Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right12 മണ്ഡലങ്ങളിലും...

12 മണ്ഡലങ്ങളിലും ജയമുറപ്പിച്ചതായി ലീഗ്; താനൂർ തിരിച്ചുപിടിക്കും, തിരൂരിലും വേങ്ങരയിലും ഭൂരിപക്ഷം കുറഞ്ഞേക്കും

text_fields
bookmark_border
12 മണ്ഡലങ്ങളിലും ജയമുറപ്പിച്ചതായി ലീഗ്; താനൂർ തിരിച്ചുപിടിക്കും, തിരൂരിലും വേങ്ങരയിലും ഭൂരിപക്ഷം കുറഞ്ഞേക്കും
cancel

മലപ്പുറം: ജില്ലയിൽ മത്സരിച്ച 12 മണ്ഡലങ്ങളിലും വിജയം ഉറപ്പിച്ച് മുസ്ലിം ലീഗ്. ശക്തമായ മത്സരം നടന്ന തിരൂരും വേങ്ങരയും ഒഴികെയുള്ള മണ്ഡലങ്ങളിൽ ഭൂരിപക്ഷം ഗണ്യമായി വർധിപ്പിക്കാനാകുമെന്നാണ് ബൂത്ത് കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മണ്ഡലം കമ്മിറ്റികൾ വിലയിരുത്തുന്നത്. യു.ഡി.എഫ് അനുകൂല തരംഗം ഉണ്ടായാൽ എല്ലാ മണ്ഡലങ്ങളിലും ഭൂരിപക്ഷം വർധിക്കുമെന്നും കണക്കുകൂട്ടുന്നു. 2021ൽ 985 വോട്ടിന് കൈവിട്ട താനൂർ സുരക്ഷിത ഭൂരിപക്ഷത്തിൽ തിരിച്ചുപിടിക്കും. വേങ്ങരയിൽനിന്ന് മലപ്പുറത്തേക്ക് മാറിയ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് റെക്കോഡ് ഭൂരിപക്ഷവും പ്രതീക്ഷിക്കുന്നു.

മന്ത്രി വി. അബ്ദുറഹ്മാൻ താനൂരിൽനിന്ന് മണ്ഡലം മാറിയതോടെ മത്സരം ശക്തമായ തിരൂരിൽ യു.ഡി.എഫിന്‍റെ കുറുക്കോളി മൊയ്തീന് 5000ന് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രാദേശിക കമ്മിറ്റികളുടെ വിലയിരുത്തൽ. തിരൂർ നഗരസഭയിലും തലക്കാട് ഗ്രാമപഞ്ചായത്തിലും എൽ.ഡി.എഫ് ലീഡ് ചെയ്താലും മറ്റ് പഞ്ചായത്തുകളിലെ മികച്ച ഭൂരിപക്ഷത്തിന്‍റെ ബലത്തിൽ ജയിക്കാമെന്നാണ് കണക്കുകൂട്ടൽ. 2021ൽ നേരിയ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ട താനൂരിൽ 5000ന് മുകളിൽ വോട്ടിന് പി.കെ. നവാസ് ജയിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ലീഗ്. സി.പി.എം ഭരിക്കുന്ന നിറമരുതൂർ ഗ്രാമപഞ്ചായത്തിൽ നേരിയ ഭൂരിപക്ഷം ലഭിക്കുമ്പോൾ ബാക്കിയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നുമാണ് നിഗമനം. ലീഗ്-കോൺഗ്രസ് തർക്കമുള്ള പൊന്മുണ്ടം ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് വോട്ടുകൾ കോണി ചിഹ്നത്തിൽ തന്നെ പോൾ ചെയ്തു എന്നാണ് ലീഗ് വിലയിരുത്തുന്നത്.

ശക്തമായ മത്സരത്തിന്‍റെ പ്രതീതി ഉണ്ടായെങ്കിലും വേങ്ങരയിൽ കെ.എം. ഷാജി 15,000ൽപരം വോട്ടിന് ജയിക്കുമെന്നാണ് വിലയിരുത്തൽ. എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി സബാഹ് കുണ്ടുപുഴക്കലിന് വേങ്ങര ടൗൺ കേന്ദ്രീകരിച്ച് കുറച്ച് വോട്ടുകൾ പിടിക്കാൻ കഴിഞ്ഞാലും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഷാജിക്ക് ലീഡ് ചെയ്യാനാകുമെന്നാണ് പ്രാദേശിക കമ്മിറ്റികളുടെ റിപ്പോർട്ട്. തിരൂരങ്ങാടിയിൽ പി.എം.എ. സമീർ 25,000ന് മുകളിൽ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് വിലയിരുത്തൽ.

40,000ൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിജയം ഉറപ്പിച്ചിരിക്കുകയാണ് കമ്മിറ്റികൾ. ഒരു പക്ഷേ, അമ്പതിനായിരവും കടന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം മലപ്പുറത്താകാമെന്നും അവർ അവകാശപ്പെടുന്നു. കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങൾ 25,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും കണക്ക് കൂട്ടുന്നു. പോളിങ് ഏഴ് ശതമാനത്തോളം വർധിച്ചത് മഞ്ചേരിയിൽ അനുകൂല ജനവിധിയാണെന്നും അഡ്വ. എം. റഹ്മത്തുല്ലയുടെ വിജയം 20,000ൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാകുമെന്നും ലീഗ് അവകാശപ്പെടുന്നു. കൊണ്ടോട്ടിയിൽ 25,000 മുതൽ 30,000 വരെയുള്ള വോട്ടുകൾക്ക് ടി.പി. അഷ്റഫലി വിജയിക്കുമെന്നും നിലവിൽ എൽ.ഡി.എഫ് ഭരിക്കുന്ന വാഴയൂർ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ മേധാവിത്വം ഉണ്ടാകുമെന്നും വിലയിരുത്തുന്നു.

2021ൽ പെരിന്തൽമണ്ണയിൽനിന്ന് 38 വോട്ടിന്‍റെ നേരിയ ഭൂരിപക്ഷത്തിൽ ജയിച്ച നജീബ് കാന്തപുരം ഇത്തവണ ഏഴായിരത്തോളം വോട്ടിന്‍റെ വ്യക്തമായ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തുമെന്ന് പ്രാദേശിക ഘടകങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുലാമന്തോൾ ഗ്രാമപഞ്ചായത്തിൽ നേരിയ വോട്ടുകൾക്ക് പിന്നിലായാലും മറ്റിടങ്ങളിൽ വലിയ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. പെരിന്തൽമണ്ണ നഗരസഭയിൽ ചെറിയ മാർജിനിലായാലും ലീഡ് ലഭിക്കുമെന്നാണ് വിലയിരുത്തൽ.

മങ്കടയിൽ കുന്നത്ത് മുഹമ്മദിന് ലീഗ് വോട്ടുകൾ പിടിക്കാനായില്ലെന്നും മഞ്ഞളാംകുഴി അലിയുടെ ഭൂരിപക്ഷം 15,000 കടക്കുമെന്നും അവകാശപ്പെടുന്നു. ഏറനാട്ടിൽ പി.കെ. ബഷീറിന് 20,000ന് മുകളിലുള്ള ഭൂരിപക്ഷവും വള്ളിക്കുന്നിൽ ടി.വി. ഇബ്രാഹിമിന് 20,000 മുതൽ 25,000 വരെ വോട്ടുകളുടെ ഭൂരിപക്ഷവും മുസ്ലിം ലീഗ് കണക്കുകൂട്ടുന്നു.

ജില്ലയിൽ ഇ.വി.എം വഴി വോട്ട് രേഖപ്പെടുത്തിയത് 28,99,620 പേർ; പോളിങ് ശതമാനം 80.76

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഇ.വി.എം വഴി വോട്ട് രേഖപ്പെടുത്തിയത് 28,99,620 വോട്ടർമാർ. 13,10,945 പുരുഷൻമാരും 15,88,652 സ്ത്രീകളും 23 ട്രാൻസ്ജൻഡേഴ്സും വോട്ട് ചെയ്തു. മെഷീന്‍ വഴി പോള്‍ ചെയ്ത വോട്ടുകളുടെ ശതമാനം 79.83 ആണ്. 36,32,210 ആണ് ജില്ലയിലെ ആകെ വോട്ടര്‍മാര്‍. 33,924 പോസ്റ്റല്‍ ബാലറ്റുകളാണ് ജില്ലയില്‍ പോള്‍ ചെയ്തത്. ഇതും കൂടി ചേര്‍ന്നാല്‍ 80.76 ആണ് ജില്ലയിലെ പോളിങ് ശതമാനം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ അഞ്ചു ശതമാനം അധികമാണ് ഇത്തവണത്തെ പോളിങ് ശതമാനം. 75.70 ശതമാനമാണ് 2021ല്‍ ജില്ലയില്‍ രേഖപ്പെടുത്തിയ പോളിങ്. ജില്ലയില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ വഴി ഓരോ മണ്ഡലത്തിലും വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം താഴെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CandidatesvictoryIndian Union Muslim LeagueKerala Assembly Election 2026
News Summary - League claims victory in all 12 constituencies; Will win back Tanur, majority may decrease in Tirur and Vengara
Next Story