
അനുനയം, പുതിയ സ്ഥാനമാനം... എന്നിട്ടും മെരുങ്ങുന്നില്ലെങ്കിൽ ഭീഷണി; വിമതരെ മെരുക്കാൻ നേതാക്കൾ രംഗത്ത്
text_fieldsകോട്ടയം: മുന്നണികൾക്കെല്ലാം തലവേദനയാകുന്ന 'വിമത'ന്മാരെ തന്ത്രപൂർവം മെരുക്കാൻ നേതാക്കൾ രംഗത്ത്. ജില്ല തലത്തിൽ മെരുങ്ങാത്തവരെ കൈകാര്യം ചെയ്യാൻ അതത് ജില്ലകളിലെ സംസ്ഥാന നേതാക്കൾക്കാണ് ചുമതല. ആദ്യം അനുനയം, വഴങ്ങുന്നില്ലെങ്കിൽ പുതിയ സ്ഥാനമാനങ്ങൾ, എന്നിട്ടും മെരുങ്ങുന്നില്ലെങ്കിൽ ഭീഷണി. ഇതാണ് മുന്നണി നേതൃത്വത്തിെൻറ വിമതന്മാരോടുള്ള സമീപനം.
യു.ഡി.എഫിലാണ് വിമതന്മാർ ഏറെ. എന്നാൽ, അച്ചടക്ക നടപടിയെടുത്താൽ പോലും വഴങ്ങാത്തവരെയാണ് യു.ഡി.എഫിന് ഭയം. കൂടുതൽ പ്രശ്നക്കാരാണെന്നതിനാൽ മുതിർന്ന നേതാക്കൾ തന്നെ ഇവരെ നേരിൽ കാണുന്നതാണ് യു.ഡി.എഫിലെ പതിവ്. മധ്യകേരളത്തിൽ കോൺഗ്രസിന് പുറമെ സി.പി.എമ്മിലും കേരള കോൺഗ്രസുകളിലും വിമത ശല്യം രൂക്ഷമാണ്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വിജയിക്കുകയെന്നത് പാർട്ടികൾക്ക് അഭിമാന പ്രശ്നം കൂടിയായതോടെ എന്തുവിലകൊടുത്തും ഇവരെ മെരുക്കണമെന്നാണ് സംസ്ഥാന നേതൃത്വം നൽകിയ നിർദേശം.
കോട്ടയത്ത് ജില്ല പഞ്ചായത്തിലും നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും വിമതശല്യം യു.ഡി.എഫിന് കടുത്ത തലവേദന സൃഷ്ടിക്കുന്നുണ്ട്. മുൻകാലങ്ങളിലെ തിരിച്ചടി നന്നായി അറിയാവുന്നതിനാൽ ഇത്തവണ അവരെ പിണക്കാതെ കൈകാര്യം ചെയ്യണമെന്ന ഉറച്ച നിലപാടിലാണ് മുന്നണികൾ.
ഇടതുമുന്നണിയുടെ ഭാഗമായതോടെ വിമതന്മാരെ എങ്ങനെയും ഒതുക്കാനുള്ള നെട്ടോട്ടത്തിലാണ് കേരള കോൺഗ്രസ് ജോസ് വിഭാഗം. ജോസിെൻറ വരവിൽ അസ്വസ്ഥരായ സി.പി.ഐയും ഇടതുമുന്നണിക്ക് തലവേദനയാകുന്നു. പാലാ കരൂരിൽ സി.പി.ഐ ഏഴുസീറ്റിൽ ഒറ്റക്കാണ് മത്സരം.
കോട്ടയമടക്കം മധ്യകേരളത്തിലെ ചില ജില്ലകളിൽ കോൺഗ്രസിലെ വിമതന്മാരെ ഒതുക്കാൻ ഉമ്മൻ ചാണ്ടി തന്നെ ഇടപെടേണ്ട സാഹചര്യവും നിലനിൽക്കുന്നു. ജില്ല പഞ്ചായത്ത് എരുമേലി ഡിവിഷനിൽ കോൺഗ്രസിെൻറ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മൂന്നുപേർ രംഗത്തുണ്ട്.
ഭരണങ്ങാനം ഡിവിഷനിൽ ഇടതുസ്ഥാനാർഥിക്കെതിരെ സിറ്റിങ് മെംബറും രംഗത്തുണ്ട്. ഇവരെ പിൻവലിപ്പിക്കാൻ ജോസ്.കെ.മാണി തന്നെ കളത്തിലുണ്ട്. പള്ളം േബ്ലാക്ക് പഞ്ചായത്ത് ഡിവിഷനിൽ സി.പി.എം സ്ഥാനാർഥി ജനതാദളിനെതിരെയും മത്സരിക്കുന്നു. കോട്ടയത്തിെൻറ പടിഞ്ഞാറൻ മേഖലകളിൽ വിമതശല്യം നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്.