പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകൾ നേതാക്കളിൽ നിന്നുണ്ടാവരുത് - മുന്നറിയിപ്പുമായി എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകൾ നേതാക്കളിൽ നിന്നുണ്ടാവരുതെന്ന മുന്നറിയിപ്പുമായി സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ സെക്രട്ടറി എം.വി. ഗോവിന്ദൻ. നേതാക്കൾ മാധ്യമങ്ങളോട് സംസാരിക്കുന്നത് ജാഗ്രതയോടെ വേണം. പാർട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവനകൾ ആരുടെ ഭാഗത്തുനിന്നും ഒരു കാരണവശാലും ഉണ്ടാവാൻ പാടില്ല. അത്തരം കാര്യങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂനപക്ഷ വിഭാഗങ്ങളെ പാർട്ടിയിൽ നിന്നകറ്റുന്ന തരത്തിൽ പ്രസ്താവന നടത്തിയ മന്ത്രിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സജി ചെറിയാൻ, മുതിർന്ന നേതാവ് എ.കെ. ബാലൻ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു സെക്രട്ടറിയുടെ വാക്കുകളെന്നാണ് സൂചന. വർഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാൻ മലപ്പുറത്തും കാസർകോട്ടും ജയിച്ചവരുടെ പേരുകൾ നോക്കിയാൽ മതിയെന്നും ഇതാർക്കും മനസിലാകില്ലെന്ന് കരുതരുതെന്നുമുള്ള സജി ചെറിയാന്‍റെ വാക്കുകൾ പാർട്ടിക്കാകെ ക്ഷീണമായെന്ന വിലയിരുത്തലാണ് സംസ്ഥാന സമിതി യോഗത്തിലുണ്ടായത്.
സജി ചെറിയാന്‍റെ വാക്കുകൾ അനവസരത്തിലാണെന്ന് യോഗത്തിൽ നേതാക്കളിൽ ചിലർ തുറന്നടിക്കുകയും ചെയ്തു. എൽ.ഡി.എഫിന്‍റെ തെക്ക്, വടക്ക്, മധ്യ മേഖല ജാഥകൾ വിജയിപ്പിക്കാനുള്ള കാര്യങ്ങളും യോഗം വിലയിരുത്തി. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുപിന്നാലെ വീടുകൾ കയറിയതിന്‍റെ പ്രതികരണങ്ങളും യോഗം ചർച്ച ചെയ്തു.
കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സജിചെറിയാൻ വിഷയം ചർച്ചയായിരുന്നില്ല. വിവാദത്തിൽ പാർട്ടി നിർദ്ദേശ പ്രകാരം സജി ചെറിയാൻ മാധ്യമങ്ങൾക്കുമുന്നിൽ വിശദീകരണം നൽകിയതിനാൽ ഇക്കാര്യത്തിൽ ഇനി ചർച്ച വേണ്ടെന്ന നിലപാടായിരുന്നു സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

