വനിത ശാക്തീകരണത്തിന് വേദിയൊരുക്കി ലീഡ്ഹെർഷിപ് കാമ്പയിൻ രണ്ടാം സീസണ് ഇന്ന് തുടക്കം; കോഴിക്കോട് ജില്ലാ കലക്ടർ എം.എസ് മാധവികുട്ടി ലോഞ്ച് ചെയ്യും
text_fields1. MS Madhavikutty IAS, 2. MP Ahammad, 3. PM Salih, 4. Salim Ambalan
കോഴിക്കോട്: വനിതകളെ സമൂഹത്തിന്റെ നേതൃനിരയിലേക്ക് ഉയർത്തിക്കൊണ്ടുവരികയും വിവിധ മേഖലകളിൽ നേതൃത്വപരമായ പങ്കാളിത്തത്തിന് പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മാധ്യമവും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും സംയുക്തമായി സംഘടിപ്പിക്കുന്ന 'ലീഡ്‌ഹെർഷിപ്' കാമ്പയിന്റെ രണ്ടാം സീസണിന് ഇന്ന് തുടക്കമാകും. വനിതാ ശാക്തീകരണം, സാമ്പത്തിക മുന്നേറ്റം, സാങ്കേതികവിദ്യ, സാമൂഹിക നേതൃത്വം തുടങ്ങിയ മേഖലകളിൽ യുവതികളുടെ അറിവും ആത്മവിശ്വാസവും നേതൃത്വശേഷിയും വളർത്തുകയാണ് കാമ്പയിന്റെ ലക്ഷ്യം.
കോളേജ് വിദ്യാർഥിനികളെ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന കാമ്പയിൻ, സ്ത്രീകളുടെ പങ്കാളിത്തം വിവിധ മേഖലകളിലെ തീരുമാനമെടുക്കുന്ന തലങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത കൂടി ഉയർത്തിക്കാട്ടുന്നു. സ്വന്തം കഴിവുകളും സാധ്യതകളും തിരിച്ചറിയാനും ആത്മവിശ്വാസത്തോടെ തീരുമാനങ്ങളെടുക്കാനും സാമൂഹികവും സാമ്പത്തികവും തൊഴിൽപരവുമായ മേഖലകളിൽ സജീവമായ ഇടപെടലുകൾ നടത്താനും യുവതികളെ പ്രാപ്തരാക്കുന്ന പരിപാടികളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം ആറ് വനിതാ കോളേജുകളിലായാണ് കാമ്പയിന്റെ ആദ്യ സീസൺ നടന്നത്. ആദ്യ സീസണിന്റെ തുടർച്ചയായി ഈ വർഷം എട്ട് കോളേജുകളിലേക്ക് കാമ്പയിൻ വ്യാപിപ്പിക്കും. കണ്ണൂർ കൂത്തുപറമ്പ് നിർമലഗിരി കോളേജ്, കോഴിക്കോട് മുക്കം കെ.എം.സി.ടി വിമൻസ് എൻജിനീയറിങ് കോളേജ്, പ്രൊവിഡൻസ് വിമൻസ് കോളേജ് കോഴിക്കോട്, നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളേജ്, മഞ്ചേരി യൂണിറ്റി വിമൻസ് കോളേജ്, പെരുമ്പിലാവ് അൻസാർ വിമൻസ് കോളേജ്, എറണാകുളം സെന്റ് തെരേസാസ് കോളേജ്, കൊല്ലം ശ്രീനാരായണ വിമൻസ് കോളേജ് എന്നിവിടങ്ങളിലാണ് രണ്ടാം സീസണിലെ പരിപാടികൾ നടക്കുക.
സാമ്പത്തിക ശാക്തീകരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാമൂഹിക മുന്നേറ്റം, നേതൃത്വവികസനം തുടങ്ങിയ കാലിക വിഷയങ്ങളാണ് രണ്ടാം സീസണിൽ പ്രധാനമായും ചർച്ച ചെയ്യുക. സാമൂഹിക മാറ്റങ്ങളിലും പൊതുരംഗത്തെ ഇടപെടലുകളിലും സ്ത്രീകൾക്ക് കൂടുതൽ നേതൃത്വപരമായ പങ്കുവഹിക്കാനുള്ള അവസരങ്ങൾ പങ്കുവെക്കുന്നതാകും ലീഡ്‌ഹെർഷിപ് കാമ്പയിൻ.
അക്കാദമിക് വിദ്യാഭ്യാസത്തിനപ്പുറം ജീവിതത്തിലും തൊഴിൽരംഗത്തും പൊതുസമൂഹത്തിലും ആവശ്യമായ അറിവും കഴിവുകളും വിദ്യാർഥിനികൾക്ക് പകർന്നുനൽകുന്ന തരത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. വിദഗ്ധരുമായുള്ള സംവാദങ്ങൾ, അനുഭവങ്ങൾ പങ്കുവെക്കൽ, പ്രചോദനാത്മകമായ ആശയവിനിമയങ്ങൾ, വിഷയാധിഷ്ഠിത ചർച്ചകൾ എന്നിവയും കാമ്പയിന്റെ ഭാഗമായി നടക്കും.
ഇന്ന് വൈകീട്ട് 4.30ന് കോഴിക്കോട് കുറ്റിക്കാട്ടൂരിലെ മലബാർ ഗോൾഡ് ഹെഡ് ക്വാർട്ടേഴ്സായ മൊണ്ടാന എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടി ഐ.എ.എസ്. ലീഡ്‌ഹെർഷിപ് കാമ്പയിൻ ലോഞ്ച് ചെയ്യും. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം.പി. അഹമ്മദ്, മാധ്യമം സി.ഇ.ഒ. പി.എം. സാലിഹ്, മിഫ്രണ്ട് ഡയറക്ടർ സലിം അമ്പലൻ എന്നിവർ പങ്കെടുക്കും.

