വ്യത്യസ്ത വീക്ഷണങ്ങൾ പഠിക്കുന്നത് കുട്ടികളുടെ ചിന്താശേഷി കൂട്ടും; വിവാദ സിലബസിനെ പിന്തുണച്ച് ഗവർണർ
text_fieldsതിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യത്യസ്ത വീക്ഷണങ്ങൾ പഠിക്കുന്നത് കുട്ടികളുടെ ചിന്താശേഷി കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ തരം ചിന്തകളും വിദ്യാർഥികൾ പഠിക്കണം. പഠിച്ചതിന് ശേഷം അവർ സംവാദത്തിൽ ഏർപ്പെടട്ടെ. വൈരുദ്ധ്യങ്ങളാണ് ഇന്ത്യയുടെ കരുത്തെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.
എം.എസ് ഗോൾവാർക്കറുടെ 'നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വ്വചിക്കപ്പെടുന്നു' (വീ ഔർ നാഷൻഹുഡ് ഡിഫൈൻസ്), വിചാരധര (ബഞ്ച് ഓഫ് തോട്ട്സ്), വി.ഡി. സവർക്കറുടെ 'ആരാണ് ഹിന്ദു' എന്നീ വിവാദ പുസ്തകങ്ങളാണ് കണ്ണൂർ സർവകലാശാലയുടെ സിലബസിൽ ഉൾപ്പെടുത്തിയിരുന്നത്. അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്ത വർഗീയ പരാമർശങ്ങളുള്ള കൃതികളാണ് ഇവയെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് പി.ജി സിലബസ്സിൽ ഉൾപ്പെടുത്തിയത്. എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് പി.ജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങൾ ഉള്ളത്.
അതേസമയം, വിവാദ സിലബസിൽ സർവകലാശാലയുടെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിരുന്നു. വിശദീകരണം ലഭിച്ച ശേഷം ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉന്നതവിദ്യഭ്യാസ മന്ത്രി ആർ.ബിന്ദു വ്യക്തമാക്കിയിരുന്നു. സിബസിനെ കുറിച്ച് പഠിക്കാൻ സർവകലാശാലയും സമിതിയെ നിയോഗിച്ചിരുന്നു.

