ആര്യാടന് വേണ്ടി രാജി വെച്ചു; ഏറ്റവും കുറഞ്ഞ കാലം എം.എൽ.എ ആയ റെക്കോഡ് ഹരിദാസിന്
text_fieldsസി. ഹരിദാസ്
മലപ്പുറം: കേരളത്തിൽ ഏറ്റവും കുറഞ്ഞ കാലം എം.എൽ.എയായിരുന്ന റെക്കോഡ് കോൺഗ്രസ് നേതാവ് സി. ഹരിദാസിന്റെ പേരിലാണ്. 1980ല്‍ നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി. ഹരിദാസ് പത്തു ദിവസം മാത്രം എം.എൽ.എയായാണ് ചരിത്രത്തില്‍ ഇടംപിടിച്ചത്. ആര്യാടൻ മുഹമ്മദിന് വേണ്ടിയാണ് എം.എൽ.എ സ്ഥാനം രാജിവെച്ചത്. ആ സംഭവം ഇങ്ങനെ:
അടിയന്തരാവസ്ഥയെ തുടർന്ന് 1978ൽ സംസ്ഥാനത്ത് കോൺഗ്രസ് എ, ഐ എന്നിങ്ങനെ രണ്ടായി പിളർന്ന് പ്രവർത്തിക്കുന്ന സമയം. ആൻറണി നയിച്ച എ ഗ്രൂപ് ഇടതുപക്ഷത്തോടൊപ്പമായിരുന്നു അന്ന്. ആന്‍റണി വിഭാഗം കോൺഗ്രസ് (യു) എന്നാണ് അറിയപ്പെട്ടിരുന്നത്. ഇക്കാലത്താണ് ആര്യാടൻ മുഹമ്മദും സി. ഹരിദാസുമുൾപ്പെടെയുള്ളവർ ആന്‍റണി വിഭാഗത്തിലേക്ക് മാറുന്നത്.
1980ൽ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നു. കോൺഗ്രസ് (യു) പൊന്നാനിയിലെ പാർട്ടി സ്‌ഥാനാർഥിയായി ആര്യാടൻ മുഹമ്മദിനെ നിയോഗിച്ചു. സി. ഹരിദാസ് നിലമ്പൂരിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. അന്ന് കോൺഗ്രസിലായിരുന്ന ഇന്നത്തെ സി.പി.എം നേതാവ് ടി.കെ. ഹംസയെ 6000ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തി സി. ഹരിദാസ് നിയമസഭയിലേക്ക്.
പക്ഷേ, പൊന്നാനിയിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ച ആര്യാടൻ മുഹമ്മദ് മുസ്‍ലിം ലീഗിലെ ബനാത്ത്‍വാലയോട് പരാജയപ്പെട്ടു.1980ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ആൻറണി, മാണി ഗ്രൂപ്പുകളുടെ പിന്തുണയോടെ രൂപവത്കൃതമായ നായനാർ മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായി ആര്യാടൻ മുഹമ്മദിനെ ഉൾപ്പെടുത്തുന്നു.
ആറു മാസത്തിനകം എം.എൽ.എ സ്ഥാനം നേടണം. ആര്യാടന് നിയമസഭയിലേക്ക് മത്സരിക്കാൻ വേണ്ടി തെരഞ്ഞെടുക്കപ്പെട്ട് പത്തു ദിവസമായപ്പോൾ സി. ഹരിദാസ് തന്റെ എം.എൽ.എ സ്ഥാനം രാജിവെച്ചു. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ മുഹമ്മദ് നിയമസഭാംഗമായി. ഹരിദാസ് ആ വർഷം തന്നെ എം.പിയായി രാജ്യസഭയിലെത്തി. 1986 വരെ അംഗമായി തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

