ദീപം തെളിയിച്ചും പൂത്തിരി കത്തിച്ചും ചരിത്രവിജയം ആഘോഷമാക്കി എൽ.ഡി.എഫ്, ക്ലിഫ് ഹൗസിൽ പങ്കുചേർന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയ ചരിത്രവിജയം ആഘോഷമാക്കി എൽ.ഡി.എഫ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിലും പാർട്ടി ഓഫിസുകളിലും ദീപം തെളിച്ചും പടക്കംപൊട്ടിച്ചുമായിരുന്നു നേതാക്കളുടെയും പ്രവർത്തകരുടെയും അനുഭാവികളുടെയും വിജയദിനാഘോഷം.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പിണറായി വിജയനും ഭാര്യ കമലയും മകളും ചെറുമകനും ദീപം തെളിയിച്ചും പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചുമാണ് തുടർഭരണം ആഘോഷമാക്കിയത്. സഹപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും പായസവിതരണമുണ്ടായിരുന്നു.
ദീപാലങ്കാരപ്രഭയിൽ മുങ്ങിനിന്ന എ.കെ.ജി സെൻററിൽ പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ളയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തകരുടെ ആഘോഷം.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഫ്ലാറ്റിനു മുന്നിൽ ചെറുമക്കളോടൊപ്പമാണ് വിജയദീപം തെളിച്ചത്. മറ്റ് എൽ.ഡി.എഫ് നേതാക്കളും വീടുകളിൽ മധുരം പങ്കിട്ടും മൺചെരാതുകൾ കത്തിച്ചും വിജയദിനത്തിെൻറ ഭാഗമായി.

