വിമർശനം കടുത്തു; മന്ത്രിമാരുടെ യോഗം വിളിച്ച് ലീഗ് നേതൃത്വം; ഇന്ന് രാവിലെ ഒമ്പതിന് പാണക്കാട്ടാണ് യോഗം
text_fieldsമലപ്പുറം: വിവാദങ്ങൾക്കിടെ, മുസ്ലിം ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് പാർട്ടി നേതൃത്വം. മന്ത്രിമാർക്കെതിരെ പാർട്ടിക്കുള്ളിൽ നിരന്തരം വിമർശനമുയരുന്ന പശ്ചാത്തലത്തിലാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ യോഗം വിളിച്ചത്. ചായസൽക്കാരമെന്ന പേരിലാണ് മന്ത്രിമാരെ പാണക്കാട്ടേക്ക് ക്ഷണിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് യോഗം.
പേഴ്സണൽ സ്റ്റാഫ് നിയമനവും പി.എം ശ്രീയുമടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. സ്റ്റാഫ് നിയമനങ്ങളിൽ പാർട്ടിയുടെയോ പോഷകസംഘടനകളുടെയോ അഭിപ്രായങ്ങൾ പരിഗണിക്കുന്നില്ലെന്നും മന്ത്രിമാർ തന്നിഷ്ടത്തോടെ പ്രവർത്തിക്കുന്നുവെന്നുമുള്ള ആക്ഷേപം ഉയർന്നിരുന്നു. ഈ വിഷയത്തിൽ യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികൾ മന്ത്രിമാർക്കെതിരെ പ്രമേയങ്ങൾ പാസാക്കുന്ന സ്ഥിതി വരെയുണ്ടായി.
പ്ലസ്വൺ സീറ്റ്, പി.എം ശ്രീ, മദ്യനയം, ഊരാളുങ്കൽ വിഷയങ്ങളിൽ പാർട്ടി നിലപാടിന് വിരുദ്ധമായി മന്ത്രിമാരുടേതായി വന്ന പ്രതികരണങ്ങളും അണികളിൽ അവമതിപ്പ് സൃഷ്ടിച്ചിരുന്നു. ഈ മാസം 18ന് കോഴിക്കോട്ട് ചേരുന്ന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനമുണ്ടാകുമെന്ന് സൂചനയുള്ളതിനാൽ ഇത് കൂടി കണക്കിലെടുത്താണ് യോഗം വിളിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

