Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിസ്ഥിതി ലോല മേഖല വിജ്ഞാപനം; കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ്

text_fields
bookmark_border
വിജ്ഞാപനമിറങ്ങി 55 ദിവസം പിന്നിട്ടിട്ടും നടപടിയില്ലെന്ന്
പരിസ്ഥിതി ലോല മേഖല വിജ്ഞാപനം; കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ്
cancel

കാഞ്ഞിരപ്പുഴ: ഇ.എസ്.എ (പരിസ്ഥിതി ലോല മേഖല) വിജ്ഞാപനത്തിൽ കാഞ്ഞിരപ്പുഴ പഞ്ചായത്തിന്റെ നടപടി പ്രഹസനമെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി. 2026 ജൂലൈ 27നാണ് ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ ഏഴാമത് കരട് വിജ്ഞാപനം പുറത്തിറക്കിയത്. വിജ്ഞാപനത്തിനെതിരെ പരാതി സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 25ന് പൂർത്തിയാവും. വിജ്ഞാപനം ഇറങ്ങിയിട്ട് 55 ദിവസം പിന്നിട്ടിട്ടും കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഭരണസമിതി ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് എൽ.ഡി.എഫ് കുറ്റപ്പെടുത്തി.

കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ 6,7,8,9,13 വാർഡുകൾ ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെട്ടതാണ്. കൂടാതെ ഇതുമായി ബന്ധപ്പെട്ട് അതിർത്തി പങ്കിടുന്ന വാർഡുകളും ഉണ്ട്. യഥേഷ്ടം സമയം ലഭിച്ചിട്ടും ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഭരണസമിതി തയാറായിട്ടില്ലെന്നാണ് എൽ.ഡി.എഫിന്റെ ആക്ഷേപം. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ അഞ്ച് വാർഡുകൾ ഇതിന്റെ പരിധിയിൽപെട്ടതാണ്. പശ്ചിമഘട്ടത്തെ സംബന്ധിച്ച് ഇറങ്ങിയിട്ടുള്ള വിജ്ഞാപനങ്ങളിലൊക്കെ ഗ്രാമസഭയുടെ അധികാരം സംബന്ധിച്ചും, ഗ്രാമസഭയുടെ ഇടപെടലിനെ സംബന്ധിച്ചും സൂചിപ്പിക്കുന്നുണ്ട്. ഒരു വാർഡിലും പ്രത്യേക ഗ്രാമസഭ ഇതുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ആവശ്യമായ നടപടി പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി.

സാധാരണയായി ഈ വിഷയവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെയൊക്കെ ഗ്രാമസഭായോഗങ്ങളിലേക്ക് വിളിച്ചുവരുത്തി ആവശ്യമായ ചർച്ച നടത്തണം. വനം, റവന്യൂ, കൃഷി ഉൾപ്പെടെയുള്ള വകുപ്പുകളുടെ പ്രതിനിധികളെ പങ്കെടുപ്പിക്കണം. കൂടാതെ പരിസ്ഥിതി വകുപ്പ് ഇതുമായി ബന്ധപ്പെട്ട് ഇറക്കിയിട്ടുള്ള വിജ്ഞാപനത്തിന്റെ കരട് ഗ്രാമസഭകൾക്ക് നൽകേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമസഭയുടെ ചർച്ചകൾ നടത്തേണ്ടത്.

ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് ഈ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ജില്ല ഭരണകൂടത്തിന് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. ഇങ്ങനെയുള്ള യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാൻ പഞ്ചായത്ത് ഭരണസമിതി തയാറായിട്ടില്ല. കൂടാതെ കഴിഞ്ഞ ദിവസം നടന്ന പ്രത്യേക ഗ്രാമസഭ യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറിയോ, മറ്റു ജീവനക്കാരോ വിവിധ വകുപ്പുകളുടെ പ്രതിനിധികളോ പങ്കെടുത്തതായി കാണുന്നില്ല. എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ നിസാർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി. മണികണ്ഠൻ, വി.കെ. ഷംസുദ്ദീൻ, പി. ചിന്നക്കുട്ടൻ, സോണി പോൾ, കാപ്പിൽ സെയ്തലവി, സി.കെ. കുഞ്ഞുമുഹമ്മദ്, കെ. പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - LDF Opposes Kanjirapuzha Panchayat Committee Over ESA Notification
Next Story