സഭാതർക്കം: നിയമനിർമാണത്തിന് എൽ.ഡി.എഫ് അംഗീകാരം
text_fieldsതിരുവനന്തപുരം: ഓർത്തഡോക്സ്-യാക്കോബായ സഭാതർക്കം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നിയമനിർമാണത്തിന് എൽ.ഡി.എഫിന്റെ അനുമതി. ഇതുസംബന്ധിച്ച ബില്ലിന്റെ കരടിന് എൽ.ഡി.എഫ് യോഗം അംഗീകാരം നൽകി. സുപ്രീംകോടതി വിധിയുടെ അന്തഃസത്ത ഹനിക്കാത്തവിധം സഭാതർക്കം പരിഹരിക്കാൻ നിയമനിർമാണമുണ്ടാക്കാനുള്ള നിർദേശമാണ് സർക്കാറിന് ഇടതുമുന്നണി നൽകിയത്. സർക്കാറിനും പ്രത്യേകിച്ച് കേരള കോൺഗ്രസ്-എമ്മിനും പ്രതിസന്ധി സൃഷ്ടിക്കുന്ന വിഷയമായതിനാലാണ് എൽ.ഡി.എഫ് ഇത്തരമാരു നടപടിയിലേക്ക് നീങ്ങിയത്.
സുപ്രീംകോടതി വിധി ഓർത്തഡോക്സ് സഭക്ക് അനുകൂലമായതിനാൽ യാക്കോബായ വിശ്വാസികൾക്ക് സ്വാധീനമുള്ള പള്ളികളിൽപോലും അവരെ ആരാധനക്കായി പ്രവേശിപ്പിക്കാത്ത സ്ഥിതിയുണ്ട്. ആ സാഹചര്യത്തിന് പരിഹാരം കാണുകയാണ് ലക്ഷ്യം. നിയമനിർമാണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുടെ കരട് നിയമമന്ത്രി പി. രാജീവ് യോഗത്തിൽ അവതരിപ്പിച്ചു. ജസ്റ്റിസ് കെ.ടി. തോമസ് തയാറാക്കിയ കരട് ഫോർമുലയിൽ ഭേദഗതി വരുത്തിയാകും നിയമനിർമാണമെന്ന് അദ്ദേഹം വിശദീകരിച്ചു. ക്രമസമാധാന പ്രശ്നമൊഴിവാക്കി ഇരുവിഭാഗങ്ങളുടെയും ആരാധനാസ്വാതന്ത്ര്യം ഉറപ്പാക്കുകയാണ് നിയമനിർമാണത്തിലൂടെ ഉദ്ദേശിക്കുന്നത്. തർക്കമുണ്ടായാൽ പരിഹരിക്കാൻ ജില്ല കലക്ടർ, പൊലീസ് സൂപ്രണ്ട് എന്നിവരടങ്ങുന്ന ജില്ലതല തർക്കപരിഹാര അതോറിറ്റി രൂപവത്കരിക്കും. ഈ അതോറിറ്റിക്കും പരിഹരിക്കാനായില്ലെങ്കിൽ സംസ്ഥാന സർക്കാറിന് അപ്പീൽ നൽകാം.
ക്രമസമാധാനപ്രശ്നം പരിഹരിക്കാനാണ് നിയമത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് യോഗത്തിൽ പി. രാജീവ് പറഞ്ഞു. ഇരുവിഭാഗവും നിയമത്തിലെ വ്യവസ്ഥകൾ ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, നിയമനിർമാണത്തെ ഓർത്തഡോക്സ് സഭ അംഗീകരിക്കുമോ എന്ന സംശയമുണ്ട്. തർക്കം പരിഹരിക്കാത്തതിൽതന്നെയാണ് എല്ലാവരും കുറ്റപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു. അനവധി തവണ ചർച്ച നടത്തിയിട്ടും പ്രശ്നം പരിഹരിക്കാനാവാത്തതിൽ ദുഃഖമുണ്ടെന്നും അതിനാലാണ് ഇരുകൂട്ടരുടെയും ആരാധനാസ്വാതന്ത്ര്യം ഉറപ്പാക്കാൻ നിയമനിർമാണത്തിന് നിർബന്ധിതമാകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

