2021ൽ എൽ.ഡി.എഫിന് ആധികാരിക ജയം; ലോക്സഭയിലും തദ്ദേശത്തിലും യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: ഭരണത്തുടർച്ച നൽകിയ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേടിയത് സമഗ്രാധിപത്യത്തോടെയുള്ള 99 സീറ്റിന്റെ ആധികാരിക ജയം. 2016ൽ 91 സീറ്റ് നേടിയാണ് ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതെങ്കിൽ 2021ൽ ഇത് 99 ആക്കി ഉയർത്തിയായിരുന്നു ഭരണത്തുടർച്ച. യു.ഡി.എഫ് ആകട്ടെ 2016ൽ 47 സീറ്റുണ്ടായിരുന്നത് 2021ൽ 41 ലേക്ക് ചുരുങ്ങുകയായിരുന്നു. ബി.ജെ.പിക്ക് 2016ൽ ഒരു സീറ്റുള്ളത് 2021ൽ നഷ്ടപ്പെടുകയും ചെയ്തു. മലപ്പുറം, എറണാകുളം ജില്ലകളിൽ മാത്രമാണ് യു.ഡി.എഫിന് പിടിച്ചുനിൽക്കാനായത്. അവശേഷിക്കുന്ന 12 ജില്ലകളിലും വ്യക്തമായ മേധാവിത്വത്തോടെയായിരുന്നു എൽ.ഡി.എഫിന്റെ വിജയം.
എന്നാൽ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ചിത്രം നേർവിപരീതമായിരുന്നു. 20ൽ 18 ലോക്സഭ മണ്ഡലങ്ങളിലും യു.ഡി.എഫ് വെന്നിക്കൊടി നാട്ടിയപ്പോൾ ആലത്തൂരിൽ കെ. രാധാകൃഷ്ന്റെ ആശ്വാസ വിജയത്തിലൊതുങ്ങി എൽ.ഡി.എഫ് പ്രകടനം. തൃശൂരിൽ സുരേഷ് ഗോപി നേടിയ അപ്രതീക്ഷിത ജയം ബി.ജെ.പിക്ക് സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറക്കാനുള്ള അവസരമായി.
ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിൽ നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ട് വിഹിതം പരിഗണിക്കുമ്പോൾ 111 മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നിലെത്തി. എൽ.ഡി.എഫ് മുന്നിലെത്തിയത് 18 മണ്ഡലങ്ങളിലും ബി.ജെ.പി 11 മണ്ഡലങ്ങളിലും. തിരുവനന്തപുരത്തും തൃശൂരിലുമാണ് ബി.ജെ.പി മുന്നിലെത്തിയ മണ്ഡലങ്ങളുള്ളത്.
2025ൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോഴും യു.ഡി.എഫിന്റെ മേൽകൈ വ്യക്തമായി. പോൾ ചെയ്ത ആകെ വോട്ടുകളുടെ 38.81 ശതമാനം യു.ഡി.എഫ് സ്ഥാനാർഥികൾക്ക് ലഭിച്ചു. എൽ.ഡി.എഫിന് 33.45 ശതമാനവും എൻ.ഡി.എക്ക് 14.71 ശതമാനവും മറ്റുള്ളവർക്ക് 13.03 ശതമാനവും വോട്ടാണ് ലഭിച്ചത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരം നേടിയപ്പോൾ എൽ.ഡി.എഫിന് ലഭിച്ചത് 239 പഞ്ചായത്തുകളാണ്. ആറ് പഞ്ചായത്തുകളിൽ എൻ.ഡി.എയും അധികാരം പിടിച്ചു. 311 പഞ്ചായത്തുകളിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലായിരുന്നു. മൂന്നിടത്ത് മറ്റുള്ളവർ ഭരണം പിടിച്ചു. 14 ജില്ലാ പഞ്ചായത്തുകളിൽ ഏഴെണ്ണം വീതം എൽ.ഡി.എഫും യു.ഡി.എഫും നേടി. ആറ് കോർപ്പറേഷനുകളിൽ നാലിടത്തും യു.ഡി.എഫ് ഭരണം പിടിച്ചപ്പോൾ എൽ.ഡി.എഫിനും ഒന്നും എൻ.ഡി.എക്ക് ഒന്നും ലഭിച്ചു. നിയമസഭ മണ്ഡലാടിസ്ഥാനത്തിലുള്ള തദ്ദേശ വോട്ട് കണക്കിൽ 86 സീറ്റുകളിലാണ് യു.ഡി.എഫിന് മേൽകൈയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

