ഹരിതവാദിയായ നേതാവ്
text_fieldsകൊച്ചി: സംസ്ഥാനത്തിന് ലഭിച്ചത് ഹരിതവാദിയായ പ്രതിപക്ഷ നേതാവിനെ. പരിസ്ഥിതി വിഷയത്തിൽ യു.ഡി.എഫിൽ വിട്ടുവീഴ്ചയില്ലാത്ത ശബ്ദമാണ് വി.ഡി. സതീശേൻറത്. ഉമ്മൻ ചാണ്ടി സർക്കാറിെൻറ അവസാന കാലത്ത് സംസ്ഥാനത്തിെൻറ പൊതുസമ്പത്ത് മാഫിയകൾക്ക് തീറെഴുതിക്കൊടുത്തതിനെ ജനമധ്യത്തിൽ തുറന്നുകാട്ടിയ കോൺഗ്രസ് നേതാവാണ് സതീശൻ. ആ സർക്കാറിെൻറ പരിസ്ഥിതിവിരുദ്ധ ഉത്തരവുകൾക്കെതിരെ പ്രതിപക്ഷത്തെക്കാൾ ശക്തമായി ആഞ്ഞടിച്ചത് വി.എം. സുധീരനും വി.ഡി. സതീശനും ടി.എം. പ്രതാപനും അടക്കമുള്ള കോൺഗ്രസിലെ ഹരിതവാദികളായിരുന്നു.
കോട്ടയം, എറണാകുളം ജില്ലകളിലായി 467 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മെത്രാൻ കായൽ നിലം നികത്തി വിനോദസഞ്ചാര പദ്ധതി നടപ്പാക്കാൻ 2016ൽ നിയമസഭാ തെരഞ്ഞെടുപ്പിെൻറ വക്കിൽ നിൽക്കുന്ന സമയത്താണ് ഉമ്മൻ ചാണ്ടി മന്ത്രിസഭ അംഗീകാരം നൽകിയത്. എറണാകുളം കടമക്കുടിയിൽ 47 ഏക്കർ മെഡിസിറ്റി പദ്ധതിക്കുമായി നിലം നികത്താനും വൈക്കം ചെമ്പിൽ സമൃദ്ധി വില്ലേജ് പ്രോജക്ട് ടൗൺഷിപ് പദ്ധതിക്കും അനുമതി നൽകി. സതീശൻ അടക്കമുള്ളവർ നടത്തിയ വിമർശനത്തിൽ വിവാദ ഉത്തരവുകളെല്ലാം സർക്കാറിന് പിൻവലിക്കേണ്ടിവന്നു.
1964ലെ ഭൂപതിവ് നിയമപ്രകാരം കൃഷിക്കും താമസത്തിനുമായി പതിച്ചുനൽകിയ ഭൂമിയിലെ കുന്നുകളിൽ കരിങ്കൽ ഖനനം നടത്താനുള്ള അനുമതി ഉത്തരവിനെതിരെയും സതീശനും പരിസ്ഥിതിവാദികളും രംഗത്തുവന്നിരുന്നു. 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമവും പരിസ്ഥിതി സംരക്ഷണ നിയമവും പാലിക്കണമെന്ന് നിരന്തരം നിയമസഭയിൽ വാദിച്ച കോൺഗ്രസ് നേതാവും സതീശനാണ്. ഇന്നത്തെ ഇടതുപക്ഷ മന്ത്രിമാരിൽ ഏറെപ്പേരും പരിസ്ഥിതി വിഷയത്തിൽ എതിർപക്ഷത്താണ്. സംസ്ഥാനത്തിെൻറ പരിസ്ഥിതി നാശത്തിന് വഴിയൊരുക്കുന്ന നിരവധി വൻകിട പദ്ധതികൾ അണിയറയിൽ അരങ്ങൊരുമ്പോൾ ഇടതുസർക്കാറിന് വെല്ലുവിളിയാവും സതീശൻ എന്ന കാര്യത്തിൽ സംശയമില്ല. മെട്രോ റെയിലും അതിരപ്പിള്ളിയും ശബരിമല വിമാനത്താവളവും അടക്കം സർക്കാറിെൻറ പുതിയ പദ്ധതികൾക്കെതിരെ ഉയരുന്ന പരിസ്ഥിതിവാദികളുടെ ശബ്ദം ഇനി ദുർബലമാകില്ലെന്നുറപ്പ്. പരിസ്ഥിതി ദുർബല മേഖലയായ മൂന്നാറിലടക്കം നടക്കുന്ന കൈയേറ്റങ്ങളും സതീശനിലൂടെ നിയമസഭയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

