
ആരോപണങ്ങളുമായി നേതാക്കൾ; 'ശോഭ'യില്ലാതെ ബി.ജെ.പി ഭാരവാഹി യോഗം
text_fieldsകൊച്ചി: ആരോപണങ്ങൾ നിറഞ്ഞ് ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗം. കേന്ദ്ര നിർദേശത്തിന് വിപരീതമായി സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭ സുരേന്ദ്രൻ യോഗത്തിൽ പങ്കെടുക്കാതിരുന്നത് ചർച്ചയായി. അധികാരമോഹിയായി ചിത്രീകരിച്ച് അവരെ ഒറ്റപ്പെടുത്തി പാർട്ടിയിൽനിന്ന് പുറത്താക്കാൻ ഒരു വിഭാഗം ഗൂഢാലോചന നടത്തിയെന്ന് ശോഭ സുരേന്ദ്രന് വേണ്ടി വാദിച്ച നേതാക്കൾ ആരോപിച്ചു. ഇക്കാര്യത്തിൽ കേന്ദ്രത്തിെൻറ അന്വേഷണം ആവശ്യമാണ്. അവരെ മാറ്റിനിർത്തി തദ്ദേശ തെരഞ്ഞെടുപ്പ് നേരിടാൻ ശ്രമിക്കുമ്പോൾ തിരിച്ചടിയുണ്ടായേക്കാം. ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളെയും ഇത്തരത്തിൽ മാറ്റിനിർത്തിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടവിധം മുന്നേറ്റം കാഴ്ചവെക്കാൻ കഴിയാതെവന്നാൽ അത് കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ പക്ഷങ്ങളുടെമേൽ കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പരാതി ഉയർന്നു. കേന്ദ്ര നേതൃത്വം ശോഭ സുരേന്ദ്രനുമായി ചർച്ച നടത്തിയെങ്കിലും മുതിർന്ന നേതാക്കൾ അടക്കമുള്ളവരെ പ്രവർത്തനത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നും ഗ്രൂപ് പ്രവർത്തനം അവസാനിപ്പിക്കണമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അവർ. ഗ്രൂപ് അതിപ്രസരത്തിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുള്ള ഒ. രാജഗോപാൽ, സി.കെ. പത്മനാഭൻ എന്നിവരും യോഗത്തിൽ പങ്കെടുത്തില്ല.
അതേസമയം അസൗകര്യം മൂലം നിരവധി പേർ വന്നിട്ടില്ലെന്നും തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും മാത്രമാണ് ചർച്ച െചയ്തതെന്നും കെ. സുരേന്ദ്രൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ആരോപിക്കുന്നത് പോലുള്ള പ്രശ്നങ്ങൾ പാർട്ടിയിലില്ല. ചർച്ച ചെയ്യേണ്ട വിഷയമുണ്ടെങ്കിൽ അത് കോർ കമ്മിറ്റിയിൽ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.