ഭരണവിരുദ്ധ വികാരമില്ല, 90 സീറ്റുകളിലധികം നേടി ഇടത് മുന്നണി അധികാരത്തിൽ വരും -എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: തൊണ്ണൂറിലധികം സീറ്റുമായി എൽ.ഡി.എഫ് ഭരണം നിലനിർത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബി.ജെ.പിക്ക് സംസ്ഥാനത്ത് ഒറ്റ സീറ്റും ലഭിക്കില്ല. സി.പി.എം വിട്ടവർ മത്സരിച്ച മണ്ഡലങ്ങളിലെല്ലാം പരാജയപ്പെടും.- പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമുണ്ടായിട്ടില്ല. സർക്കാർ നടപ്പാക്കിയ കാര്യങ്ങളും വർഗീയ സംഘർഷങ്ങളില്ലാത്ത പശ്ചാത്തലവുമെല്ലാം ജനങ്ങളിൽ മതിപ്പുണ്ടാക്കി. എൽ.ഡി.എഫിന്റെ രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം കിട്ടി. ജനങ്ങൾ നിശ്ചയദാർഢ്യത്തോടെ വിധിയെഴുതിക്കഴിഞ്ഞ കാര്യത്തിൽ യു.ഡി.എഫും ചില മാധ്യമങ്ങളും ചേർന്ന് വലിയ അവകാശവാദങ്ങൾ നിരത്തുകയാണ്. സാങ്കൽപ്പിക മന്ത്രിസഭ രൂപീകരണം പോലും നടത്തുന്നുണ്ട്.
പോളിങ് ശതമാനത്തിലെ വർധന ഭരണവിരുദ്ധ വികാരത്തിന്റെ തെളിവായി കാണിച്ചാണ് ഈ പ്രചാരണം. ഇതിന് ഒരു അടിസ്ഥാനവുമില്ല. അസാധാരണ വോട്ട് വർധന ഉണ്ടായിട്ടില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2021ലെ തെരഞ്ഞെടുപ്പിൽ 2.09 കോടി പേർ വോട്ട് രേഖപ്പെടുത്തിയ സ്ഥാനത്ത് ഇക്കുറി അത് 2.08 കോടിയായി കുറഞ്ഞു. നേരത്തേ 2.84 കോടി വോട്ടർമാരുണ്ടായിരുന്നത് എസ്.ഐ.ആറിനുശേഷം 2.17 കോടിയായി. ഇതാണ് പോളിങ് ശതമാനത്തിലെ വർധനവിൽ പ്രതിഫലിച്ചത്.
ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും ഉണ്ടായിട്ടില്ല. എസ്.ഐ.ആറിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തണമെന്ന വാശി ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉണ്ടായി. അതല്ലാതെ ഒരു മുന്നണിക്ക് അനൂകൂലമായി ഏകീകരിച്ചിട്ടില്ല. 2021ലെ തെരഞ്ഞെടുപ്പിനുശേഷവും മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചും മന്ത്രിസഭയെക്കുറിച്ചുമെല്ലാം യു.ഡി.എഫും ചില മാധ്യങ്ങളും ചർച്ച നടത്തിയിരുന്നു. ഫലം വരുന്ന ദിവസംവരെ മാത്രമാണ് അതിന് ആയുസ്സ്. ഇത്തവണയും മറ്റൊന്നാകില്ല ഫലം -ഗോവിന്ദൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചവർക്ക് വോട്ടവകാശം ഉറപ്പുവരുത്താൻ കമീഷന് ബാധ്യതയുണ്ട്. 20,000ലധികം പേർക്ക് വോട്ടവകാശം നിഷേധിച്ചിട്ടുണ്ട്. ഹൈകോടതിയിൽ ഇതുസംബന്ധിച്ച കേസിൽ കൃത്യമായ കണക്ക് അവതരിപ്പിക്കാൻപോലും തെരഞ്ഞെടുപ്പ് കമീഷന് സാധിച്ചില്ല. സാങ്കേതികത്വം പറഞ്ഞ് ഭരണഘടന അവകാശം നിഷേധിക്കരുത്- അദ്ദേഹം ആവശ്യപ്പെട്ടു.
പിണറായി വിജയനെ ഉയർത്തിക്കാണിച്ച് നടത്തിയ പ്രചാരണത്തിൽ അപാകതയൊന്നുമില്ലെന്ന് ചോദ്യത്തിന് മറുപടിയായി എം.വി. ഗോവിന്ദൻ പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രിയല്ലേ ഈ പ്രചാരണത്തിന് ചുക്കാൻ പിടിക്കേണ്ടത്? വീണ്ടും ഭരണം ലഭിച്ചാൽ പിണറായി തന്നെയായിരിക്കുമോ മുഖ്യമന്ത്രി എന്ന ചോദ്യത്തിന് അങ്ങിനെയാണ് ജനങ്ങൾ ചിന്തിക്കുന്നതെന്നും എന്നാൽ ഞങ്ങൾ ഇക്കാര്യം പിന്നീട് തീരുമാനിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
‘‘വനവാസം വേണ്ട; സതീശനോട് കേരളം ക്ഷമിക്കും’
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്നാൽ വി.ഡി. സതീശൻ രാഷ്ട്രീയ പ്രവർത്തനം നിർത്തി വനവാസത്തിന് പോകേണ്ടെന്നും അദ്ദേഹത്തോട് കേരളം ക്ഷമിക്കുമെന്നും എം.വി. ഗോവിന്ദൻ. വസ്തുനിഷ്ഠ യാഥാർഥ്യത്തോട് മനസ്സിനെ പൊരുത്തപ്പെടുത്തി രാഷ്ട്രീയ പ്രവർത്തനം തുടരട്ടെ. അതിനിടയിൽ വനവാസമൊന്നും പാടില്ല’’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

