‘ക്യാപ്റ്റൻ’ ഇറങ്ങി, കളി തോറ്റു; പ്രചാരണത്തിനിറങ്ങിയ ആറിൽ അഞ്ച് കോർപറേഷനും എൽ.ഡി.എഫിന് നഷ്ടം
text_fieldsതിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയും ഇടതുപക്ഷത്തിന്റെ ‘ക്യാപ്റ്റനു’മായ സാക്ഷാൽ പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ആറ് ജില്ലകളിലെ നഗരങ്ങളിലെല്ലാം എൽ.ഡി.എഫിന് കാലിടറി. പേരിനെങ്കിലും പിടിച്ചുനിന്നത് കോഴിക്കോടാണ്. ഗൾഫ് സന്ദർശനമടക്കം ഉള്ളതിനാൽ ഇക്കുറി തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കൺവെൻഷനുകളിലും റാലികളിലും പങ്കെടുത്തത്.
സർക്കാർ നേട്ടങ്ങളടക്കം വിവരിക്കുന്നതിനപ്പുറം ജമാഅത്തെ ഇസ്ലാമിയെ കടന്നാക്രമിച്ചായിരുന്നു ഇവിടങ്ങളിലെ പ്രസംഗം. തെറ്റില്ലാത്ത ജനപങ്കാളിത്തം എല്ലായിടത്തും ഉണ്ടായെങ്കിലും ഇതൊന്നും വോട്ടർമാരെ സ്വാധീനിച്ചില്ലെന്നതാണ് വിജയസൂചിക വ്യക്തമാകുന്നത്. മുഖ്യമന്ത്രി പങ്കെടുത്ത പ്രചാരണ യോഗങ്ങൾ നടന്നതിൽ കണ്ണൂർ ഒഴികെ മറ്റിടങ്ങളിലെല്ലാം കോർപറേഷൻ ഭരണം കഴിഞ്ഞ തവണ ഇടതുപക്ഷത്തിനായിരുന്നു.
ഇക്കുറി കണ്ണൂരിനൊപ്പം കൊച്ചിയും തൃശൂരും കൊല്ലവും കൂടി യു.ഡി.എഫ് പിടിച്ചെടുത്തു. നാലര പതിറ്റാണ്ട് തുടർഭരണമുണ്ടായിരുന്ന തിരുവനന്തപുരം എൻ.ഡി.എയും നേടി. കോഴിക്കോട് കോർപറേഷനിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാനാണ് എൽ.ഡി.എഫിനായത്. 76ൽ 35 സീറ്റുകളാണ് ഇടതുപക്ഷം നേടിയത്. കഴിഞ്ഞ തവണത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ 15 സീറ്റുകൾ കുറഞ്ഞു. മാത്രമല്ല, മേയർ സ്ഥാനാർഥിയായിരുന്ന മുൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ് തോൽക്കുകയും മുൻ മേയർ ഡോ. ബീന ഫിലിപ്പിന്റെ വാർഡ് ബി.ജെ.പി നേടുകയും ചെയ്തു. ഏറെക്കാലമായി കൈവശമുള്ള ജില്ല പഞ്ചായത്ത് ഭരണം നഷ്ടമാവുകയും ചെയ്തു.
തിരുവനന്തപുരം കോർപറേഷനിലെ 53 സീറ്റ് 29 ആയും കൊല്ലത്തെ 38 സീറ്റ് 16 ആയും കൊച്ചിയിലെ 29 സീറ്റ് 20 ആയും തൃശൂരിലെ 25 സീറ്റ് 13 ആയും കണ്ണൂരിലെ 19 സീറ്റ് 15 ആയുമാണ് കുറഞ്ഞത്. അതേസമയം, കണ്ണൂർ, തൃശൂർ, കൊച്ചി കോർപറേഷനുകളിൽ എൽ.ഡി.എഫിന്റെ ഇരട്ടിയിലധികം സീറ്റുകളാണ് യു.ഡി.എഫ് പിടിച്ചത്. വർഷങ്ങളായി എൽ.ഡി.എഫ് ജയിക്കുന്ന കുത്തക വാർഡുകളടക്കമാണ് ഇക്കുറി കുത്തിയൊലിച്ചുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

