Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right“സി.പി.ഐ ചോദിച്ചാൽ...

“സി.പി.ഐ ചോദിച്ചാൽ സമ്മർദ്ദ തന്ത്രം, സി.പി.എം തീരുമാനിച്ചാൽ മുന്നണി തീരുമാനം, എന്തൊരു മനോഹരമായ മുന്നണി ജനാധിപത്യം”; സി.പി.ഐ യുവനേതാവ് ടി.ടി. ജിസ് മോൻ

text_fields
bookmark_border
ldf-tussle-cpi-cpm-tt-jismon-cn-mohanan-deputy-opposition-leader
cancel
camera_alt

ടി.ടി. ജിസ് മോൻ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലി സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള രാഷ്ട്രീയ പോര് രൂക്ഷമാകുന്നു. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി ഒരു ആവശ്യം ഉന്നയിക്കുമ്പോൾ അതിനെ സമ്മർദ്ദ തന്ത്രം എന്ന് മുദ്രകുത്തുകയും വലിയ കക്ഷിയായ സി.പി.എം എടുക്കുന്ന നിലപാടുകളെ "മുന്നണി തീരുമാനം" എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നതിനെതിരെ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയും സി.പി.ഐ ദേശീയ കൗൺസിൽ അംഗവുമായ ടി.ടി. ജിസ് മോൻ രംഗത്തെത്തി. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എൻ. മോഹനന്റെ പ്രസ്താവനകൾക്ക് മറുപടിയായി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം മുന്നണിയിലെ ഈ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമർശിച്ചത്.

സി.പി.ഐ ഉന്നയിക്കുന്ന ആവശ്യങ്ങളെ മുഖ്യമന്ത്രി പിണറായി വിജയനെ “ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം” ആയി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് ജിസ് മോൻ ചൂണ്ടിക്കാട്ടി. മുഖം വികൃതമായതിന് കണ്ണാടി എറിഞ്ഞുടച്ചിട്ട് കാര്യമില്ലെന്നും കണ്ണാടിയെ കുറ്റപ്പെടുത്താതെ സ്വന്തം മുഖത്തേക്ക് തിരിഞ്ഞുനോക്കണമെന്നും അദ്ദേഹം തുറന്നടിച്ചു.

1978-ലെ ഭട്ടിൻഡ കോൺഗ്രസിനെയും 1979-ലെ തിരഞ്ഞെടുപ്പിനെയും മാത്രം മുൻനിർത്തി സി.പി.ഐയെ നിരന്തരം പരിഹസിക്കുന്ന സി.പി.എം നിലപാടിനെയും കുറിപ്പിൽ വിചാരണ ചെയ്യുന്നുണ്ട്. സി.പി.ഐക്ക് കോൺഗ്രസുമായി സഹകരിച്ച ചരിത്രമുണ്ടെങ്കിൽ സി.പി.എമ്മിനും വിവിധ കാലഘട്ടങ്ങളിൽ വ്യത്യസ്ത രാഷ്ട്രീയ ധാരണകൾ ഉണ്ടായിട്ടുണ്ട്. ഇന്ന് പല സംസ്ഥാനങ്ങളിലും സി.പി.എം തന്നെ കോൺഗ്രസിന്റെ പ്രധാന സഖ്യകക്ഷിയായി പ്രവർത്തിക്കുമ്പോൾ, സി.പി.ഐയുടെ പഴയ നിലപാടുകൾ മാത്രം എണ്ണിപ്പറയുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണെന്ന് അദ്ദേഹം വ്യക്തമാക്കി.

"സി.പി.ഐക്ക് ഒറ്റയ്ക്ക് 5000 വോട്ടുണ്ടോ" എന്ന തരത്തിലുള്ള സി.പി.എം നേതാക്കളുടെ പരിഹാസങ്ങൾക്കും ജിസ് മോൻ മറുപടി നൽകി. മുന്നണി രൂപീകരിക്കുന്നത് ഏതെങ്കിലും ഒരു പാർട്ടിയുടെ മാത്രം വോട്ട് എണ്ണിയിട്ടല്ലെന്നും പരസ്പരമുള്ള സഹകരണവും സംഘടനാ ശേഷിയും ചേർന്നാണ് മുന്നണി ശക്തിപ്പെടുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുൻപ് പി.എംശ്രീ വിഷയത്തിൽ സി.പി.ഐ എതിർപ്പ് ഉന്നയിച്ചപ്പോഴും സമാനമായ പരിഹാസമാണ് നേരിടേണ്ടി വന്നത്. എന്നാൽ പിന്നീട് ആ നടപടികൾ സർക്കാരിന് മരവിപ്പിക്കേണ്ടി വന്നത് സി.പി.ഐ ഉയർത്തിയ ആശങ്കകൾ ശരിവെക്കുന്നതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടതുപക്ഷ മുന്നണി എന്നത് ഒരാൾ തീരുമാനിക്കുകയും മറ്റുള്ളവർ തലകുനിക്കുകയും ചെയ്യുന്ന സംവിധാനമല്ല, മറിച്ച് പരസ്പരം കേൾക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന കൂട്ടായ്മയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്. പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലി ഉയർന്ന ഈ തർക്കം വരുംദിവസങ്ങളിൽ എൽ.ഡി.എഫിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കും.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

സി എൻ മോഹനൻ സഖാവെ,

മുഖം വികൃതമായതിന് കണ്ണാടി എറിഞ്ഞുടക്കുന്നതെന്തിന്?

CPI പ്രതിപക്ഷ ഉപനേതൃപദവി ആവശ്യപ്പെട്ടതോടെ ചിലർക്ക് വലിയ അസ്വസ്ഥത!

മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി ഒരു ആവശ്യം ഉന്നയിച്ചാൽ അത് ചർച്ച ചെയ്യേണ്ട രാഷ്ട്രീയ വിഷയമല്ല, പിണറായി വിജയനെ “ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം” ആണത്രേ!

ഏറ്റവും ഒടുവിൽ സെക്രട്ടറിയേറ്റ് മെമ്പർ സി എൻ മോഹനനാണ് ഹാലിളകിയിരിക്കുന്നത്.

അപ്പോൾ ഒരു സംശയം, CPI എന്ത് ചോദിച്ചാലും അത് പിണറായി വിരുദ്ധ ആക്രമണമാണോ? മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിക്ക് സ്വന്തം അഭിപ്രായം പറയാൻ പോലും അവകാശമില്ലേ? CPI ചോദിച്ചാൽ “സമ്മർദതന്ത്രം”; വലിയ കക്ഷി തീരുമാനിച്ചാൽ “മുന്നണി തീരുമാനം”! എന്തൊരു മനോഹരമായ മുന്നണി ജനാധിപത്യം!

1978ലെ ഭട്ടിൻഡയും 1979ലെ തിരഞ്ഞെടുപ്പും വീണ്ടും പൊടിതട്ടിയെടുക്കുകയാണ്. ഭട്ടിൻഡ കോൺഗ്രസിന് ശേഷമുണ്ടായ രാഷ്ട്രീയ പുനഃക്രമീകരണങ്ങളെ 1979ലെ ഒരു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാത്രം വിലയിരുത്തുന്നത് ചരിത്രത്തെ സൗകര്യപ്രദമായി ചുരുക്കിക്കാണിക്കുന്നതാണ്.

CPIക്ക് കോൺഗ്രസുമായി സഹകരിച്ചിട്ടുണ്ടെങ്കിൽ CPM-നും വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ത രാഷ്ട്രീയ സഖ്യങ്ങളും ധാരണകളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് പഴയ രാഷ്ട്രീയ സംഭവങ്ങളെ വിലയിരുത്തുമ്പോൾ ഒരേ അളവുകോൽ എല്ലാവർക്കും ബാധകമാക്കണം. CPIയുടെ പഴയ കൂട്ടുകെട്ടുകൾ മാത്രം എണ്ണിപ്പറഞ്ഞ് CPMയുടെ ഇന്നത്തെ രാഷ്ട്രീയ സഖ്യങ്ങളെ മറച്ചുവയ്ക്കുന്നത് കുറഞ്ഞപക്ഷം തമാശയല്ലേ?

“CPIക്ക് ഒറ്റയ്ക്ക് 5000 വോട്ടുണ്ടോ?” എന്ന ചോദ്യം അതിലും രസകരമാണ്!

മുന്നണി രൂപീകരിക്കുന്നത് ഓരോ പാർട്ടിയും സ്വന്തം വോട്ടുകൾ മാത്രം എണ്ണിയിട്ടല്ല. പരസ്പരത്തിന്റെ വോട്ടുകളും പ്രവർത്തനവും സംഘടനാ ശേഷിയും ചേർന്നാണ് മുന്നണി ശക്തിപ്പെടുന്നത്. CPI മത്സരിക്കുന്നിടത്ത് CPM പ്രവർത്തകരുടെ വോട്ടും അധ്വാനവുമുണ്ട്; CPM മത്സരിക്കുന്നിടത്ത് CPI പ്രവർത്തകരുടെയും. പിന്നെ ഈ “5000 വോട്ട്” കണക്കെടുപ്പ് എന്തിനാണ്?

PM SHRI വിഷയത്തിലും CPI എതിർപ്പ് ഉന്നയിച്ചപ്പോൾ ഇതേ പരിഹാസമായിരുന്നു. “സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നു” എന്നൊക്കെയായിരുന്നു ആരോപണം. പിന്നീട് ആ നടപടികൾ മരവിപ്പിക്കേണ്ടിവന്നു. അപ്പോൾ CPI ഉയർത്തിയ ആശങ്ക വെറുതെയായിരുന്നോ?

CPI(M) വലിയ കക്ഷിയാണ്. അതിൽ സംശയമില്ല. എന്നാൽ വലിയ കക്ഷിയായതുകൊണ്ട് മുന്നണിയിലെ മറ്റുള്ളവർക്ക് അഭിപ്രായം പറയാനുള്ള അവകാശം ഇല്ലാതാകുന്നില്ല. മറിച്ച് വലിയ കക്ഷിക്ക് വലിയ ഉത്തരവാദിത്തവുമുണ്ട്.

CPI കൂടെയില്ലാതെ CPM കേരളത്തിൽ എത്ര തവണ അധികാരത്തിൽ വന്നിട്ടുണ്ട്?

CPIയെ 1964ലെയും 1977ലെയും കോൺഗ്രസ് ബന്ധങ്ങളുടെ പേരിൽ നിരന്തരം പരിഹസിച്ച CPM ഇന്ന് പല സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ പ്രധാന സഖ്യകക്ഷിയാണ്.

അപ്പോൾ ഒരു ചെറിയ ചോദ്യം:

കാലം മാറുമ്പോൾ CPM-ന് രാഷ്ട്രീയ സഖ്യങ്ങൾ മാറാം; CPI ഒരു ആവശ്യം ഉന്നയിച്ചാൽ മാത്രം അത് “സമ്മർദതന്ത്രം” ആകുന്നതെങ്ങനെ?

മുഖം വികൃതമായെന്ന് തോന്നുമ്പോൾ കണ്ണാടി എറിഞ്ഞുടച്ചിട്ട് കാര്യമില്ല. കണ്ണാടിയെ കുറ്റപ്പെടുത്താതെ സ്വന്തം മുഖത്തേക്ക് ഒന്ന് നോക്കുന്നതാണ് നല്ലത്.

ഇടതുപക്ഷ മുന്നണി എന്നത് ഒരാൾ തീരുമാനിക്കുകയും മറ്റുള്ളവർ തലകുനിക്കുകയും ചെയ്യുന്ന സംവിധാനമല്ല. പരസ്പരം കേൾക്കുകയും ചർച്ച ചെയ്യുകയും ആവശ്യമായിടത്ത് വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്ന കൂട്ടായ്മയാണ്.

അതുകൊണ്ട് CPI ഒരു പദവി ആവശ്യപ്പെട്ടതിനെ പിണറായി വിജയനെതിരായ ആക്രമണമാക്കി അവതരിപ്പിക്കുന്നതിന് പകരം, മുന്നണിക്കുള്ളിലെ ഒരു രാഷ്ട്രീയ ആവശ്യം എന്ന നിലയിൽ ചർച്ച ചെയ്യുകയാണ് വേണ്ടത്.

അതാണ് മുന്നണി രാഷ്ട്രീയം.

അല്ലെങ്കിൽ ബാക്കിയുള്ളത് കണ്ണാടിയോട് വഴക്കിടൽ മാത്രം!

ടി.ടി ജിസ് മോൻ

CPI ദേശീയ കൗൺസിൽ അംഗം

AIYF സംസ്ഥാന സെക്രട്ടറി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIcpm vs cpiCN MohananLDFCPMTT Jismon
News Summary - LDF Tussle: AIYF State Secretary TT Jismon Slams CPM Over Deputy Opposition Leader Row
Next Story