മലപ്പുറം: മുസ്‍ലിം ലീഗിന് അധികാരമാണ് വലുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയില്‍ മറുപടിയുമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ബാബരി തകര്‍ക്കപ്പെട്ട വിഷയത്തില്‍ ദീർഘ വീക്ഷണത്തോടെയുള്ള തീരുമാനമാണ് ലീഗെടുത്തതെന്ന് കാലം തെളിയിച്ചു. ലീഗ് അതിനു ശേഷം തകർന്നില്ല, വളരുകയാണ് ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അവസരം കിട്ടിയാൽ കോൺഗ്രസിന് വേണ്ടി കൈ പൊക്കാമെന്നാണ് നിലവിലെ സി.പി.എമ്മിന്‍റെ സ്ഥിതിയെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.
സ്വർണക്കടത്ത്, ലൈഫ് മിഷൻ അഴിമതി എന്നിവ ഇടതുമുന്നണിയെ തകർച്ചയിൽ എത്തിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ സർക്കാർ പൂർണ പരാജയമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മറ്റും ഇതിന്‍റെ തിരിച്ചടി ഇടതുമുന്നണിക്ക് ഏൽക്കേണ്ടിവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫോൺവിവാദത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.