പാലക്കാട് ഇടത് ആധിപത്യത്തിൽ ഇടിവുണ്ടായേക്കും
text_fieldsപാലക്കാട്: ജില്ലയിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ ഇടതുപക്ഷ മേൽക്കോയ്മക്ക് ഇത്തവണത്തെ ജനവിധി ക്ഷീണമുണ്ടാക്കുമെന്നുറപ്പ്. അത് യു.ഡി.എഫിനും ബി.ജെ.പിക്കും ഗുണം ചെയ്യും. രാഹുൽ മാങ്കൂട്ടത്തിൽ വിവാദം മാറ്റിനിർത്തിയാൽ, നെല്ലറയായ പാലക്കാട്ടിലെ കർഷകരുടെ പ്രതിഷേധം പഞ്ചായത്ത് വിധിയിൽ പ്രതിഫലിച്ചേക്കും. യു.ഡി.എഫും ബി.ജെ.പിയും അതിന്റെ നേട്ടം കൊയ്യുമ്പോൾ പാലക്കാട്ട് 2020ൽ കെട്ടിപ്പൊക്കിയ ഇടതിന്റെ ‘വൻ വിജയം’ ആവർത്തിക്കില്ല.
ജില്ല പഞ്ചായത്തിലും (30 ഡിവിഷനിൽ 27) ബ്ലോക്ക് പഞ്ചായത്തിലും (13ൽ 11ഉം) ഇടതു മേൽക്കോയ്മയിൽ അൽപം കോട്ടം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അട്ടിമറികൾക്ക് സാധ്യതയില്ല. അതേസമയം, നഗരസഭകളിലും പഞ്ചായത്തുകളിലും അട്ടിമറികളുണ്ടായേക്കും. നഗരസഭകളിൽ ഏഴിൽ അഞ്ചിലും ഇടതുപക്ഷമാണ്. യു.ഡി.എഫും ബി.ജെ.പിയും ഒന്നുവീതം. പഞ്ചായത്തുകളുടെ കാര്യത്തില്‍ 88ല്‍ 65ൽ എൽ.ഡി.എഫും 23ൽ യു.ഡി.എഫുമാണ്.
ബ്ലോക്ക് പഞ്ചായത്തിൽ അട്ടപ്പാടി പുതൂരിലും പാലക്കാട്ടും മുൻതെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വാർഡുകൾ ബി.ജെ.പിക്ക് അനുകൂലമാകാനാണ് സാധ്യത. നഗരസഭയിൽ ഇടത് അടവ് നയത്തിന്റെ ഭാഗമായുണ്ടാക്കിയ പട്ടാമ്പിയിലെ ഭരണം യു.ഡി.എഫിലേക്കു ചായും. ചിറ്റൂർ-തത്തമംഗലം നഗരസഭയിലും കനത്ത മത്സരമാണ്. പാലക്കാട് നഗരസഭ ഭരിക്കുന്ന ബി.ജെ.പിക്ക് ഇത്തവണ പാർട്ടിയിലെ പടലപ്പിണക്കങ്ങൾ തിരിച്ചടിയാണ്. ഭരണം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് യു.ഡി.എഫ്. രണ്ടിടത്ത് പത്രിക തള്ളിയെങ്കിലും പ്രചാരണത്തിൽ എൽ.ഡി.എഫും പിന്നിലല്ല.
സി.പി.എം നടപടി നേരിട്ട പി.കെ. ശശി പക്ഷമെന്ന് വിശേഷിക്കപ്പെട്ട സി.പി.എം വിമത സാന്നിധ്യം മണ്ണാര്‍ക്കാടിന്റെ തെരഞ്ഞെടുപ്പ് ചിത്രം മാറ്റിമറിച്ചേക്കും. നഗരസഭയില്‍ പത്തു സീറ്റുകളിലും ബ്ലോക്ക് പഞ്ചായത്തിലേക്ക് ഒരു സീറ്റിലും ജനകീയ മതേതരമുന്നണി എന്നപേരിൽ ഒരു വിഭാഗം മത്സരരംഗത്തുണ്ട്. ജില്ലയിലെ ഏഴു പഞ്ചായത്തുകളില്‍ സി.പി.ഐ ഒറ്റക്ക് മത്സരിക്കുന്നുണ്ട്. യു.ഡി.എഫിനോട് ചേർന്ന് സേവ് സി.പി.ഐയും പലയിടങ്ങളിലും മത്സരരംഗത്തുണ്ട്. മുതലമട പഞ്ചായത്തിൽ തൂക്കുഭരണം നിയന്ത്രിച്ച രണ്ടു സ്വതന്ത്ര പ്രതിനിധികളെ കൂടെക്കൂട്ടി ഇത്തവണ ട്വന്റി-ട്വന്റി 21 വാർഡുകളിൽ മത്സരിക്കുന്നു.
എ.വി. ഗോപിനാഥിന്റെ നിലപാടിന് സ്വാധീനമുള്ള യു.ഡി.എഫ് പഞ്ചായത്തായ പെരിങ്ങോട്ടുകുറിശ്ശി, ഇടതുസഖ്യം വിട്ട് യു.ഡി.എഫിനോടടുത്ത് ഭരണം നിയന്ത്രിക്കുന്ന പട്ടാമ്പി നഗരസഭയിലെ വി ഫോർ പട്ടാമ്പി എന്നിവ തെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രങ്ങളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏഴു പഞ്ചായത്തുകൾ ആർക്കും ഭൂരിപക്ഷമില്ലാതെ ത്രിശങ്കുവിലായിരുന്നു. വെൽഫെയർ പാർട്ടി പാലക്കാട് നഗരസഭ ഉൾപ്പെടെ 45 തദ്ദേശസ്ഥാപനങ്ങളിൽ നല്ല മത്സരമാണ് കാഴ്ചവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

