എൽ.ഡി.എഫിന് 110 സീറ്റിലേറെ കിട്ടിയാലും അത്ഭുതപ്പെടേണ്ട -കടകംപള്ളി സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫിന് 110 സീറ്റിലേറെ ലഭിച്ചാലും അത്ഭുതപ്പെടേണ്ടെന്ന് ദേവസ്വം മന്ത്രിയും കഴക്കൂട്ടം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ കടകംപള്ളി സുരേന്ദ്രൻ.
എൽ.ഡി.എഫിന് അനുകൂലമായ വലിയ ഒരു ഓളമാണ് സംസ്ഥാനത്ത് ഉടനീളം കണ്ടുകൊണ്ടിരിക്കുന്നത്. 2016നെ അപേക്ഷിച്ച് 2021ലെത്തി നിൽക്കുമ്പോൾ മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വലിയ മാറ്റമാണുണ്ടായതെന്നും വിജയപ്രതീക്ഷ ഓരോ ദിവസം കഴിയുംതോറും വർധിച്ചു വരുന്ന രാഷ്ട്രീയ പശ്ചാത്തലമാണിപ്പോഴുള്ളതെന്നും അദ്ദേഹംപറഞ്ഞു.
എൻ.എസ്.എസോ എസ്.എൻ.ഡി.പിയോ ഉൾപ്പെടെ ഒരു സാമുദായിക സംഘടനകളുമായും സർക്കാറിന് പ്രശ്നങ്ങെളാന്നുമില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. എൽ.ഡി.എഫിന് എല്ലാവരുമായും നല്ല അടുപ്പമാണുള്ളത്. എൻ.എസ്.എസുമായും നല്ല അടുപ്പത്തിലാണെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസിന്‍റെ സർക്കാർ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു കടകംപള്ളി.
ശബരിമല വിഷയം അടഞ്ഞ വിഷയമാണോ എന്ന ചോദ്യത്തിന് വികസനമാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട വിഷയെമന്ന് അദ്ദേഹം മറുപടി നൽകി.