പണമടച്ച് ലീഗ്; എം.കെ. മുനീറിന്‍റെ വീടിന്‍റെ ജപ്തി ഒഴിവായി
text_fieldsഡോ. എ.കെ. മുനീർ
കോഴിക്കോട്: മുതിർന്ന നേതാവ് ഡോ. എം.കെ. മുനീറിന്‍റെ വീടിന്‍റെ ജപ്തി ഭീഷണി ഒഴിവായി. വിഷയത്തിൽ ഇടപെട്ട മുസ്‍ലിം ലീഗ് നേതൃത്വം പണമടച്ചു. ലീഗ് അടച്ചത് 49 ലക്ഷം.
വായ്പാ ബാധ്യത പരിഹരിക്കാമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചതായി മുനീർ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും വിളിച്ചു. പല വ്യക്തികളും സഹായം വാഗ്ദാനം ചെയ്തു. വ്യക്തികളിൽനിന്ന് സഹായം സ്വീകരിക്കില്ല എന്നതാണ് തന്‍റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ‘കാര്യങ്ങളൊക്കെ അന്വേഷിച്ചു. ഇതുവരെ അവരോട് ഞാൻ പറഞ്ഞിട്ടില്ലായിരുന്നു. അവരുടെ കുഴപ്പമല്ല, അവരോട് പറയാതിരുന്നതാണ്, പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കണ്ട എന്ന് വിചാരിച്ചാണ്. പാർട്ടി ഇപ്പോഴാണ് അറിയുന്നത്. രണ്ടു പേരും വിളിച്ചിരുന്നു. 31വരെ ബാങ്ക് അവധി തന്നിരുന്നു. അതിനകം അടച്ചില്ലെങ്കിൽ നടപടിയുണ്ടാകും. പ്രയാസപ്പെടണ്ട എന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ടെങ്കിൽ എന്തോ ആലോചിക്കുന്നുണ്ടാകുമല്ലോ. എനിക്കെപ്പോഴും തുണയായി നിന്നിട്ടുള്ളത് പാര്‍ട്ടിയാണ്’ -മുനീർ മാധ്യമങ്ങളോട് പറഞ്ഞു.
എം.എൽ.എ എന്ന നിലക്കും മന്ത്രി എന്ന നിലക്കുമുള്ള ശമ്പളം കിട്ടിയത് പാര്‍ട്ടിയെ കൊണ്ടല്ലേ. പിതാവിന് ശേഷം തന്നെ സംരക്ഷിച്ചുവന്നിട്ടുള്ളത് പാര്‍ട്ടിയാണെന്നും മുനീർ പറഞ്ഞു. മുനീറിന്റെ കിഴക്കേ നടക്കാവിലെ ക്രസന്റ് ഹൗസ് എന്ന വീടാണ് ജപ്തി ഭീഷണി നേരിട്ടത്. വീട് നവീകരണത്തിനായി ടൗൺ സർവിസ് സഹകരണ ബാങ്കിൽ നിന്ന് മുനീർ 35 ലക്ഷം രൂപയുടെ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങി പലിശയടക്കം 58 ലക്ഷം രൂപയിലെത്തി. ഒരുതവണ ബാങ്ക് വായ്പ പുതുക്കി നൽകിയിരുന്നു. അതിനുശേഷം ഒരിക്കൽ പോലും തിരിച്ചടവ് ഉണ്ടായില്ല. ബാങ്ക് അധികൃതർ പലതവണ നോട്ടീസ് അയച്ചു.
ജപ്തി നോട്ടീസ് ലഭിച്ചതോടെ വായ്പ അടക്കാൻ മുനീറിന്റെ കുടുംബം സന്നദ്ധത അറിയിച്ചു. പരമാവധി ഇളവ് വേണമെന്നും ബാങ്ക് അധികൃതരോട് അഭ്യർഥിച്ചു. തുടർന്ന് വായ്പ കുടിശ്ശിക 58 ലക്ഷത്തിൽ നിന്ന് 49 ലക്ഷമായി കുറച്ചു. വീടിന്റെ ജപ്തി വ്യക്തിപരമായ കാര്യമാണെന്നും അത്തരം കാര്യങ്ങളിൽ പാർട്ടിയോട് സഹായം തേടാറില്ലെന്നുമാണ് ഇന്നലെ മുനീർ മാധ്യമങ്ങളോട് പറഞ്ഞത്.
ആ വീട് മുനീറിന്റേത് മാത്രമല്ല, മുസ് ലിം ലീഗുകാരുടേതുകൂടിയാണ്. അത് നഷ്ടപ്പെടാൻ പാർട്ടി ഒരിക്കലും അനുവദിക്കില്ല, സാങ്കേതിക നടപടികൾ പൂർത്തിയാക്കി വീട് കടബാധ്യതയിൽനിന്ന് മുക്തമാക്കുമെന്ന് മുസ് ലിം ലീഗ് ദേശീയ സെക്രട്ടറി വി.കെ. ഫൈസൽ ബാബു ഇന്നലെ പ്രതികരിച്ചിരുന്നു. സി.എച്ച്. മുഹമ്മദ് കോയയുടെ വീട് എന്ന നിലയിൽ വൈകാരികമായ ബന്ധമാണ് ലീഗ് പ്രവർത്തകർക്ക് ഈ വീടുമായുള്ളതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ഇതിലേറെ വലിയ പ്രതിസന്ധിയും ലീഗ് നേതൃത്വം പരിഹരിച്ചിട്ടുണ്ടെന്നും മുനീർ ഒരിക്കലും അനാഥമാകില്ലെന്നും സി.കെ. സുബൈറും ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

