ഇടത് സ്ഥാനാർഥിയെ ഇന്നറിയാം; ഷെറോണ റോയിക്ക് മുൻതൂക്കം
text_fieldsനിലമ്പൂർ: ആകാംക്ഷക്ക് വിരാമമിട്ട് നിലമ്പൂരിലെ എൽ.ഡി.എഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാകും. വഴിക്കടവ് ഡിവിഷനിൽനിന്ന് സി.പി.എം ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച മലപ്പുറം ജില്ല പഞ്ചായത്ത് അംഗം ഷെറോണ റോയിയാവും സ്ഥാനാർഥിയെന്നാണ് സൂചനകൾ.
നിലമ്പൂർ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിന്റെ പേരും പട്ടികയിലുണ്ട്. എന്നാൽ, ഷെറോണക്കാണ് മുൻതൂക്കം. നെഗറ്റീവ് വോട്ടുകളുണ്ടാകില്ലെന്നതും വനിത സ്ഥാനാർഥിയെന്നതുമാണ് ഇവർക്ക് അനുകൂലമായ ഘടകങ്ങൾ. വെള്ളിയാഴ്ച ഉച്ചക്ക് സ്ഥാനാർഥിയെ പ്രഖ്യാപിച്ചയുടൻ റോഡ് ഷോ നടത്താനാണ് എൽ.ഡി.എഫ് തീരുമാനം.
വൈകീട്ട് മൂന്നിന് വടപുറം പാലത്തിൽ നിന്ന് ചന്തക്കുന്ന് വരെയാണ് റോഡ് ഷോ. സ്ഥാനാർഥിയെ നിശ്ചയിക്കുന്നതോടെ ഇടതുപക്ഷം കളത്തിലിറങ്ങും. ജൂൺ ഒന്നിന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിലെ എൽ.ഡി.എഫ് പൊതുയോഗത്തിന് എത്തുന്നതോടെ മുന്നണി കൂടുതൽ സജീവമാവും.
പി.വി. അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ച സമയത്ത് മണ്ഡലത്തിലുണ്ടായ സാഹചര്യമല്ല ഇപ്പോഴെന്നാണ് ഇടത് വിലയിരുത്തൽ. അൻവർ യു.ഡി.എഫ് പാളത്തിൽ സജീവമായുണ്ടാവുമെന്നതിനും ഉറപ്പില്ല. മാത്രമല്ല, അൻവർ നിലപാട് കടുപ്പിക്കുന്നത് യു.ഡി.എഫിന് തലവേദനയാകുമെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

