മിൽമ ഭരണം പിടിച്ചെടുത്ത് എൽ.ഡി.എഫ്
text_fieldsതിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖല യൂനിയൻ ആദ്യമായി എൽ.ഡി.എഫ് പിടിച്ചെടുത്തു. ഒന്നരവർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിലെ തടഞ്ഞുവെച്ച ഫലം ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ചപ്പോഴാണ് ഒമ്പത് സീറ്റിൽ വിജയിച്ച് എൽ.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. യു.ഡി.എഫിന് അഞ്ച് സീറ്റ് ലഭിച്ചു.
മേഖല യൂനിയൻ ചെയർപേഴ്സണായി മണി വിശ്വനാഥ് സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. ഇതോടെ മലബാർ, തിരുവനന്തപുരം യൂനിയനുകളിൽ ഭരണം ഇടതുമുന്നണി ഉറപ്പിച്ചു. എറണാകുളം മേഖല മാത്രമാണ് യു.ഡി.എഫിനുള്ളത്.
തിരുവനന്തപുരം യൂനിയനിൽ പതിനാല് സീറ്റാണുള്ളത്. വോട്ടെണ്ണലിൽ തുല്യവോട്ട് ലഭിച്ചതിനെ തുടർന്ന് ഫലം പ്രഖ്യാപിക്കാതെ മാറ്റിവെച്ച സീറ്റിൽ റീകൗണ്ടിങ് നടത്തിയപ്പോൾ രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫിലെ വി.എസ്. പത്മകുമാർ വിജയിച്ചു. സത്യപ്രതിജ്ഞ ചടങ്ങിൽ യു.ഡി.എഫ് അംഗങ്ങൾ പങ്കെടുത്തില്ല.

