പാച്ചിൽ തുടങ്ങി ഇടതുമുന്നണി, ഇന്ന് യു.ഡി.എഫ് റോഡ് ഷോ
text_fieldsമാനന്തവാടി മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി ഒ.ആർ. കേളുവിന്റെ വിജയത്തിനായി ചുവരെഴുതുന്നു, എൽ.ഡി.എഫിന്റെ മുതിര്‍ന്ന നേതാവും മുന്‍ ജില്ല കണ്‍വീനറുമായ കെ.വി. മോഹനനെ അദ്ദേഹത്തിന്റെ വീട്ടിൽ മാനന്തവാടി മണ്ഡലം സ്ഥാനാര്‍ഥി ഒ.ആര്‍. കേളു സന്ദര്‍ശിക്കുന്നു
കൽപറ്റ: മാനന്തവാടിയിലും സുൽത്താൻ ബത്തേരിയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണപ്പാച്ചിൽ തുടങ്ങി. മാനന്തവാടിയിൽ നിലവിലെ എം.എൽ.എ ഒ. ആർ കേളു തന്നെയാണ് എൽ.ഡി.എഫിനായി രംഗത്തിറങ്ങുന്നത്. സുൽത്താൻ ബത്തേരിയിൽ മുൻകോൺഗ്രസ് നേതാവ് എം.എസ് വിശ്വനാഥനെയാണ് ഇടതുമുന്നണി കളത്തിലിറക്കിയത്. മുമ്പ് കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരിക്കെ രാജിവെച്ചാണ് വിശ്വനാഥൻ സി.പി.എമ്മിൽ ചേരുന്നത്. ജില്ലയിൽ യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രഖ്യാപനം ആയില്ലെങ്കിലും അവരും പ്രചാരണം തുടങ്ങി. ചൊവ്വാഴ്ച വൈകീട്ട് നാലിന് കൽപറ്റയിൽ യു.ഡി.എഫ് റോഡ് ഷോ സംഘടിപ്പിക്കുന്നുണ്ട്.
അതേസമയം ബി.ജെ.പിക്കായി മാനന്തവാടിയിൽ പി. ശ്യാംരാജും സുൽത്താൻ ബത്തേരിയിൽ എ.എസ് കവിതയുമാണ് മത്സരിക്കുക. കൽപറ്റയിലെ സ്ഥാനാർഥിയെ അവർ പിന്നീട് തീരുമാനിക്കും. നിലവിലെ എം.എൽ.എമാരായ ടി. സിദ്ദീഖിനെ കൽപറ്റയിലും സുൽത്താൻബത്തേരിയിൽ ഐ.സി ബാലകൃഷ്ണനെയുമാണ് യു.ഡി.എഫ് ഉറപ്പിച്ചത്. എൽ.ഡി.എഫിൽ ആർ.ജെ.ഡിയുടെ സീറ്റായ കൽപറ്റയിൽ നിരവധിപേരുകൾ ഇതിനകം ഉയർന്നിട്ടുണ്ട്. ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ചുമരെഴുത്ത് തുടങ്ങി
മാനന്തവാടി: സ്ഥാനാർഥി പ്രഖ്യാപനത്തിലും പ്രചാരണത്തിലും ഒരുപടി മുന്നിൽ നിൽക്കുന്ന എൽ.ഡി.എഫ് വിവിധയിടങ്ങളിൽ ചുവരെഴുത്തുകളടക്കം തുടങ്ങി. മാനന്തവാടി മണ്ഡലത്തിൽ ഒ.ആർ. കേളുവിനായി വിവിധയിടങ്ങളിൽ എൽ.ഡി.എഫിന്റെ ബോർഡുകൾ ഉയർന്നുകഴിഞ്ഞിട്ടുണ്ട്. ഡിജിറ്റൽ പ്രചാരണത്തോടൊപ്പം പരമ്പരാഗത പ്രചരണ രീതി കൂടി ഉപയോഗപ്പെടുത്തിയാണ് പ്രവർത്തകർ പ്രചാരണം കൊഴുപ്പിക്കുന്നത്.
കെ.വി. മോഹനനെ സന്ദര്‍ശിച്ച് ഒ.ആര്‍. കേളു
മാനന്തവാടി: എല്‍.ഡി.എഫിന്റെ മുതിര്‍ന്ന നേതാവും മുന്‍ ജില്ല കണ്‍വീനറുമായ കെ.വി. മോഹനനെ സ്ഥാനാര്‍ഥി ഒ.ആര്‍. കേളു സന്ദര്‍ശിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12ഓടെയാണ് ചെറ്റപ്പാലത്തെ വീട്ടിലെത്തിയത്. ഒ.ആര്‍. കേളു വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും മൂന്നാമതും എല്‍.ഡി.എഫിന് ഭരണം ലഭിക്കുമെന്നും കെ.വി. മോഹനന്‍ പറഞ്ഞു. അരമണിക്കൂറോളം ഒ.ആര്‍. കേളു വീട്ടില്‍ ചെലവഴിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ. പുഷ്പന്‍, കെ.എം. വര്‍ക്കി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
ഇവർ സ്ഥാനാർഥികൾ
സുൽത്താൻ ബത്തേരി മണ്ഡലം
എം.എസ് വിശ്വനാഥൻ (എൽ.ഡി.എഫ്)
മുൻ കോൺഗ്രസ് നേതാവ്. കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരിക്കെ രാജിവെച്ചാണ് സി.പി.എമ്മിൽ ചേർന്നത്. നിലവിൽ സി.പി.എം സുൽത്താൻ ബത്തേരി ഏരിയാ കമ്മിറ്റി അംഗവും നഗരസഭാ കൗൺസിലറും. രണ്ടാം തവണയാണ് സുൽത്താൻ ബത്തേരിയിൽ നിന്ന് ജനവിധി തേടുന്നത്. ആദിവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കേരള കുറുമൻ സമാജം ഭാരവാഹിയുമായിരുന്നു. വ്യാപാരി വ്യാവസായി സമിതി ജില്ലാ പ്രസിഡൻ്റ്, എ.കെ.എസ് സുൽത്താൻ ബത്തേരി ഏരിയാ സെക്രട്ടറി, താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ, സുൽത്താൻ ബത്തേരി കാർഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടർ തുടങ്ങിയ പദവികൾ വഹിക്കുന്നു. കേന്ദ്ര കയർബോർഡിൽ 10 വർഷം ഉദ്യോഗസ്ഥനായിരുന്നു. സുൽത്താൻ ബത്തേരി നഗരസഭയിലെ മന്തംകൊല്ലി ഗായത്രി നിവാസിലാണ് താമസം. മീനങ്ങാടി മൂതിമൂല ഗോത്രവർഗ ഉന്നതിയിൽ പരേതരായ ശംഭുവിന്റെയും നാണിയുടെയും മകൻ. ഭാര്യ: ഗീത (ഗായത്രി ഭാരത് ഗ്യാസ് മാനേജിങ് പാർട്ണർ). മക്കൾ: ഗായത്രി, നന്ദഗോപാലൻ, ബാലഗോപാലൻ (വിദ്യാർഥികൾ).
എ.എസ്. കവിത (ബി.ജെ.പി)
അരിമുളവീട്ടിൽ ശങ്കരന്റെയും ദേവകിയുടേയും മകളാണ് 47കാരിയായ എ.എസ് കവിത. ബി.എ, ബി.എഡ് വിദ്യാഭ്യാസ യോഗ്യത. ബി.ജെ.പിയുടെ ബത്തേരി മുൻസിപ്പാലിറ്റി, ബത്തേരി മണ്ഡലം കമ്മിറ്റികളുടെ അധ്യക്ഷ. രണ്ട് തവണ ബത്തേരി മുൻസിപ്പാലിറ്റിയിലേക്ക് കിടങ്ങ് വാർഡിൽ നിന്ന് ജനവിധി തേടി. ഭർത്താവ് രഘു ( നടവയൽ ഗ്രാമീൺ ബാങ്ക് മാനേജർ). മക്കൾ: ആർദ്ര ലക്ഷ്മി (കോഴിക്കോട് മെഡിക്കൽ കോളേജ് എം.ബി.ബി.എസ് വിദ്യാർഥി), നന്ദന ലക്ഷ്മി (ബി.എ.എം.സ് വിദ്യാർഥി, ആയുർ വേദ മെഡിക്കൽ കോളേജ് തിരുവനന്തപുരം).
മാനന്തവാടി മണ്ഡലം
ഒ.ആർ. കേളു (എൽ.ഡി.എഫ്)
മാനന്തവാടിയിൽ ഇത്തവണ മൂന്നാം അങ്കത്തിനായാണ് പട്ടികജാതി, പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ ഒ.ആർ കേളു ഇറങ്ങുന്നത്. ആദിവാസി ക്ഷേമസമിതി (എ.കെ.എസ്) മുൻ സംസ്ഥാന പ്രസിഡന്റും ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് കേന്ദ്രകമ്മിറ്റി അംഗവുമാണ്. 10 വർഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡൻ്റും അഞ്ച് വർഷം അംഗവുമായിരുന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി. ഡി.വൈ.എഫ്.ഐയിലൂടെ പൊതുപ്രവർത്തനത്തിന് തുടക്കം. സി.പി.എം കാട്ടിക്കുളം ലോക്കൽ കമ്മിറ്റി, മാനന്തവാടി ഏരിയാ കമ്മിറ്റി, വയനാട് ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടറിയറ്റ് അംഗം, കേരള നിയമസഭയുടെ പട്ടികജാതി, പട്ടികവർഗ ക്ഷേമം സംബന്ധിച്ച സമിതി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.
2016ലെ തെരഞ്ഞെടുപ്പിൽ മന്ത്രിയായിരുന്ന പി.കെ ജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് നിയമസഭയിൽ എത്തിയത്. 2021ൽ വിജയം ആവർത്തിച്ചു. 2024 ജൂൺ 23ന് മന്ത്രിസഭാംഗമായി. കാട്ടിക്കുളം ഓലഞ്ചേരി പുത്തൻമിറ്റം രാമന്റെയും പരേതയായ അമ്മുവിന്റെയും മകൻ. ഭാര്യ: പി.കെ ശാന്ത. മക്കൾ: മിഥുന (ബീറ്റ് ഫോറസ്റ്റ് ഓഫിസർ), ഭാവന (വിദ്യാർഥി).
പി. ശ്യാംരാജ് (ബി.ജെ.പി)
ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും ഇടുക്കി മുള്ളരിങ്ങാട്ട് സ്വദേശിയുമാണ് പി. ശ്യാംരാജ്. എ.ബി.വി.പിയിലൂടെ പൊതു രംഗത്ത് എത്തി. വിവിധ സമരങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും ശ്രദ്ധേയൻ. എ.ബി.വി.പി സംസ്ഥാന ജോയിന്റ് സെക്രട്ടി, ദേശീയ സമിതിയംഗം, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി, ദേശീയ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

