'അധികാരമോഹികൾ പോകെട്ട, അല്ലാത്തവരെ തിരിച്ചെത്തിക്കും'
text_fieldsകൽപറ്റയിൽ ഡി.സി.സി ജനറല്‍ ബോഡി യോഗത്തില്‍ കെ. മുരളീധരന് എം.പി സംസാരിക്കുന്നു
കല്പറ്റ: ജില്ല കോൺഗ്രസിലെ പ്രശ്നപരിഹാരത്തിനായി സംസ്ഥാന നേതാക്കളുടെ ഇടപെടൽ. വ്യാഴാഴ്ച ജില്ലയുടെ ചുമതലയുള്ള കെ. മുരളീധരെൻറയും കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരെൻറയും നേതൃത്വത്തിൽ ഡി.സി.സി ജനറൽ ബോഡി യോഗം ചേർന്നു. പാര്‍ട്ടിയില്‍നിന്ന് ഏതാനും മുതിർന്ന നേതാക്കള്‍ രാജിവെച്ചതിനു പിന്നാലെയാണ് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ ജില്ലയിലെ മുഴുവന്‍ നേതാക്കളെയും പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നത്. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ പാർട്ടി നേതാക്കളുടെ രാജി ദേശീയതലത്തിൽതന്നെ ചർച്ചയായിട്ടുണ്ട്.
യു.ഡി.എഫിനെ മൂന്ന് മണ്ഡലങ്ങളിലും വിജയിപ്പിക്കുന്നതിന് ഒറ്റക്കെട്ടായി രംഗത്തിറങ്ങാന്‍ യോഗം തീരുമാനിച്ചു. നിലവിലെ സാഹചര്യങ്ങളും വിശദമായി ചര്‍ച്ചചെയ്തു. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് വിജയം നേടുമെന്ന് കെ. മുരളീധരന് പറഞ്ഞു. യോഗശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിലെ തര്‍ക്കങ്ങളൊക്കെ പിന്നീട് ചര്‍ച്ചചെയ്ത് പരിഹരിക്കും. തെറ്റിദ്ധാരണ മൂലം പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചുപോയവരെ സമന്വയത്തിലൂടെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കും.
പാര്‍ട്ടിയും മുന്നണിയും ഒരുമിച്ച് നീങ്ങും. ആരുടെ മുന്നിലും വാതില്‍ കൊട്ടിയടക്കില്ല. എന്താണ് പോകാനിടയായ സാഹചര്യമെന്ന് മനസ്സിലാക്കും. മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്ന് സ്ഥാനാര്ഥിയായവരെ തിരിച്ചുവിളിക്കാന്‍ സാധ്യമല്ല. രാജിവെച്ച് മറ്റൊന്നിനും പോകാത്തവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് കോണ്‍ഗ്രസ് ഹൈകമാൻഡാണ്. ജില്ലയിൽ കോൺഗ്രസിലെ എല്ലാ വിഷയങ്ങളും രാഹുല്‍ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തും. അദ്ദേഹം സ്വീകരിക്കുന്ന അന്തിമതീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇനിയാരും പാര്‍ട്ടിയില്‍നിന്ന് രാജിവെക്കില്ലെന്നും എല്ലാവര്‍ക്കുമുള്ള ഇടം കോണ്‍ഗ്രസിലുണ്ടെന്നും വയനാട്ടിലെ പ്രവര്‍ത്തകരുടെ വികാരങ്ങള്‍ കണക്കിലെടുത്തുകൊണ്ടു മാത്രേമ നേതൃത്വം പ്രവര്‍ത്തിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
അധികാരത്തിനുവേണ്ടി പോയവരെ തിരികെകൊണ്ടുവരാനാവില്ലെന്ന് കെ. സുധാകരന് എം.പി പറഞ്ഞു. എന്നാൽ, തെറ്റിദ്ധാരണ കൊണ്ടും അഭിപ്രായവ്യത്യാസം കൊണ്ടും മാറിനില്‍ക്കുന്നവരെ തിരികെ പാര്‍ട്ടിയിലെത്തിക്കാന്‍ നടപടി സ്വീകരിക്കും. അതിനുള്ള ഫോര്‍മുല തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിെൻറ ഭാഗമായാണ് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ബോഡി യോഗം ചേര്‍ന്നത്. ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ, എ. മുഹമ്മദ് കുഞ്ഞി, കെ.സി. റോസക്കുട്ടി ടീച്ചര്‍, പി.കെ. ജയലക്ഷ്മി, എന്‍.ഡി. അപ്പച്ചന്, പി.വി. ബാലചന്ദ്രന്, കെ.എല്‍. പൗലോസ്, എന്‍.എ. കരീം, സുനില്‍ മടപ്പള്ളി, അച്യുതന് പുതിയടത്ത്, അഡ്വ. ടി.ജെ. ഐസക്, കെ.കെ. അബ്രാഹം, പി.പി. ആലി, പി. ചന്ദ്രന്, വി.എ. മജീദ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

