തള്ളിപ്പറഞ്ഞ് നേതാക്കൾ, ഒറ്റപ്പെട്ട് അടൂർ പ്രകാശ്; ഘടകകക്ഷികൾക്കും അതൃപ്തി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വെടിപൊട്ടിക്കലിൽ ഒറ്റപ്പെട്ട് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. പാർട്ടിയിൽ കാര്യമായ പിന്തുണ കിട്ടിയില്ലെന്ന് മാത്രമല്ല, വിമർശനം ഉയരുകയും മറുഭാഗത്ത് ഘടകകക്ഷികൾ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് അടൂർ പ്രകാശ് ഒറ്റപ്പെട്ടത്. ഒരു വിഭാഗം നേതാക്കളുടെ ആശിർവാദത്തോടെയായിരുന്നു നീക്കങ്ങളെങ്കിലും പരോക്ഷ പരാമർശങ്ങൾക്ക് അപ്പുറം അടൂർ പ്രകാശിനെ പരസ്യമായി പിന്തുണക്കാൻ ഇവരാരും തയാറായില്ല.
ഉന്നയിച്ച വിഷയങ്ങൾ ശരിയാണെന്ന് പറയുന്ന നേതാക്കൾപോലും ഇതിനായി തെരഞ്ഞെടുത്ത സമയവും സന്ദർഭവും രീതിയും സ്ഥലവും തെറ്റിപ്പോയെന്ന അഭിപ്രായമുള്ളവരാണ്. പാർട്ടി കാര്യങ്ങൾ പുറത്ത് പറയുന്നതിനോട് താൻ ഒരിക്കലും യോജിക്കുന്നില്ലെന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പ്രതികരണം പ്രകാശിനെ പരസ്യമായി തള്ളിപ്പറയുന്നതിന് തുല്യമായി.
ചർച്ചകളുടെ അഭാവമുണ്ടെങ്കിൽ അത് പൊതുവായല്ല പറയേണ്ടതെന്നും അഭിപ്രായങ്ങൾ പാർട്ടിക്കുള്ളിലാണ് പറയേണ്ടതെന്നുമുള്ള എ.പി. അനിൽകുമാറിന്റെ വാക്കുകളിലും കാര്യങ്ങൾ വ്യക്തം. സർക്കാർ ആക്രമിക്കപ്പെടുമ്പോൾ പ്രതിരോധം സൃഷ്ടിക്കേണ്ടയാൾ മുഖ്യമന്ത്രിയെ വിമർശിക്കാൻ വാർത്ത സമ്മേളനം വിളിച്ചത് ഔചിത്യമില്ലാത്തതും പദവിക്ക് നിരക്കാത്തതുമായ നടപടിയാണെന്ന് രാജ്മോഹൻ ഉണ്ണിത്താനും, അറിയേണ്ട കാര്യങ്ങളെല്ലാം കൃത്യമായി മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്ന് മന്ത്രി കെ. മുരളീധരനും തുറന്നടിച്ചതോടെ അടൂർ പ്രകാശ് കൂടുതൽ പ്രതിരോധത്തിലായി.
എങ്കിലും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയും പരാതി എ.ഐ.സി.സിയെ അറിയിക്കുമെന്ന് ആവർത്തിക്കുകയുമാണ് അടൂർ പ്രകാശ്. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾക്കപ്പുറം മുന്നണി സംവിധാനമെന്ന നിലയിൽ യു.ഡി.എഫിന്റെ കെട്ടുറപ്പിനെ പരിക്കേൽപ്പിക്കുന്നതാണ് അടൂർ പ്രകാശിന്റെ പരാമർശങ്ങൾ. വിവാദങ്ങൾ മുസ്ലിം ലീഗിൽ വലിയ അതൃപ്തിക്കിടയാക്കി. മുന്നണിക്കുള്ളിൽ എല്ലാ തീരുമാനങ്ങളും ഉഭയകക്ഷി ചർച്ചകളിലൂടെയാണ് എടുക്കുന്നതെന്നും എം.കെ. മുനീറിന്റെ നിയമനത്തിൽ നേരത്തേതന്നെ ധാരണയായതാണെന്നുമുള്ള പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം പ്രകാശിന്റെ വാദങ്ങളെ തള്ളുന്നതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

