Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലീവ് സറണ്ടർ തിരിച്ചെത്തും? മെഡിസെപ്പിൽ വൻ മാറ്റം; ശമ്പള പരിഷ്കരണവും പരിഗണനയിലെന്ന് വിഡി സതീശൻ

text_fields
bookmark_border
https://www.madhyamam.com/tags/vd-satheesan
cancel
camera_alt

വി.ഡി. സതീശൻ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ്​ സറണ്ടർ പുനഃസ്ഥാപിക്കുന്നത്​ സർക്കാറി​ന്‍റെ സജീവ പരിഗണനയിലാണെന്ന്​ മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ 61-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘ലീവ് സറണ്ടർ പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണ്. മെഡിസെപ്പ് പദ്ധതി ഉറപ്പായും പുനഃസംഘടിപ്പിക്കും. ശമ്പള പരിഷ്കരണവും സർക്കാർ പരിശോധിച്ചുവരികയാണ്. ഓരോ ഘട്ടത്തിലും ജീവനക്കാർക്ക് നഷ്ടപ്പെട്ടുപോയ ആനുകൂല്യങ്ങളും അവകാശങ്ങളും പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകും.’ -സതീശൻ പറഞ്ഞു.

അടുത്ത ബജറ്റിന്​ മുമ്പ്​ സർക്കാർ ചില പ്രഖ്യാപനങ്ങൾ ജീവനക്കാർക്കായി നടത്തും. ബജറ്റിലും പ്രഖ്യാപനങ്ങൾ വരും. സർക്കാറിന്‍റെ വരുമാനം വർധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

അതിനാൽ, സമ്പദ്​ഘടന മെച്ചപ്പെടുന്നതിനനുസരിച്ച്​ ജീവനക്കാർക്ക്​ ആനുകൂല്യങ്ങൾ ഒന്നൊന്നായി തിരിച്ചുനൽകും. തെരഞ്ഞെടുപ്പിന്​ മുമ്പ്​ പ്രഖ്യാപിച്ച പോലെ കുടിശിശ്ശികയുണ്ടായിരുന്ന ഗഡു ഡി.എ അനുവദിക്കാനായി. പ്രഖ്യാപനങ്ങൾ നടപ്പാക്കാനുള്ളതാണ്​. അത്​ ഇനിയും ഉണ്ടാകും.

കടുത്ത പ്രതിസന്ധിയുണ്ടായിട്ടും നികുതി വർധിപ്പിക്കാതെയാണ്​ വരുമാനം വർധിപ്പിച്ചത്​. ജി.എസ്​.ടി നടപ്പായശേഷം 28 ശതമാനമെന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നികുതി വർധനവാണ്​ ഒക്ടോബർ മാസം കിട്ടിയത്​.

ഇലക്​ട്രിക്​ വാഹനങ്ങളുടെ നികുതി കുറച്ചതോടെ വിൽപന വർധിക്കുകയും സർക്കാറിനുള്ള വരുമാനം കൂടുകയും ചെയ്തു. വിപണിയെ ഉത്തേജിപ്പിച്ച്​ ​നികുതി വരുമാനം വർധിപ്പിച്ച്​ ഖജനാവ്​ നിറക്കുകയെന്ന സമീപനമാണ്​ സർക്കാർ സ്വീകരിച്ചിരിക്കുന്നത്​.

സർക്കാർ ​പ്രഖ്യാപിച്ചിട്ടുള്ള ഫയൽ തീർപ്പാക്കലിന്​ ജീവനക്കാരുടെ പൂർണ പിന്തുണ വേണം. ഫയൽ തീർപ്പാക്കുന്നതിനൊപ്പം തീരുമാനമെടുക്കാനുണ്ടായ കാലതാമസം സംബന്​ധിച്ച്​ പഠിച്ച്​ ഭരണപരമായ മാറ്റത്തിന്​ വേണ്ട നിർദ്ദേശങ്ങളും ജീവനക്കാരുടെ ഭാഗത്തുനിന്ന്​ ഉണ്ടാകണം.

ജീവനക്കാതരുടെ കഴിവ്​ ഉപയോഗപ്പെടുത്തി രാജ്യത്തെ ഏറ്റവും കാര്യക്ഷമമായ സെക്രട്ടേറി​യറ്റ്​ കേരളത്തിൽ സൃഷ്ടിക്കുകയാണ്​ ലക്ഷ്യം. സംസ്ഥാനത്തിന്‍റെ സമ്പദ്​ഘടന തകർത്തിട്ടാണ്​ കഴിഞ്ഞ ഇടതുപക്ഷ സർക്കാർ ഭരണമൊഴിഞ്ഞത്​.

കിഫ്​ബി ഫണ്ട്​ ഉപയോഗിച്ച്​ കണ്ണൂരിൽ ഉപയോഗശൂന്യമായ ഭൂമി വാങ്ങിക്കൂട്ടിയതിന്​ പിന്നിൽ റിയൽ എസ്​റ്റേറ്റ്​ താൽപര്യമായിരുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അസോസിയേഷൻ പ്രസിഡന്‍റ്​ എം.എസ്​. ഇർഷാദ്​ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എം. ലിജു, അനൂപ്​ ജേക്കബ്​, എൻ. ശക്​തൻ എം.എൽ.എ, എം. വിൻസെന്‍റ് എം.എൽ.എ​, സുധീർഷാ പാലോട് എം.എൽ.എ​, ജോസഫ്​ വാഴയ്​ക്കൻ, വി.എസ്​. ശിവകുമാർ, മരിയാപുരം ശ്രീകുമാർ, അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ബി. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story