ഉരുളൊഴുകിയ മണ്ണേ വിട... അവർക്കിനി ഹരിതഭവനങ്ങളിൽ പുതുജീവിതം
text_fieldsവെള്ളിത്തോട് (വയനാട്): സമാനതകളില്ലാത്ത അതിഭീകര ദുരന്തത്തിലെ നഷ്ടങ്ങളെ അവർ ഓർമകളിലേക്ക് ഒളിപ്പിച്ചു. 2024 ജൂലൈ 30ന് പുലർച്ചെയുണ്ടായ മുണ്ടക്കൈ ഉരുൾദുരന്തത്തിൽ പലവഴിക്ക് ചിതറിപ്പോയ മനുഷ്യർ അൽപമകലെ മറ്റൊരു ദേശത്ത് സന്തോഷത്തോടെ വീണ്ടും താമസം തുടങ്ങി. സ്നേഹവും കരുതലും ആവോളം നെഞ്ചിലുള്ള ഒരുസംഘം അവർക്ക് നിർമിച്ച് നൽകിയ വീടുകളിൽ ഇപ്പോൾ സ്നേഹം പൂക്കുകയാണ്. മേപ്പാടി പഞ്ചായത്തിലെ തന്നെ വെള്ളിത്തോട് എന്ന മനോഹര ദേശത്ത് മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി നൽകിയ വീടുകളുടെ ഗൃഹപ്രവേശനം പ്രാർഥനനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. ഉരുൾപൊട്ടലിന്റെ ഉത്ഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തെ പാറക്കളം ചന്ദ്രേട്ടനും ഭാര്യ സുമിത്രയുമാണ് ആദ്യമായി താമസം തുടങ്ങിയത്. നറുക്കെടുപ്പിലൂടെ കിട്ടിയ 42ാം നമ്പർ വീട്ടിൽ ഇവർ ശനിയാഴ്ച പുലർച്ചെതന്നെ പാലുകാച്ചി. അപ്പോൾ, തൊട്ടപ്പുറമുള്ള മറ്റൊരു വീട്ടിലേക്ക് ചൂരൽമലയിലെ ഷറഫുദ്ദീൻ ഫൈസിയും കുടുബവും സുബ്ഹി നമസ്കാരവും കഴിഞ്ഞ് ഖുർആനും കൈയിലേന്തി താമസം തുടങ്ങിയിരുന്നു.
ഹിന്ദുമത വിശ്വാസികൾ ഗണപതി ഹോമമടക്കമുള്ള ആചാരങ്ങളോടെ പുതുവീട്ടിലേക്ക് വലതുകാലെടുത്ത് വച്ചപ്പോൾ മുസ്‍ലിം മത വിശ്വാസികൾ പുലർച്ചെയുള്ള നമസ്കാരവും പ്രാർഥനയും കഴിഞ്ഞാണ് താമസം തുടങ്ങിയത്. മുണ്ടക്കൈയിലും ചൂരൽമലയിലും ഒരുമിച്ച് താമസിച്ചവർ ഒരു കൊല്ലവും എട്ടുമാസവുമായി പലയിടങ്ങളിലായി വാടകവീടുകളിൽ കഴിയുകയാണ്. ചന്ദ്രേട്ടന്റെയും ഭാര്യയുടെയും കുടുംബങ്ങളിലെ 17 പേരാണ് ദുരന്തത്തിൽ മരണപ്പെട്ടത്. പുഴയിലെ വെള്ളത്തിന്റെ അസാധാരണ മണം അറിഞ്ഞതോടെ പുഞ്ചിരിമട്ടത്തുനിന്ന് മാറിയതിനാലാണ് ഇവർക്ക് ജീവൻ ബാക്കിയായത്. വീടടക്കം ഒലിച്ചുപോയതോടെ റിപ്പൺ തലക്കലിലെ വാടകവീട്ടിലാണ് കഴിഞ്ഞുവന്നത്. മുണ്ടക്കൈയിൽ ഒരുമിച്ച് താമസിച്ചിരുന്ന അനിയൻ മോഹനൻ, ഉറ്റ സുഹൃത്തുക്കളായ മൻസൂർ, മനാഫ്, ലത്തീഫ്, രാജേഷ്, കെ.ജി മുഹമ്മദ് എന്നിവർക്കും ലീഗിന്റെ വീടുകൾ കിട്ടിയതോടെ അവർ വീണ്ടും ഒരുമിച്ച് താമസിക്കും. പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിലെ 105 വീടുകളിലെ 51 എണ്ണവും ദുരന്തത്തിന് രണ്ടുവർഷം തികയുന്നതിന് മുമ്പ് തന്നെ പൂർത്തിയാക്കിയത് മുസ്‍ലിം ലീഗിന് അഭിമാനനേട്ടവുമായി. ബാക്കിയുള്ള വീടുകളുടെയും അനുബന്ധ സൗകര്യങ്ങളുടെയും പണികൾ പുരോഗമിക്കുകയാണ്.
മേപ്പാടിയില്‍നിന്ന് അഞ്ച് കിലോമീറ്റർ അകലെ മുട്ടില്‍-മേപ്പാടി സംസ്ഥാന പാതയോട് ചേര്‍ന്ന വെള്ളിത്തോടാണ് വീടുകളുള്ളത്. എട്ടു സെന്റില്‍ 1060 ചതുരശ്രയടിയിൽ മൂന്ന് ബെഡ്‌റൂമുകളും രണ്ട് ബാത്ത്‌റൂമുകളും അടുക്കള, ഡൈനിങ് ഹാള്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട്, ബ്രിക്‌സ് പാകിയ മുറ്റം, മുന്‍വശത്ത് ഏഴ് മീറ്റര്‍ വീതിയില്‍ ടൈല്‍ പാകിയ റോഡ് തുടങ്ങിയ സൗകര്യങ്ങളാണുള്ളത്. ഫർണിച്ചറുകളും ഗൃഹോപകരണങ്ങളും ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങളും എല്ലാ വീടുകളിലും ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രാർഥന നിർവഹിച്ചാണ് ഗൃഹപ്രവേശനം നടന്നത്. വീടുകളിൽ തങ്ങൾ സന്ദർശനവും നടത്തി. കുടുംബങ്ങൾക്കും ബന്ധുക്കൾക്കുമടക്കം വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. കുടുംബങ്ങളുടെ സ്വകാര്യത മുൻനിർത്തി ചടങ്ങിലേക്ക് പൊതുജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും പ്രവേശനമുണ്ടായിരുന്നില്ല.
ഹൃദയംകൊണ്ട് നിർമിച്ച വീടുകൾ -സാദിഖലി തങ്ങൾ
വെള്ളിത്തോട് (വയനാട്): മുണ്ടക്കൈ ഉരുൾദുരന്ത ബാധിതർക്കായി മുസ്‍ലിം ലീഗ് ഒരുക്കിയ വീടുകൾ ഹൃദയം കൊണ്ട് നിർമിച്ചവയാണെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് ഇത്രയും ഭംഗിയായി വീടുകൾ ഒരുക്കാൻ കഴിഞ്ഞത്. രണ്ടാംഘട്ടം ജൂൺ 15ഓടെ പൂർത്തീകരിക്കും. കണ്ണീരിന്റെയും സന്തോഷത്തിന്റെ നിമിഷങ്ങളാണ് ഇത്. പരിക്കേറ്റവർക്ക് എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാൻ കഴിയട്ടേയെന്ന് ആശംസിക്കുകയാണെന്നും തങ്ങൾ പറഞ്ഞു.
ചടങ്ങിൽ പ്രസംഗിച്ച പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഉരുൾദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞപ്പോൾ വിതുമ്പലടക്കാനായില്ല. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ മുഖത്ത് ഇന്ന് സന്തോഷം കാണാനായി. അവരെ പുനരധിവസിപ്പിക്കാൻ കഴിഞ്ഞതിലുള്ള ആശ്വാസം പങ്കുവെക്കവേ വിതുമ്പിയ അദ്ദേഹത്തിന് സംസാരം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, പി.കെ. ഫിറോസ്, പി.കെ. ബഷീർ എം.എൽ.എ, ടി. സിദ്ദീഖ് എം.എൽ.എ, ജയന്തി രാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

