ലീഗിന് അഞ്ച് മന്ത്രിമാർ; മൂന്ന് പേരുകൾ ഉറപ്പിച്ചു, രണ്ടിൽ ചർച്ച
text_fieldsതിരുവനന്തപുരത്ത് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം നടക്കുന്നതിനിടെയെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, കെ.പി.എ. മജീദ്, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ സമീപം
തിരുവനന്തപുരം: പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, എൻ. ഷംസുദ്ദീൻ എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചു. മുസ്ലിം ലീഗിന് ലഭിക്കുന്ന അഞ്ച് മന്ത്രിസ്ഥാനങ്ങളിൽ ശേഷിക്കുന്നതിൽ വി.ഇ അബ്ദുൽ ഗഫൂർ (കളമശ്ശേരി), പാറയ്ക്കൽ അബ്ദുല്ല (കുറ്റ്യാടി), എ.കെ.എം അഷ്റഫ് (മഞ്ചേശ്വരം) എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
ശേഷിക്കുന്ന രണ്ടിൽ ആരെന്നതിൽ ഞായറാഴ്ച തീരുമാനമുണ്ടാകും. രാവിലെ പത്തിന് നന്ദാവനം പാണക്കാട് ഹാളിൽ ലീഗ് പാർലമെന്ററി പാർട്ടി യോഗം ചേരുന്നുണ്ട്. ഇതിലാകും പ്രഖ്യാപനം.
നേരത്തെ പി.കെ ബഷീറിന്റെ പേര് പരിഗണിച്ചെങ്കിലും ജില്ല പ്രാതിനിധ്യം സംബന്ധിച്ച അവസാനവട്ട ചർച്ചകളിലാണ് മറ്റ് മൂന്ന് പേരുകളിലേക്ക് പരിഗണനകൾ വഴിമാറിയത്. പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി എന്നിവർ മലപ്പുറം ജില്ലയെ പ്രതിനിധീകരിക്കുമ്പോൾ എൻ.ഷംസുദ്ദീന് പാലക്കാടിന്റെ പ്രാതിനിധ്യമാണ്.
മുസ്ലിം ലീഗ് മലബാർ പാർട്ടിയാണെന്ന പ്രതിഛായ മാറ്റലാണ് വി.ഇ അബ്ദുൽ ഗഫൂറിനെ കേന്ദ്രീകരിച്ചുള്ള ചർച്ചകളിൽ പ്രതിഫലിക്കുന്നത്. കാസർകോട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ് മറ്റ് രണ്ട് പേർ. എല്ലാ ജില്ലകള്ക്കും പ്രാതിനിധ്യം വേണമെന്നാണ് ലീഗ് എം.എൽ.എമാരുടെ ആവശ്യം.
ഉമ്മൻചാണ്ടി സർക്കാർ കാലത്ത് മലപ്പുറത്ത് നിന്ന് മൂന്നും, കോഴിക്കോട്, എറണാകുളം ജില്ലകൾക്ക് ഒന്നു വീതവും പ്രാതിനിധ്യമാണ് മന്ത്രിസഭയിൽ മുസ്ലിം ലീഗിനുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

