കിഫ്ബി റോഡുകളിലെ ടോൾ പിരിവ് എൽ.ഡി.എഫ് ചർച്ച ചെയ്തിരുന്നു -ടി.പി. രാമകൃഷ്ണൻ
text_fieldsതിരുവനന്തപുരം: കിഫ്ബി റോഡുകളിലെ ടോൾ പിരിവ് എൽ.ഡി.എഫ് ചർച്ച ചെയ്തിരുന്നുവെന്ന് കൺവീനർ ടി.പി. രാമകൃഷ്ണൻ. വൻകിട പദ്ധതികളിൽ നിന്ന് വരുമാനം ഉണ്ടാക്കണമെന്ന് എൽ.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.
അതേസമയം, കിഫ്ബി റോഡുകളിൽ ടോൾ പിരിക്കാൻ മന്ത്രിസഭ തീരുമാനം എടുത്തിട്ടില്ലെന്നും ജനിക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ച് ഇപ്പോൾ അഭിപ്രായം പറയാനില്ലെന്നുമാണ് റവന്യൂ മന്ത്രി കെ. രാജൻ പ്രതികരിച്ചത്.
50 കോടി രൂപയോ അതിനു മുകളിലോ മുതല്‍മുടക്കുള്ള കിഫ്ബി റോഡുകളിലായിരിക്കും ടോൾ ഏർപ്പെടുത്തുക. കേരളത്തിൽ കിഫ്ബി ഏറ്റെടുത്തിട്ടുള്ള 1117 പദ്ധതികളിലെ 500 റോഡുകളില്‍ 30 ശതമാനവും 50 കോടിക്ക് മുകളില്‍ മുതല്‍മുടക്കുള്ളതാണ്. ഈ റോഡുകളിൽ നിന്ന് വരുമാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ടോള്‍ നൽകേണ്ടിവരും.
ദേശീയപാത മാതൃകയിൽ ടോള്‍ ഗേറ്റുകള്‍ സ്ഥാപിച്ച് ടോള്‍ ഈടാക്കുന്ന രീതി കിഫ്ബി നിർമിക്കുന്ന റോഡുകളിൽ ഉണ്ടാവില്ല. പകരം, കാമറകള്‍ സ്ഥാപിച്ച് ഫാസ്ടാഗ് മാതൃകയിൽ ടോള്‍ ഈടാക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനമാണ് പരിഗണനയിലുള്ളത്. അതേസമയം, 10 മുതൽ 15 കിലോമീറ്റർ വരെ ടോളിൽ ഇളവ് നൽകുന്ന കാര്യവും പരിഗണനയിലുണ്ട്.
ദേശീയപാതകളില്‍ ടോള്‍ ഈടാക്കുന്ന ദേശീയപാതാ അതോറിറ്റിയുടെ രീതിയിൽ തന്നെയാണ് സംസ്ഥാന പാതകളില്‍ നിന്ന് സർക്കാർ വരുമാനം ഉണ്ടാക്കുക. ടോൾ പിരിക്കുന്നത് സംബന്ധിച്ച് നിയമനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം കിഫ്ബിക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്‍റെ സാധ്യതാ പഠന റിപ്പോർട്ട് ഉടൻ സർക്കാറിന് സമർപ്പിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.