ലീഡ്‌ഹെർഷിപ് ഇന്ന് മഞ്ചേരി യൂനിറ്റി കോളജിൽ
text_fieldsമഞ്ചേരി: വനിതകളെ സമൂഹത്തിന്റെ നേതൃനിരയിലേക്ക് ഉയർത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ‘മാധ്യമ’വും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലീഡ്‌ഹെർഷിപ്’ രണ്ടാം സീസൺ ഇന്ന് മഞ്ചേരി കെ.എ.എച്ച്.എം യൂനിറ്റി വിമൻസ് കോളജിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം അഡ്വ. എം. റഹ്മത്തുല്ല എം.എൽ.എ നിർവഹിക്കും.
സ്ത്രീകളുടെ ഒരുമയുടെ അനന്തമായ സാധ്യതകൾ വ്യക്തമാക്കുന്ന ‘ടുഗെറ്റ്ഹെർനസ്’ എന്നതാണ് പരിപാടിയിൽ ചർച്ചയാകുക. യു.പി.എസ്.സി റാങ്ക് ജേതാവ് വി.പി. ജഹാന സെറിൻ, പ്രശസ്ത നടിമാരായ വിൻസി അലോഷ്യസ്, ജോളി ചിറയത്ത് എന്നിവർ വിദ്യാർഥികളുമായി സംവദിക്കും.
യൂനിറ്റി വിമൻസ് കോളജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) മുഹമ്മദ് ബഷീർ ഉമ്മത്തൂർ, ‘മാധ്യമം’ സി.ഇ.ഒ പി.എം. സാലിഹ്, എം. ഷബീർമോൻ, ഡോ. എൻ.വി. ഫാത്തിമത്തു സുഹ്‌റ, മലബാർ ഗോൾഡ് പ്രതിനിധി കെ. മഞ്ജുഷ എന്നിവരും സംസാരിക്കും. കേരളത്തിനകത്തും പുറത്തുമായി എട്ടു പ്രമുഖ കോളജുകളിലാണ് ലീഡ്‌ഹെർഷിപ് രണ്ടാം സീസണിലെ പരിപാടികൾ നടക്കുന്നത്.

