തളിപ്പറമ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി നിർണയം വിവാദത്തിൽ; വിമതനീക്കവുമായി ടി.കെ. ഗോവിന്ദൻ
text_fieldsകണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി നിർണയത്തെച്ചൊല്ലി സി.പി.ഐ.എമ്മിൽ കടുത്ത ഭിന്നത. സിറ്റിങ് എംഎൽഎയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എം.വി ഗോവിന്ദന്‍റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പാണ് ഉയരുന്നത്. പാർട്ടിക്കുള്ളിലെ അതൃപ്തി മുതലെടുത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദൻ വിമത സ്ഥാനാർഥിയായി മത്സരിച്ചേക്കും.
ജില്ലാ കമ്മിറ്റി യോഗത്തിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ച് രൂക്ഷമായ എതിർപ്പ് ഉയർന്നിരുന്നു. ഇതിനു പിന്നാലെ, കഴിഞ്ഞ ഒരാഴ്ചയായി പാർട്ടി കമ്മിറ്റി യോഗങ്ങളിൽ നിന്നും ടി.കെ. ഗോവിന്ദൻ വിട്ടുനിൽക്കുകയാണ്. മണ്ഡലം കമ്മിറ്റി യോഗങ്ങളിലും ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടില്ല.
തളിപ്പറമ്പിലെ പാർട്ടി കോട്ടയായ മലപ്പട്ടം സ്വദേശിയായ ടി.കെ. ഗോവിന്ദൻ, പരിയാരം മെഡിക്കൽ കോളേജ് മുൻ ചെയർമാനും നിലവിൽ കൈത്തറി വികസന കോർപ്പറേഷൻ ചെയർമാനുമാണ്. ശ്രീകണ്ഠപുരം, മയ്യിൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
എൽ.ഡി.എഫിലെ ഈ പടലപ്പിണക്കങ്ങൾ കോൺഗ്രസ് നേതൃത്വം അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. തളിപ്പറമ്പിലെ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിൽ ധൃതി കാണിക്കേണ്ടതില്ലെന്നും, എൽഡിഎഫിലെ അസ്വസ്ഥതകൾ വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം മതിയെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

