മുഖം മാറ്റാതെ എൽ.ഡി.എഫ്; കന്നിക്കാരുമായി യു.ഡി.എഫ്
text_fieldsആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഒമ്പത് സീറ്റാണുള്ളത്. 2021ൽ എട്ടിടത്തും വിജയം എൽ.ഡി.എഫിനായിരുന്നു. വിജയത്തുടർച്ചക്കായി രണ്ട് മന്ത്രിമാരടക്കം എട്ട് സിറ്റിങ് എം.എൽ.എമാരാണ് മത്സരിക്കുന്നത്. ഇതിൽ ഒരാൾ മാത്രമാണ് പുതുമുഖം. യു.ഡി.എഫിൽ നാല് കന്നിയങ്കക്കാരിൽ പഴയമുഖങ്ങളുമുണ്ട്. ചെങ്ങന്നൂർ അടക്കമുള്ള മണ്ഡലങ്ങളിൽ വോട്ടുവിഹിതം കൂട്ടാൻ ജില്ലനേതാക്കളാണ് എൻ.ഡി.എക്കായി മത്സരിക്കുന്നത്.
ആലപ്പുഴ മണ്ഡലത്തിൽ സി.പി.എം സിറ്റിങ് എം.എൽ.എ പി.പി. ചിത്തരഞ്ജനാണ് ഇടതുസ്ഥാനാർഥി. വികസനനേട്ടം തന്നെയാണ് നിരത്തുന്നത്. കന്നിയങ്കക്കാരനും കെ.എസ്.യു ജില്ല പ്രസിഡന്‍റുമായ എ.ഡി. തോമസാണ് യു.ഡി.എഫ് സ്ഥാനാർഥി. കോൺഗ്രസ് നേതാക്കൾ പലരും ഉന്നമിട്ട സീറ്റാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നവകേരള സദസ്സ് പ്രതിഷേധത്തിൽ ഗൺമാന്‍റെ മർദനമേറ്റതാണ് എ.ഡി. തോമസിന് അനൂകൂലമായത്. സീറ്റ് കിട്ടാതിരുന്ന കെ.പി.സി.സി ജനറൽസെക്രട്ടറി എം.ജെ. ജോബ് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന് ഇതേമണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായി.
കുട്ടനാട് എൻ.സി.പിയുടെ ജില്ലയിലെ ഏകസിറ്റിങ് സീറ്റാണ്. രണ്ടാംമൂഴം എൽ.ഡി.എഫിനായി മത്സരിക്കുന്നത് തോമസ് കെ. തോമസാണ്. പ്രമുഖ വ്യവസായിയും കേരളകോൺഗ്രസ്-ജോസഫ് വിഭാഗം വൈസ് ചെയർമാനുമായ റെജി ചെറിയാനാണ് യു.ഡി.എഫ് സ്ഥാനാർഥി. ബി.ഡി.ജെ.എസ് ജില്ലപ്രസിഡന്‍റ് സന്തോഷ് ശാന്തിയാണ് എൻ.ഡി.എ സാരഥി. പേയ്മെന്‍റ് സീറ്റാണെന്ന് ആരോപിച്ച് പാർട്ടിവിട്ട കോൺഗ്രസ് നേതാവ് സജി ജോസഫ് വിമതനായി രംഗത്തുണ്ട്.
2021ൽ അരൂരിൽ ഏറ്റുമുട്ടിയ അതേവനിതകൾ തമ്മിലാണ് ഇക്കുറിയും പോര്. രണ്ടാമൂഴം സി.പി.എമ്മിലെ ദലീമ ജോജോയാണ് എൽ.ഡി.എഫിനായി മത്സരിക്കുന്നത്. പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാനാണ് എതിരാളി. ബി.ഡി.ജെ.എസിലെ പി.എസ്. ജ്യോതിസാണ് എൻ.ഡി.എ സ്ഥാനാർഥി.
ഹരിപ്പാട് ആറാം ജയംതേടിയാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മത്സരം. യുവനേതാവും എ.ഐ.വൈ.എഫ് ദേശീയസെക്രട്ടറിയുമായി ടി.ടി. ജിസ്മോൻ എൽ.ഡി.എഫിനായും ബി.ജെ.പി സൗത്ത് ജില്ലപ്രസിഡന്‍റ് സന്ദീപ് വാചസ്പതി എൻ.ഡി.എക്കായും മത്സരിക്കുന്നത്.
ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാനെ നേരിടുന്നത് കന്നിയങ്കക്കാരൻ കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് എബി കുര്യാക്കോസാണ്. ബി.ജെ.പി മുൻ ജില്ലപ്രസിഡന്‍റ് എം.വി. ഗോപകുമാറാണ് എൻ.ഡി.എ സാരഥി.
ചേർത്തലയിൽ സി.പി.ഐയിലെ മന്ത്രി പി.പ്രസാദ് രണ്ടാംതവണയാണ് എൽ.ഡി.എഫ് സാരഥിയാകുന്നത്. കന്നിയങ്കക്കാരനും കയർകോർപറേഷൻ മുൻ ചെയർമാനുമായ കെ.ആർ. രാജേന്ദ്രപ്രസാദ് (യു.ഡി.എഫ്), അഡ്വ. അനന്തരാജ് (എൻ.ഡി.എ) എന്നിവരുമുണ്ട്. കായംകുളത്ത് മൂന്നാംതവണയാണ് എൽ.ഡി.എഫ് സാരഥിയായി യു. പ്രതിഭ മത്സരിക്കുന്നത്. കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.ലിജുവാണ് യു.ഡി.എഫ് സ്ഥാനാർഥി. അമ്പലപ്പുഴയിൽ ജി. സുധാകരന്‍റെ സ്ഥാനാർഥിത്വം കോൺഗ്രസ് സമവാക്യങ്ങൾ തെറ്റിച്ചതോടെയാണ് ലിജുവിനെ കായംകുളത്തേക്ക് മാറിയത്. സംവരണ മണ്ഡലമായ മാവേലിക്കരയിൽ രണ്ടാംഅങ്കത്തിന് ഇറങ്ങുന്നത് സി.പി.എമ്മിലെ സിറ്റിങ് എം.എൽ.എ എം.എസ്. അരുൺകുമാറാണ് എ.ഐ.സി.സി എസ്.സി വിഭാഗം ദേശീയകോഓഡിനേറ്ററും കന്നിയങ്കക്കാരിയുമായ അഡ്വ. മുത്താര രാജാണ് യു.ഡി.എഫ് സ്ഥാനാർഥി.
അമ്പലപ്പുഴ
അലപ്പുഴ: 63 വർഷത്തെ കമ്യൂണിസ്റ്റ് പാർട്ടി ബന്ധം ഉപേക്ഷിച്ച് മുൻമന്ത്രി ജി. സുധാകരൻ അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണതോടെ സ്വതന്ത്രനായി മത്സരിക്കുന്നത് തന്നെയാണ് ശ്രദ്ധയം. സി.പി.എം ജില്ലസെക്രട്ടറിയേറ്റ് അംഗവും സിറ്റിങ് എം.എൽ.എയുമായ എച്ച്. സലാമാണ് എതിരാളി.
ഒരുകാലത്ത് പാർട്ടിയെ നിയന്ത്രിച്ചിരുന്ന തലപ്പൊക്കമുള്ള നേതാവ് സി.പി.എമ്മിനെതിരെ പടയൊരുക്കവുമായി വരുമ്പോൾ അണികളിലും ആശയക്കുഴപ്പമുണ്ട്. ഇത് മറികടക്കാൻ താഴേതട്ട് മുതൽ പ്രചാരണം കൊഴുപ്പിച്ചാണ് സി.പി.എം പ്രതിരോധം. മന്ത്രിയായായും എം.എൽ.എയായും ജി. സുധാകരൻ നടത്തിയ വികസനവും അദ്ദേഹത്തിന്‍റെ വ്യക്തിപ്രഭാവവും അനൂകൂലമാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. പുന്നപ്രയിലെ രക്തസാക്ഷികളുടെ മണ്ണിൽ വ്യക്തിയല്ല, പാർട്ടിയാണ് വലുതെന്ന് തെളിയിക്കുമെന്നാണ് ഇടതുകണക്കുകൂട്ടൽ. ബി.ജെ.പി നോർത്ത് ജില്ല വൈസ് പ്രസിഡന്‍റ് അരുൺ അനിരുദ്ധനാണ് എൻ.ഡി.എ സ്ഥാനാർഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

