കൈവിട്ട വാർഡുകളിൽ തലപുകഞ്ഞ് മുന്നണികൾ
text_fieldsപ്രതീകാത്മക ചിത്രം
തലശ്ശേരി: നഗരസഭയിൽ കൈവിട്ടുപോയ വാർഡുകളും വോട്ടുകളുടെ എണ്ണവും കൂട്ടിയും കിഴിച്ചും മുന്നണികൾ. അഞ്ച് വാർഡുകൾ നഷ്ടമായത് ഭരണകക്ഷിയായ എൽ.ഡി.എഫിന് ക്ഷീണമായപ്പോൾ കഴിഞ്ഞതവണ രണ്ടാം സ്ഥാനത്തായിരുന്ന ബി.ജെ.പി ഇത്തവണ രണ്ട് വാർഡുകൾ കുറഞ്ഞ് മൂന്നാം സ്ഥാനത്തായതിന്റെ അങ്കലാപ്പിലാണ്. നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും ഇത്തവണ ആഹ്ലാദത്തിന് കൂടുതൽ വകയായത് യു.ഡി.എഫിന്റെ വിജയമാണ്.
അവരുടെ നിലവിലെ അംഗസംഖ്യ ഏഴിൽ നിന്ന് 13 ആയി ഉയർന്നതാണ് തെരഞ്ഞെടുപ്പിലെ സവിശേഷത. നേരത്തെ 37 അംഗങ്ങളുണ്ടായിരുന്ന എൽ.ഡി.എഫിൽ പുതിയ ഭരണസമിതിയിൽ അംഗങ്ങളുടെ എണ്ണം 32 ആയി കുറയും. 53 വാർഡുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ 32 പേരിൽ 30 പേർ സി.പി.എം സാരഥികളാണ്. രണ്ട് പേർ സി.പി.ഐക്കാരും. ടൗൺ പരിധിയിലെ മാരിയമ്മ, വീവേഴ്സ്, തിരുവങ്ങാട്, കായ്യത്ത്, പാലിശ്ശേരി, കൊടുവള്ളി വാർഡുകളാണ് ഇത്തവണ ഇടത് മുന്നണിക്ക് നഷ്ടമായത്. പാലിശ്ശേരി ഐ.എൻ.എല്ലിന്റെയും തിരുവങ്ങാട് സി.പി.ഐയുടെയും സീറ്റുകളായിരുന്നു. സി.പി.ഐയിൽനിന്ന് മാറി സി.പി.എം പ്രതിനിധിയായി രണ്ടാമതും തിരുവങ്ങാട് വാർഡിൽ മത്സരിച്ച വികസന കാര്യം സ്ഥിരം സമിതി അധ്യക്ഷയായിരുന്ന എൻ. രേഷ്മ കോൺഗ്രസിലെ എ. ശർമിളയാട് 83 വോട്ടിന് പരാജയപ്പെട്ടു.
വീവേഴ്സ് വാർഡിൽ സ്വതന്ത്രയായിനിന്ന് വെൽഫെയർ പാർട്ടിയിലെ സീനത്ത് അബ്ദുസലാം സി.പി.എമ്മിലെ ഉഷ രാമചന്ദ്രനെ പരാജയപ്പെടുത്തി. നഗരസഭയിൽ ക്ഷേമകാര്യം സ്ഥിരം സമിതി ചെയർമാനായിരുന്ന ടി.സി. അബ്ദുൽ ഖിലാബ് പ്രതിനിധാനം ചെയ്ത വാർഡാണിത്. മാരിയമ്മ, കായ്യത്ത്, പാലിശ്ശേരി വാർഡുകളിൽ ലീഗ് സ്ഥാനാർഥികളായ നൂറ, ഷാലിമ, ഷഹനാസ് മൻസൂർ എന്നിവരും കൊടുവള്ളി വാർഡിൽ കോൺഗ്രസിലെ വി.എ. രമ്യയും ജയിച്ചു കയറി. വാശിയേറിയ മത്സരമായിരുന്നു പലയിടത്തും.
സി.പി.ഐ ചിറക്കര വാർഡും ചന്ദ്രോത്ത് വാർഡും നിലനിർത്തി. ചിറക്കരയിൽ ജിഷ കളത്തിലും ചന്ദ്രോത്ത് എം.വി. സ്മിതയും വിജയിച്ചു. ചേറ്റംകുന്ന്, ടെമ്പിൾ ഗേറ്റ്, ഇല്ലിക്കുന്ന് വാർഡുകളിലാണ് ബി.ജെ.പിക്ക് പരാജയം നേരിട്ടത്.
ബി.ജെ.പിയുടെ കൈയിലായിരുന്ന ഇല്ലിക്കുന്ന് വാർഡിൽ കോൺഗ്രസിലെ സി. പ്രശാന്തൻ ജയിച്ചപ്പോൾ നേരത്തെ കയ്യാലിയെ പ്രതിനിധാനം ചെയ്ത പ്രശാന്തനിൽനിന്ന് ബി.ജെ.പിയിലെ അഡ്വ. മിലിചന്ദ്ര വാർഡ് തിരിച്ചുപിടിച്ചു. ടെമ്പിൾ ഗേറ്റ് വാർഡ് ബി.ജെ.പിയിൽനിന്ന് മുസ് ലിം ലീഗിലെ ടി.പി. അബ്ദുറഹിമാൻ പിടിച്ചെടുത്തു. എസ്.ഡി.പി.ഐ സ്ഥാനാർഥി ഷാനവാസായിരുന്നു ഈ വാർഡിലെ പ്രധാന എതിരാളി. പഴയ മൂന്ന് വാർഡുകൾ നഷ്ടമായെങ്കിലും പകരം മൂന്ന് വാർഡുകളിൽ ജയിക്കാനായതാണ് കോൺഗ്രസിന് ആശ്വാസമായത്. ബാലത്തിൽ, കുന്നോത്ത്, കുയ്യാലി വാർഡുകൾ കോൺഗ്രസിനെ കൈവിട്ടപ്പോൾ പകരം ഇല്ലിക്കുന്ന്, തിരുവങ്ങാട്, കൊടുവള്ളി വാർഡുകൾ കോൺഗ്രസിന് വിജയമുറപ്പാക്കി. സി. പ്രശാന്തൻ, എ. ശർമിള, വി.എ. രമ്യ എന്നിവരാണ് കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഇത്തവണ നഗരസഭയിലെത്തുന്നത്. ലീഗിൽ പത്തിൽ ഒമ്പതും വനിതകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

