സ്ത്രീ ശാക്തീകരണം ആരംഭിക്കേണ്ടത് വീടകങ്ങളിൽ -കലക്ടർ
text_fields‘മാധ്യമ’വും ‘മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും’ സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലീഡ് ഹെർ ഷിപ്’ കാമ്പയിനിന്‍റെ രണ്ടാം സീസൺ ലോഗോ പ്രകാശനം മലബാർ ഗോൾഡ് ഹെഡ്ക്വാർട്ടേഴ്സായ മൊണ്ടാന എസ്റ്റേറ്റിൽ കലക്ടർ എം.എസ് മാധവികുട്ടി നിർവഹിച്ചപ്പോൾ. മലബാർ ഗ്രൂപ്പ് ലീഡർഷിപ്പ് ഡെവലപ്മെൻ്റ് ഹെഡ് റാണി അർച്ചന ഡാനിയേൽ, പബ്ളിക് അഫയഴ്സ് ഹെഡ് യു.വി ജോസ്, മീഫ്രണ്ട് ഡയറക്ടർ സലീം അമ്പലൻ, മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, മാധ്യമം സി.ഇ.ഒ പി.എം. സ്വാലിഹ്, മലബാർ ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ എ.കെ. നിഷാദ് എന്നിവർ സമീപം
കോഴിക്കോട്: വനിതകളെ സമൂഹത്തിന്റെ നേതൃനിരയിലേക്ക് ഉയർത്തിക്കൊണ്ടുവരികയും വിവിധ മേഖലകളിൽ നേതൃത്വപരമായ പങ്കുവഹിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ‘മാധ്യമ’വും ‘മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും’ സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലീഡ്‌ഹെർഷിപ്’ കാമ്പയിൻ സീസൺ-2വിന് തുടക്കം. മലബാർ ഗ്രൂപ്പ് ആസ്ഥാനമായ മൊണ്ടാന എസ്റ്റേറ്റിൽ നടന്ന ചടങ്ങിൽ ജില്ല കലക്ടർ എം.എസ്. മാധവിക്കുട്ടി കാമ്പയിൻ ലോഗോ പുറത്തിറക്കി. സ്ത്രീ ശാക്തീകരണം ആരംഭിക്കേണ്ടതും അതിനായി ഇടപെടേണ്ടതും വീടകങ്ങളിലാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കലക്ടർ എം.എസ്. മാധവിക്കുട്ടി പറഞ്ഞു. മലബാർ ഗ്രൂപ്പിന് ഇത് സന്തോഷത്തിന്‍റെ അവസരമാണെന്നും സാമൂഹിക ഉത്തരവാദിത്തം എന്ന നിലയിലാണ് സ്ത്രീകൾക്കുവേണ്ടി ഇത്തരം പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യപ്രഭാഷണം നടത്തിയ മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. മാധ്യമം സി.ഇ.ഒ. പി.എം. സാലിഹ് ആമുഖപ്രഭാഷണം നടത്തി. മീഫ്രണ്ട് ഡയറക്ടർ സലീം അമ്പലൻ, മലബാർ ഗ്രൂപ്പ് ലീഡർഷിപ് ഡെവലപ്മെന്‍റ് ഹെഡ് റാണി അർച്ചന ഡാനിയേൽ, പബ്ലിക് അഫയേഴ്സ് ഹെഡ് യു.വി. ജോസ് എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ എ.കെ. നിഷാദ് നന്ദി പറഞ്ഞു. ‘മീഫ്രണ്ട്’ ആണ് കാമ്പയിനിന്‍റെ ഏകോപനം നിർവഹിക്കുന്നത്.
വനിതാ ശാക്തീകരണത്തെക്കുറിച്ചുള്ള ചർച്ചകളിൽനിന്ന് വനിതാ നേതൃത്വത്തിന്റെ പ്രായോഗികമായ വളർച്ചയിലേക്കുള്ള ചുവടുവെപ്പാണ് ‘ലീഡ്‌ഹെർഷിപ്’ കാമ്പയിൻ. സാമ്പത്തിക ശാക്തീകരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാമൂഹിക മുന്നേറ്റം, നേതൃത്വവികസനം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിപാടികളിൽ ചർച്ച ചെയ്യും.

