മിന്റെ കുത്തകയായിരുന്ന വടകര മണ്ഡലം തിരിച്ചുപിടിക്കാനായി മുൻമന്ത്രിയും മട്ടന്നൂർ എം.എൽ.എയുമായ കെ.കെ. ശൈലജയെ രംഗത്തിറക്കാനാണ് സാധ്യത.
പാർട്ടി തീരുമാനിക്കും, സെക്രട്ടറി അറിയിക്കും -കെ. രാധാകൃഷ്ണൻ
തൃശൂർ: ആലത്തൂരിൽ സ്ഥാനാർഥിയാകുമെന്ന സാധ്യത തള്ളാതെ മന്ത്രി കെ. രാധാകൃഷ്ണന്. ആര് സ്ഥാനാർഥിയാവണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. പല ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിനൊടുവില്‍ തീരുമാനം സെക്രട്ടറി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ തോറ്റ ചരിത്രമില്ലാത്ത കെ. രാധാകൃഷ്ണനെ കളത്തിലിറക്കിയാല്‍ ആലത്തൂർ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ. ആലത്തൂർ, ചാലക്കുടി ലോക്സഭ മണ്ഡലങ്ങളിലെ സ്ഥാനാർഥിത്വം സംബന്ധിച്ച തൃശൂർ ജില്ലയുടെ നിർദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

