എൽ.ഡി.എഫ് അധികാരത്തിൽ വരും; യു.ഡി.എഫ് വന്നാൽ മുഖ്യമന്ത്രി കസേരക്ക് പകരം ബെഞ്ചിടേണ്ടിവരും- ഗണേഷ് കുമാർ
text_fieldsതിരുവനന്തപുരം: വോട്ടെണ്ണുമ്പോൾ ഭൂരിപക്ഷം കുറയുമെങ്കിലും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരും എന്ന് തന്നെയാണ് വിശ്വാസമെന്നും കെ.ബി ഗണേഷ് കുമാർ. യു.ഡി.എഫിലെ മുഖ്യമന്ത്രി ചർച്ചയെ പരിഹസിക്കാനും ഹണേഷ് മറന്നില്ല. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി കസേരയ്ക്ക് പകരം ബെഞ്ചിടേണ്ടിവരും. മുഖ്യമന്ത്രി കസേരയ്ക്ക് പകരം ബെഞ്ചിട്ട് എല്ലാവർക്കും നിരനിരിക്കാം. മന്ത്രിയാകാൻ മറ്റൊരു അടി നടക്കുന്നുണ്ട്. മികച്ച വകുപ്പുകൾക്ക് വേണ്ടി ഘടകകക്ഷികളുടെ അടിയും ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് ഇത്തവണയും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എൽ.ഡി.എഫിന്‍റെ അവകാശവാദം വോട്ടെണ്ണൽ വരെ മാത്രമെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. കണ്ണൂരിൽ ആറ് സീറ്റ് വരെ യു.ഡി.എഫ് പിടിച്ചെടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.'അട്ടിമറി വിജയം നേരിടുമെന്ന് എല്ലാ തെരഞ്ഞെടുപ്പുകളിലും അവർ പറയാറുള്ളതാണ്. ഫലം പുറത്തുവരുന്നത് വരെ മാത്രമേ അവരുടെ അവകാശവാദം നിലനിൽക്കുകയുള്ളൂ. ഇത്തവണ ജനങ്ങളിൽ നിന്ന് എക്കാലത്തേക്കാളും കൂടുതൽ പിന്തുണ ലഭിച്ചിട്ടുണ്ട്. ഭൂരിപക്ഷം കൂടുമെന്നാണ് ഞങ്ങളുടെയെല്ലാം പ്രതീക്ഷ. മോശമല്ലാത്ത കോൺഫിഡൻസിലാണ് ഞങ്ങളുള്ളത്. മുഖ്യമന്ത്രി ചർച്ചകളെല്ലാം ഞങ്ങൾക്കിടയിൽ സജീവമായി നടക്കുന്നുണ്ട്. എങ്കിലും, അതിനൊരു മാനദണ്ഡം നിലനിൽക്കുന്നുണ്ട്. അതനുസരിച്ചേ ചെയ്യുകയുള്ളൂ'. സണ്ണി ജോസഫ് മീഡിയവണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഉപമുഖ്യമന്ത്രി സ്ഥാനം ഇത്തവണ കേരളത്തിൽ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് കാണുന്നത്. കുഞ്ഞാലിക്കുട്ടി ആവർത്തിച്ചുപറഞ്ഞ അക്കാര്യത്തിൽ ഇനി കൂടുതലൊന്നും പറയാനില്ല. മോശമല്ലാത്ത കോൺഫിഡൻസിൽ തന്നെയാണ് ഞങ്ങളുള്ളത്. ആറോളം സീറ്റുകളിൽ വിജയിച്ച് കണ്ണൂർ ജില്ലയിൽ യു.ഡി.എഫ് മേൽക്കൈ നേടുമെന്നാണ് കണക്കുകൂട്ടൽ'- സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
നാളെയാണ് വോട്ടെണ്ണൽ എന്നതിനാൽ ചങ്കിടിപ്പിനിടയിലും അവകാശ വാദങ്ങളുമായി രംഗത്തെത്തുകയാണ് നേതാക്കൾ. സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് ഒറ്റപ്പാലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ശശി പറഞ്ഞു. പാലക്കാട് ജില്ലയിൽ യു.ഡി.എഫിന് സീറ്റുകൾ വർധിക്കുമെന്നും ഒറ്റപ്പാലത്തെ സി.പി.എം വോട്ടുകൾ തനിക്ക് ലഭിക്കുമെന്നും പി.കെ. ശശി അവകാശപ്പെട്ടു. സി.പി.എം വിട്ടവരും പാർട്ടിയുടെ തെറ്റായ നിലപാടുകളോട് അമർഷമുള്ളവരും ഈ തെരഞ്ഞെടുപ്പിൽ നിർണായക ഘടകമാകും. അൻവറിന്റെ കൂട്ടായ്മയിലേക്ക് പോകുന്നതിനെ പറ്റി ആലോചിച്ചിട്ടില്ലെന്നും സി.പി. ജോണുമായി ചേർന്ന് പ്രവർത്തിക്കുന്നത് ആലോചിക്കുമെന്നും പി.കെ. ശശി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ബേപ്പൂരിൽ വിജയം ഉറപ്പെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസ്. ബേപ്പൂർ ഇടതിന് അനുകൂലമായ മണ്ഡലമാണ്. എങ്ങനെയാണ് അഞ്ച് വർഷം പ്രവർത്തിച്ചതെന്ന് ബേപ്പൂരിലെ ജനങ്ങൾക്ക് അറിയാം. എൽ.ഡി.എഫിന് ഭരണത്തുടർച്ചയുണ്ടാകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ജനക്ഷേമ പ്രവർത്തനങ്ങളും കേരളത്തിൽ നടപ്പാകിയ വികസനവും സർക്കാർ സ്കൂളുകളിലെ മാറ്റവും ജനങ്ങൾ നേരിട്ട് കാണുന്നുണ്ട്. പെൻഷൻ മുടങ്ങാതെ ലഭിക്കുന്നതും സ്ത്രീ സുരക്ഷ പെൻഷൻ തുടങ്ങിയ കാര്യങ്ങൾ സ്ത്രീ വോട്ടർമാർ വർധിക്കാൻ കാരണമായി. എൽ.ഡി.എഫ് ഭരണം ഇല്ലാതായാൽ ഇതൊക്കെ നഷ്ടപ്പെടുമെന്നും യു.ഡി.എഫ് ഇതെല്ലാം കുളമാക്കുമെന്നുള്ള അഭിപ്രായം ശക്തിപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

