‘ലഹരി കേസിൽ ലീഗുകാരും’; മന്ത്രിയുടെ പരാമർശത്തിൽ കൊമ്പുകോർത്ത് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: ലഹരി കേസുകളിൽ മുസ്ലിം ലീഗിൽ ഉൾപ്പെട്ടവർ പിടിയിലാകുന്നുവെന്ന വിധത്തിലെ കായികമന്ത്രി വി. അബ്ദുറഹിമാന്റെ പരാമർശത്തെചൊല്ലി നിയമസഭയിൽ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേളക്കൊടുവിലാണ് മന്ത്രിമാരും പ്രതിപക്ഷാംഗങ്ങളും കൊമ്പുകോർത്തത്. എല്ലാ മണ്ഡലത്തിലും സ്റ്റേഡിയം പണിയുമെന്നായിരുന്നു വാഗ്ദാനമെന്നും ഈ ഇനത്തിൽ എത്ര രൂപ ചെലവഴിച്ചുവെന്നുമുള്ള ചോദ്യം ഉന്നയിക്കുന്നതിനിടെ, കായിക വകുപ്പ് വാഗ്ദാനവകുപ്പ് മാത്രമായി മാറിയെന്ന നജീബ് കാന്തപുരത്തിന്‍റെ പരാമർശമാണ് മന്ത്രിയെ പ്രകോപിതനാക്കിയത്.
മന്ത്രിയുടെ വിവാദ പരാമർശത്തോടെ പ്രതിപക്ഷം ബഹളം തുടങ്ങി. പിന്നാലെ പ്രതിപക്ഷനേതാവ് ഇടപെട്ടു. ഒരു രാഷ്ട്രീയപ്രസ്ഥാനത്തെ മന്ത്രി ആക്ഷേപിച്ചുവെന്നും അത് പിൻവലിക്കണമെന്നുമായിരുന്നു വി.ഡി. സതീശന്‍റെ ആവശ്യം. അല്ലാത്തപക്ഷം രേഖയിൽനിന്ന് നീക്കം ചെയ്യണമെന്നും സതീശൻ കൂട്ടിച്ചേർത്തു. പരിശോധിക്കാമെന്നായിരുന്നു സ്പീക്കറുടെ മറുപടി. ‘എന്ത് പരിശോധിക്കാൻ’ എന്നായി സതീശൻ.
ചോദ്യകർത്താവും മന്ത്രിയെ അധിക്ഷേപിക്കുന്ന രീതിയിലാണ് സംസാരിച്ചതെന്നും ഇത്തരം കാര്യങ്ങളൊന്നും രേഖകളിൽ ഉണ്ടാകില്ലെന്നും സ്പീക്കർ വ്യക്തമാക്കി. ഇതോടെയാണ് ബഹളത്തിന് ശമനമുണ്ടായത്. എന്നാൽ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നത് ശരിയല്ലെന്നും താൻ ചോദിച്ച ചോദ്യത്തിന് ഒരു ഉത്തരവും കിട്ടിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി നജീബ് തന്‍റെ രണ്ടാം അവസരത്തിൽ വീണ്ടും എഴുന്നേറ്റു. ‘മന്ത്രിയോട് ചോദിച്ചത് എത്ര തുക ചെലവഴിച്ചു എന്നതാണ്.
അതിന് ലഹരി കേസുകളാണ് മറുപടിയെങ്കിൽ ഇങ്ങനെയെടുത്ത കേസുകളുടെ പാർട്ടി തിരിച്ചുള്ള കണക്ക് പറയണ’മെന്നും നജീബ് വ്യക്തമാക്കി. പിന്നാലെ കായിക വകുപ്പ് പദ്ധതികൾ സംബന്ധിച്ച വിശദവവിവരങ്ങൾ മന്ത്രി അവതരിപ്പിച്ചു. അടുത്ത ചോദ്യത്തിനായി എഴുന്നേറ്റ ടി.വി. ഇബ്രാഹം ‘ലഹരി കേസിൽ ഉൾപ്പെട്ട ആലപ്പുഴയിലെ ബ്രാഞ്ച് സെക്രട്ടറി ഏത് പാർട്ടിക്കാരനാണെന്ന് പറഞ്ഞാൽ കൊള്ളാമെ’ന്ന് പറഞ്ഞതും ബഹളത്തിനിടയാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.