യു.ഡി.എഫ് അധികാരത്തിൽ കയറില്ല; പിന്നല്ലേ, ജമാഅത്തെ ഇസ്‍ലാമി ആഭ്യന്തര വകുപ്പ് ഏൽക്കുന്ന പ്രശ്നം വരുന്നത് -ടി.പി. രാമകൃഷ്ണൻ
text_fieldsകോഴിക്കോട്: ജമാഅത്തെ ഇസ്ലാമിക്കെതിരായ സി.പി.എം നേതാവ് എ.കെ ബാലന്‍റെ വിവാദ മാറാട് പരാമർശം തള്ളി എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. എ.കെ ബാലന്‍റെ അഭിപ്രായം പാർട്ടിക്കോ മുന്നണിക്കോ ഇല്ലെന്ന് രാമകൃഷ്ണൻ വ്യക്തമാക്കി.
അത്തരത്തിൽ ഒരു നിലപാട് എൽ.ഡി.എഫോ സി.പി.എമ്മോ പറഞ്ഞിട്ടില്ല. യു.ഡി.എഫ് അധികാരത്തിൽ കയറില്ല. പിന്നല്ലേ, ജമാഅത്തെ ഇസ്‍ലാമി ആഭ്യന്തര വകുപ്പ് ഏൽക്കുന്ന പ്രശ്നം വരുന്നത്. ചില കണക്കുകൂട്ടലുകളുടെ ഭാഗമായിട്ടാവും എ.കെ. ബാലൻ പറഞ്ഞിട്ടുണ്ടാവുക.
വർഗീയതക്കെതിരായ സി.പി.എം നിലപാട് ഉയർത്തിപിടിക്കുന്ന നേതാവാണ് എ.കെ. ബാലൻ. എ.കെ. ബാലന്‍റെ പരാമർശത്തിന്‍റെ വിശദാംശങ്ങൾ അറിയില്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
സി.പി.എമ്മിനെ പിന്താങ്ങിയപ്പോള്‍ ജമാഅത്തെ ഇസ്‍ലാമി ആഭ്യന്തര വകുപ്പ് ഭരിച്ചോയെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തരം ജമാഅത്തെ ഇസ്‍ലാമിക്കായിരിക്കുമെന്ന സി.പി.എം നേതാവ് എ.കെ. ബാലന്റെ പ്രസ്താവന ഗുജറാത്തില്‍ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകുമെന്ന ബി.ജെ.പി പ്രചാരണത്തിന് തുല്യമാണെന്നും നാലുപതിറ്റാണ്ട് പിന്താങ്ങിയ ജമാഅത്തെ ഇസ്‍ലാമി സി.പി.എം സര്‍ക്കാറില്‍ ആഭ്യന്തര വകുപ്പ് ഭരിച്ചോയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മുസ്‍ലിം വിരുദ്ധ വികാരം ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയിലുണ്ടാക്കി രണ്ട് സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനുള്ള സംഘ്പരിവാര്‍ തന്ത്രത്തിന് സമാനമായ കാമ്പയിനാണിത്. മനഃപൂര്‍വം വര്‍ഗീയതയുണ്ടാക്കാൻ സംഘ്പരിവാറിന്റെ അതേ ശൈലിക്ക് സി.പി.എം ശ്രമിക്കുകയാണ്. വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ എതിര്‍ത്ത സി.പി.ഐ നേതാവ് ബിനോയ് വിശ്വം, എ.കെ. ബാലന്‍ നടത്തിയ പ്രസ്താവനയെ പിന്തുണക്കുന്നുണ്ടോ? സി.പി.എം നേതാക്കള്‍ നടത്തുന്ന വിദ്വേഷ കാമ്പയിന്‍ പ്രബുദ്ധ കേരളം ചെറുത്തുതോല്‍പിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
എ.കെ ബാലന്റേത് വെള്ളാപ്പള്ളിയെ വെല്ലുന്ന പരാമർശം -ജമാഅത്തെ ഇസ്‍ലാമി
വിവാദമായ മാറാട് പരാമർശത്തിൽ എ.കെ ബാലന് മറുപടിയുമായി ജമാഅത്തെ ഇസ്ലാമി. വെള്ളാപ്പള്ളിയെ പോലും വെല്ലുന്ന പരാമർശമാണ് എ.കെ ബാലനിൽ നിന്നുണ്ടായതതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബുറഹ്മാൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
എ.കെ ബാലനെ അകത്ത് നിർത്തിയും വെള്ളാപ്പള്ളിയെ പുറത്തു നിർത്തിയും വിഷം ചീറ്റുന്ന ഇത്തരം പ്രസ്താവനകൾ അപകടകരമാണ്. പ്രബുദ്ധ കേരളം വകതിരിവോടെ ഇത് തിരിച്ചറിയും. ബാലനെ പോലുള്ളവർ കേരളത്തിലെ അഭിനവ ഗീബൽസുമാരാവുകയാണ്. ബി.ജെ.പി പോലും വിഷയം രാഷ്ട്രീയ ആയുധമാക്കാത്ത സാഹചര്യത്തിൽ സി.പി.എം ആയുധമാക്കുകയാണ്. ഇത് പഴയ മുറിവിൽ മുളക് തേക്കുന്ന അത്യന്തം അപകടവും ക്രൂരവുമായ നടപടിയാണ്. എ.കെ ബാലൻ കേരളത്തോട് മാപ്പു പറയണം.
മാറാട് കാലാപത്തിന് ശേഷം സമാധാന സന്ദേശവുമായി അങ്ങോട്ടേക്ക് ആദ്യം കടന്നുചെന്ന മുസ്‍ലിം നേതാവ് ജമാഅത്തെ ഇസ്ലാമിയുടെ അന്നത്തെ അമീർ പ്രഫ. കെ.എ സിദ്ദീഖ് ഹസനാണ്. ഒരാളെയും അങ്ങോട്ടേക്ക് കടത്തി വിടാത്ത സന്ദർഭത്തിലാണ് അദ്ദേഹം അവിടെയെത്തുകയും രണ്ട് മണിക്കൂർ ചർച്ച നടത്തുകയും ചെയ്തത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്‍റണി ഇക്കാര്യം പിന്നീട് പല അനുസ്മരണങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. വസ്തുത ഇതായിരിക്കെയാണ് ബാലനെ പോലുള്ളവരുടെ പരാമർശങ്ങൾ.
ബി.ജെ.പിക്കെതിരെയുള്ള ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ പലഘട്ടങ്ങളിലും സി.പി.എമ്മിനെ പിന്തുണച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വിജയസാധ്യതയുള്ള സ്ഥലങ്ങളിൽ ഇടതുപക്ഷത്തെയാണ് ജമാഅത്ത് പിന്തുണച്ചത്. സംഘപരിവാറിന് തടയിടുക എന്ന ഉത്തരവാദിത്വം ന്യൂനപക്ഷത്തിന്റെ തലയിൽ വെച്ച് കെട്ടുന്നതിനപ്പുറം കേരളത്തിൽ സംഘപരിവാറിന്റെ സ്വാധീനം തടയാൻ എല്ലാ മതേതര പ്രസ്ഥാനങ്ങളും ഒന്നിച്ച് നിൽക്കണം. ബി.ജെ.പിക്ക് സാധ്യതയുള്ള മണ്ഡലങ്ങളിൽ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് ജയസാധ്യതയുള്ള മതേതര പാർട്ടികൾക്കായിരിക്കും. അത് സി.പി.എം എങ്കിൽ സി.പി.എം, കോൺഗ്രസ് എങ്കിൽ കോൺഗ്രസ്-അമീർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

