ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ നഷ്ടങ്ങളിലേക്ക് കൂപ്പുകുത്താതെ എൽ.ഡി.എഫ്
text_fieldsകൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയാകെ യു.ഡി.എഫിന് അനുകൂലമായ അന്തരീക്ഷം രൂപപ്പെട്ടെങ്കിലും, ബ്ലോക്ക് പഞ്ചായത്തുകളിലാണ് ഇടതുമുന്നണി വലിയ നഷ്ടങ്ങളില്ലാതെ പിടിച്ചുനിന്നത്. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴിടങ്ങളിൽ എൽ.ഡി.എഫ് ഭരണം നിലനിർത്താൻ സാധിച്ചു. അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരിടത്തേക്ക് ചുരുങ്ങിയിരുന്ന യു.ഡി.എഫ് ഇത്തവണ മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളിൽ ഭരണം ഉറപ്പാക്കി കരുത്ത് തെളിയിച്ചു. ഏറെക്കാലമായി ഇടതുമുന്നണി ഭരിച്ചിരുന്ന രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾ അട്ടിമറിയിലൂടെ യു.ഡി.എഫ് പിടിച്ചെടുക്കുകയും ചെയ്തു. അതേസമയം, കൂടുതൽ ഡിവിഷനുകളിൽ വിജയിച്ച് എൻ.ഡി.എ അക്കൗണ്ട് തുറന്നതും അംഗസംഖ്യ വർധിപ്പിച്ചതും ശ്രദ്ധേയമായി.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫ് തുടർഭരണം നേടി. ഡിവിഷൻ വിഭജനത്തോടെ 14 ആയി ഉയർന്ന ബ്ലോക്കിൽ സ്വതന്ത്രനെ ഉൾപ്പെടുത്തി എൽ.ഡി.എഫിന് 11 അംഗങ്ങളായി. കഴിഞ്ഞ തവണ 10 അംഗങ്ങളായിരുന്നു. യു.ഡി.എഫിന്റെ അംഗബലം രണ്ടിൽ നിന്ന് ഒന്നായി കുറഞ്ഞപ്പോൾ ബി.ജെ.പിയുടെ അംഗസംഖ്യ ഒന്നിൽ നിന്ന് രണ്ടായി വർധിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ഇടതുമുന്നണി വീണ്ടും അധികാരം നിലനിർത്തി. മലനട ഡിവിഷനിലെ അട്ടിമറി വിജയത്തിലൂടെ ബി.ജെ.പി ആദ്യമായി ഇവിടെ അക്കൗണ്ട് തുറന്നു. ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റായ മലനടയിൽ യുവമോർച്ച കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് നിഖിൽ മനോഹർ ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
രൂപവത്കരണം മുതൽ എൽ.ഡി.എഫ് ഭരിച്ചിരുന്ന പത്തനാപുരം, ഓച്ചിറ ബ്ലോക്ക് പഞ്ചായത്തുകളിൽ യു.ഡി.എഫ് വൻ അട്ടിമറി വിജയം നേടി. പത്തനാപുരത്ത് 14ൽ 10 സീറ്റുകൾ നേടി യു.ഡി.എഫ് വ്യക്തമായ മേൽക്കൈ നേടി. കഴിഞ്ഞ തവണ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ എൽ.ഡി.എഫ് ഭരിച്ചിരുന്നത്. പട്ടാഴി വടക്കേക്കര, പുന്നല, ഇളമ്പൽ, കുന്നിക്കോട് തുടങ്ങിയ ഡിവിഷനുകളിലെ തോൽവി എൽ.ഡി.എഫിന് തിരിച്ചടിയായി. ഓച്ചിറയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 14 ഡിവിഷനുകളിൽ 13 എൽ.ഡി.എഫും ഒന്ന് യു.ഡി.എഫുമായിരുന്നു. ഇത്തവണ യു.ഡി.എഫ് ഒമ്പത് സീറ്റുകളിലേക്ക് കുതിച്ചു.
ചടയമംഗലം, ചിറ്റുമല ബ്ലോക്ക് പഞ്ചായത്തുകളിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തിയെങ്കിലും യു.ഡി.എഫ് വലിയ നേട്ടമാണ് കൈവരിച്ചത്. ചടയമംഗലത്ത് കഴിഞ്ഞ തവണ രണ്ട് സീറ്റുകൾ മാത്രമുണ്ടായിരുന്ന കോൺഗ്രസ് ഇത്തവണ ഏഴായി ഉയർന്നു. ചിറ്റുമലയിൽ കഴിഞ്ഞ തവണ ഒന്നിലേക്ക് ഒതുങ്ങിയിരുന്ന യു.ഡി.എഫ് ഇത്തവണ ആറ് സീറ്റുകൾ സ്വന്തമാക്കി. ബി.ജെ.പി ഒരു സീറ്റ് നിലനിർത്തി. ചവറ ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫ് ഭരണം തുടരാൻ സാധിച്ചു. പുതുതായി അനുവദിച്ച ഡിവിഷനിലും യു.ഡി.എഫിന് വിജയം ലഭിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ ഇത്തവണ ആർക്കും കേവല ഭൂരിപക്ഷമില്ല.
ബ്ലോക്ക് രൂപവത്കരണത്തിനുശേഷം ആദ്യമായാണ് ഇത്തരമൊരു സ്ഥിതി. കഴിഞ്ഞ തവണ 15ൽ 14 സീറ്റുകൾ എൽ.ഡി.എഫ് നേടിയിരുന്നപ്പോൾ, ഇത്തവണ യു.ഡി.എഫിന്റെ അംഗബലം എട്ടായി ഉയർന്നു. എൻ.ഡി.എയിൽ നിന്നൊരു അംഗം കൂടി തെരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലയിലെ ഏക തൂക്കുസഭയായ ബ്ലോക്ക് പഞ്ചായത്തായി മുഖത്തല മാറി.
അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിൽ ഇടതുമുന്നണി ഭരണം നിലനിർത്തി. ഡിവിഷൻ എണ്ണം വർധിച്ചതോടെ യു.ഡി.എഫിന്റെ അംഗബലം രണ്ടിൽ നിന്ന് അഞ്ചായി ഉയർന്നു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫ് കഷ്ടിച്ച് ഭരണം നിലനിർത്തി. എൽ.ഡി.എഫിന് എട്ട് സീറ്റും യു.ഡി.എഫിന് ഏഴും ലഭിച്ചു. കഴിഞ്ഞ തവണ ഇത് എൽ.ഡി.എഫ് 10, യു.ഡി.എഫ് 4 എന്ന നിലയിലായിരുന്നു.കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫിന് കാര്യമായ ക്ഷതമുണ്ടായില്ല. 14ൽ 10 സീറ്റുകൾ നേടി എൽ.ഡി.എഫ് ഭരണം ഉറപ്പിച്ചു. ഇവിടെ ബി.ജെ.പി ആദ്യമായി അക്കൗണ്ട് തുറന്നതും ശ്രദ്ധേയമായി. എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റായ നെടുവത്തൂരിലാണ് ബി.ജെ.പി വിജയം നേടിയത്. യു.ഡി.എഫിന്റെ അംഗബലം മൂന്ന് ആയി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

