ക്ഷണത്തിന് നന്ദി; സി.പി.എം ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് പങ്കെടുക്കില്ല
text_fieldsകോഴിക്കോട്: സി.പി.എം ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല. സി.പി.എം ക്ഷണം സ്വാഗതം ചെയ്യുന്നതായും ക്ഷണിച്ചതിന് നന്ദി പറയുന്നതായും തീരുമാനം വിശദീകരിച്ചുകൊണ്ട് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ലീഗ് യു.ഡി.എഫിന്‍റെ ഭാഗമായതിനാലാണ് കോൺഗ്രസിനെ ക്ഷണിക്കാത്ത പരിപാടിയിൽ പങ്കെടുക്കാത്തത്. മുന്നണിയുടെ അന്തസ്സത്തക്ക് ചേരാത്ത പ്രവർത്തനം ലീഗിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. ഫലസ്തീനിലെ കെടുതികൾ നാൾക്കുനാൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ സർവകക്ഷി യോഗം ചേർന്ന് ഐക്യദാർഢ്യം പ്രഖ്യാപിക്കണം. ഇൻഡ്യ മുന്നണിയും ഇക്കാര്യത്തിൽ മുൻകൈയെടുക്കണം. എല്ലാവരും ഒറ്റക്കെട്ടായി പിന്തുണക്കേണ്ട വിഷയമായതിനാലാണ് ഇ.ടി. മുഹമ്മദ് ബഷീറിന്‍റെ ഇക്കാര്യത്തിലുള്ള അഭിപ്രായ പ്രകടനമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
ഫലസ്തീൻ വിഷയത്തിൽ ലീഗിന് സഥിരതയുള്ള നിലപാടുണ്ട്. ലോകത്തിന്‍റെ തന്നെ ശ്രദ്ധനേടുന്ന റാലിയാണ് പാർട്ടി കോഴിക്കോട് സംഘടിപ്പിച്ചത്. സി.പി.എം റാലിയും നല്ല രീതിയിൽ നടക്കട്ടെ. അതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. മലപ്പുറം കോൺഗ്രസിലെ ഗ്രൂപ് പോരിനെക്കുറിച്ച ചോദ്യത്തിന് കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടാറില്ലെന്നായിരുന്നു മറുപടി. ഇ.ടി. മുഹമ്മദ് ബഷീർ, പി.എം.എ. സലാം എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
പാർട്ടി അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്. സി.പി.എം റാലിയിൽ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന ഇ.ടി. മുഹമ്മദ് ബഷീറിന്‍റെ പ്രസ്താവനയെ തുടർന്ന് സി.പി.എം ലീഗിനെ റാലിക്ക് ക്ഷണിച്ചതോടെ വൻ വിവാദമാണ് ഉടലെടുത്തത്. കോൺഗ്രസിനെ ക്ഷണിക്കാത്ത പരിപാടിയിൽ ലീഗ് പങ്കെടുത്താൽ അത് യു.ഡി.എഫിൽ വിള്ളലുണ്ടാക്കുമെന്ന അവസ്ഥയുണ്ടായി. ഈ പശ്ചാത്തലത്തിലായിരുന്നു നേതാക്കൾ ലീഗ് ഹൗസിൽ അടിയന്തര യോഗം ചേർന്ന് തീരുമാനം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

